![](https://newskerala.net/wp-content/uploads/2025/02/kozhikode-medical-college_1200x630xt-1024x538.jpg)
കോഴിക്കോട് : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് പ്രതിസന്ധിയില്‍ വൃക്കരോഗികള്‍ പ്രതിഷേധത്തിൽ. ഡയാലിസിന് ഉപയോഗിക്കുന്ന ഫ്ലൂയിഡും ഡയലൈസറും ഉള്‍പ്പെടെ പുറത്തു നിന്നും വാങ്ങേണ്ടി വന്നതോടെയാണ് ഡയാലിസിനെത്തിയ രോഗികള്‍ പ്രതിഷേധിച്ചത്. കുടിശ്ശിക കൊടുത്ത് തീര്‍ക്കാത്തതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് വിതരണക്കാര്‍ നിര്‍ത്തിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്.
ഡയാലിസിന് വേണ്ട മരുന്നുള്‍പ്പെടെയുള്ളവ മുമ്പ് സൗജന്യമായി മെഡിക്കല്‍ കോളേജില്‍ നിന്നും കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാം പുറത്തു നിന്നും വാങ്ങേണ്ട സ്ഥിതിയാണ്. ഒരു തവണ ഡയാലിസ് ചെയ്യുമ്പോഴേക്കും ആയിരം രൂപയിലധികമാണ് ചെലവാകുന്നത്. ഡയാലസിസിന് ഉപയോഗിക്കുന്ന ഡയലൈസറുള്‍പ്പെടെ പുറത്തു നിന്നും വാങ്ങാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ നിര്‍ദേശിച്ചതോടെയാണ് വൃക്കരോഗികള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിനു മുന്നില്‍ പ്രതിഷേധവുമായി സംഘടിച്ചത്.
80 കോടി രൂപയിലധികം കുടിശ്ശികയായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും വിതരണം ചെയ്യുന്നത് വിതരണക്കാര്‍ നിര്‍ത്തി വെച്ചിട്ട് ഒന്നര മാസം പിന്നിട്ടു. സര്‍ക്കാരിന്റെ വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികളിലുള്പ്പെട്ടെ 3,700 ലധികം ആളുകളാണ് പ്രതിമാസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പ്രതിമാസം സൗജന്യമായി ഡയാലിസ് ചെയ്യുന്നത്. ഇവരെല്ലാം ഇപ്പോള്‍ പണം മുടക്കി ഡയാലിസിസ് ചെയ്യേണ്ട സ്ഥിതിയാണുള്ളത്. തൽക്കാലത്തേക്ക് പ്രതിസന്ധി മറികടക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഡയാലിസിന് വേണ്ട മരുന്നുള്‍പ്പെടെയുള്ള സാമഗ്രികള്‍ എത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]