ഒരേ വേദിയില്‍ സംഗീതം കൊണ്ട് മായാജാലങ്ങള്‍ തീര്‍ത്ത് വിഖ്യാത ഗായകന് എഡ് ഷീരനും സംഗീത ഇതിഹാസം എ.ആര്. റഹ്മാനും. സംഗീത പര്യടനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ എഡ് ഷീരന്റെ ചെന്നൈ കണ്‍സേര്‍ട്ടിലാണ് റഹ്മാനും ഭാഗമായത്. ഷീരന്റെ എക്കാലത്തെയും ഹിറ്റായ ഷേപ്പ് ഓഫ് യു, റഹ്മാന്റെ ക്ലാസിക്ക് ഗാനമായ ഊര്‍വസി എന്നിവയുടെ മാഷപ്പ് ആരാധകര്‍ക്ക് സ്വപ്ന തുല്യമായ അനുഭവമായി.
എഡ് ഷീരന് ഷേപ്പ് ഓഫ് യു പാടിയപ്പോള്‍ കോറസിനൊപ്പം എ.ആര് റഹ്മാന് ഊര്‍വസി ആലപിച്ചു. ഇതോടെ ഇരുവരുടെയും ആരാധകരും വലിയ ആവേശത്തിലായി. പരിപാടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എഡ് ഷീരനും റഹ്മാനൊപ്പമുള്ള വീഡിയോ പങ്കുവെച്ചു.
എഡ് ഷീരന്റെ വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. എഡ് ഭായ്ക്ക് ഒരു ആധാര്‍ കാര്‍ഡ് നല്‍കണമെന്നായിരുന്നു ഒരാളുടെ ആവശ്യം. എഡിനെപ്പോലെ ഒരാള്‍ എ.ആര് റഹ്മാന് എന്ന പേര് പറയുമ്പോള്‍ അഭിമാനം തോന്നുന്നതായി മറ്റൊരു ആരാധകനും കമന്റ് ചെയ്തു.
മാത്തമാറ്റിക്സ് എന്ന പേരിലുള്ള ടൂറിന്റെ ഭാഗമായാണ് ഷീരന് ഇന്ത്യയിലെത്തിയത്. പ്രോഗ്രാമിന് മുന്‍പ് തന്നെ ഷീരന് ചെന്നൈയില്‍ വെച്ച് എ.ആര് റഹ്മാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഹ്മാന്റെ മകന് അമീനും ഇവരുടെ കൂടെ ഉണ്ടായിരുന്നു. നേരത്തെ എഡ് ഷീരന് ചെന്നൈയില്‍ വെച്ച് ഹെഡ് മസാജ് ചെയ്യിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. ജനുവരി 30ന് പുണെയില്‍ ആരംഭിച്ച എഡ് ഷീരന്റെ ഇന്ത്യന്‍ പര്യടനം ഫെബ്രുവരി പകുതിയോടെ സമാപിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]