
നാഗ്പുർ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയുടെ വിജയശിൽപികളിൽ ഒരാളായ ശ്രേയസ് അയ്യർ ആദ്യം ടീമിലുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തൽ. അവസാന നിമിഷം കാൽമുട്ടിലെ പരുക്കിനെ തുടർന്ന് വിരാട് കോലിക്ക് കളിക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് അയ്യരെ ടീമിൽ ഉൾപ്പെടുത്തിയത്. ഓപ്പണറായി യശസ്വി ജയ്സ്വാളിന് അവസരം നൽകാൻ തീരുമാനിച്ചതോടെയാണ് അയ്യരെ പുറത്തിരുത്താൻ ടീം തീരുമാനിച്ചത്. അതേസമയം, കോലിക്കു പകരം ടീമിലെത്തിയ അയ്യർ 36 പന്തിൽ 59 റൺസ് അടിച്ചുകൂട്ടി കരുത്തു കാട്ടുകയും ചെയ്തു. മത്സരശേഷം സംസാരിക്കുമ്പോൾ അയ്യർ തന്നെയാണ്, താൻ ടീമിലുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയത്.
‘‘അതൊരു രസകരമായ കഥയാണ്. കഴിഞ്ഞ ദിവസം രാത്രി ഞാൻ ഒരു സിനിമ കണ്ടു കിടക്കുകയായിരുന്നു. ഒന്നാം ഏകദിനത്തിൽ ഞാൻ ഉണ്ടാകില്ലെന്ന് തീർച്ചയായതിനാൽ സിനിമ കണ്ടുതീർത്ത് രാത്രി വൈകി കിടക്കാമെന്നാണ് കരുതിയിരുന്നത്. അതിനിടെയാണ് രാത്രി വൈകി ക്യാപ്റ്റൻ രോഹിത് ശർമ ഫോണിൽ വിളിച്ചത്. വിരാട് കോലിയുടെ കാൽമുട്ടിനു പരുക്കുള്ളതിനാൽ ഞാൻ കളിക്കണമെന്നായിരുന്നു നിർദ്ദേശം. ഇതു കേട്ടയുടനെ സിനിമ കാണുന്നത് നിർത്തി ഞാൻ നേരെ മുറിയിലേക്ക് പോയി കിടന്നുറങ്ങി’ – ശ്രേയസ് അയ്യർ വിവരിച്ചു.
അതേസമയം, ശ്രേയസ് അയ്യരെ പുറത്തിരുത്തി യശസ്വി ജയ്സ്വാളിന് അവസരം നൽകാനുള്ള നീക്കവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തെ തന്ത്രപരമായാണ് അയ്യർ നേരിട്ടത്. ‘‘ഞാൻ എന്തു മറുപടിയാണ് പറയേണ്ടതെന്ന് ഒരുപക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടാകും. തൽക്കാലം ഇതിനെ ഞാൻ ഗൗരവത്തോടെ കാണുന്നില്ല. ഈ വിജയവും നിമിഷവും ഞാൻ ആസ്വദിക്കുന്നു’ – ഇതായിരുന്നു അയ്യരുടെ മറുപടി.
യശസ്വി ജയ്സ്വാളിന് അരങ്ങേറ്റത്തിന് അവസരമൊരുക്കിയതോടെ, ഇന്ത്യയുടെ ടോപ് ഓർഡറിൽ അഴിച്ചുപണി നടത്തിയിരുന്നു. സ്ഥിരം ഓപ്പണിങ് പങ്കാളികളായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും വേർപിരിഞ്ഞതായിരുന്നു അതിൽ പ്രധാനം. രോഹിത് – ജയ്സ്വാൾ സഖ്യം ഓപ്പൺ ചെയ്തപ്പോൾ, ഗിൽ വണ്ഡൗണായി. അതേസമയം, കോലി കളിച്ചിരുന്നെങ്കിൽ ആരാകും വൺഡൗണാവുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
Shreyas Iyer 59(36) vs England First ODI 2025
19-2, Pressure?
What Pressure?
I am Shreyas Iyer 🥶
pic.twitter.com/5djznGKufF
— Zaid 🌟 (@KnightRidersfam) February 6, 2025
ഏകദിനത്തിൽ നിലവിൽ ഇന്ത്യയുടെ സ്ഥിരം നാലാം നമ്പർ ബാറ്റർ ശ്രേയസ് അയ്യരായിരുന്നു. ദീർഘകാലം ഈ സ്ഥാനത്ത് ഇന്ത്യ നേരിട്ട കനത്ത വെല്ലുവിളികൾക്കുള്ള മറുപടി കൂടിയായിരുന്ന അയ്യരുടെ വരവ്. 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തിയതിനു പിന്നിലും അയ്യരുടെ അധ്വാനമുണ്ടായിരുന്നു. ലോകകപ്പിലാകെ 66.25 ശരാശരിയിൽ 468 റൺസാണ് അയ്യർ അടിച്ചുകൂട്ടിയത്.
English Summary:
I was watching a movie: Shreyas Iyer reveals late-night call from Rohit Sharma
TAGS
Indian Cricket Team
England Cricket Team
Shreyas Iyer
Virat Kohli
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]