
ഹൽദ്വാനി ∙ ഇന്ദിരാഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ മുഴങ്ങിയതു കേരള ഫുട്ബോളിന്റെ ആരവം. ദേശീയ ഗെയിംസ് പുരുഷ ഫുട്ബോളിന്റെ സെമിയിൽ, കിക്കോഫ് മുതൽ വിജയത്തിനു വേണ്ടി വാശിയോടെ പോരാടിയ കേരളത്തിന്റെ കുട്ടികൾക്കു മുന്നിൽ അസം തോറ്റു മടങ്ങി; കേരളം ഫൈനലിൽ. സെമിയിൽ പെനൽറ്റി ഷൂട്ടൗട്ടിലാണു കേരളത്തിന്റെ ജയം (3–2). വൻമതിൽ പോലെ ഉറച്ച കേരള പ്രതിരോധവും ഗോൾകീപ്പർ ടി.വി. അൽകേഷ് രാജുമാണ് അസമിന്റെ മുന്നേറ്റത്തെ തടഞ്ഞത്.
പെനൽറ്റി ഷൂട്ടൗട്ടിൽ അസം താരങ്ങളുടെ 2 കിക്കുകൾ തടഞ്ഞിട്ട അൽകേഷ് തന്നെ കളിയിലെ ഹീറോ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ നേടിയില്ല. ഉത്തരാഖണ്ഡാണ് നാളെ ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ.
അസമിനെ ഗോളടിക്കാതെ തടയുകയെന്നതായിരുന്നു ആദ്യ പകുതിയിൽ കേരള കോച്ച് എം. ഷഫീഖ് ഹസന്റെ തന്ത്രം. രണ്ടാം പകുതിയിൽ കേരളം ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആരും ഗോളടിക്കാതെ മുഴുവൻ സമയം തീർന്നു. ദേശീയ ഗെയിംസ് ഫുട്ബോൾ മത്സരങ്ങളിൽ എക്സ്ട്രാ ടൈമില്ലാത്തതിനാൽ ഉജ്വല ഫോമിലുള്ള ഗോൾകീപ്പർ അൽകേഷ് രാജിന്റെ കൈകളെ വിശ്വസിച്ചു കേരളം നേരിട്ടു ഷൂട്ടൗട്ടിന് ഇറങ്ങി.
വിശ്വാസം തെറ്റിയില്ല. അസം ക്യാപ്റ്റൻ പ്രഗ്യാൻ ഗൊഗോയിയുടെ ആദ്യ കിക്ക് വലത്തേക്കു ചാടി തടഞ്ഞിട്ട അൽകേഷ് മൂന്നാം കിക്കും തടുത്തിട്ടു. അസമിന്റെ രണ്ടാം കിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. എന്നാൽ ഈ അവസരം മുതലെടുക്കുന്നതിൽ കേരള താരങ്ങളും പരാജയപ്പെട്ടു. ബിജേഷ് ടി. ബാലൻ അഞ്ചാം കിക്ക് എടുക്കാനെത്തുമ്പോൾ സ്കോർ 2–2. പോസ്റ്റിന്റെ വലതുവശം ലക്ഷ്യം വച്ച ബിജേഷിന്റെ ഷോട്ടിൽ ഗോൾവല വിറച്ചപ്പോൾ സ്കോർ 3–2; ഹൽദ്വാനിയിൽ കേരള ഫുട്ബോളിന്റെ ആഹ്ലാദ മഴ. ബിജേഷിനു പുറമേ ക്യാപ്റ്റൻ അജയ് അലക്സ്, സച്ചിൻ സുനിൽ എന്നിവരാണ് കേരളത്തിനായി ലക്ഷ്യം കണ്ടത്.
2022ലെ ഗെയിംസിലെ വെള്ളി മെഡലാണ് പുരുഷ ഫുട്ബോളിൽ ഇതിനു മുൻപുള്ള കേരളത്തിന്റെ നേട്ടം. 1997ലെ ഗെയിംസിലാണു കേരളം അവസാനമായി ഫുട്ബോൾ സ്വർണം നേടുന്നത്. സെമിയിൽ പെനൽറ്റി ഷൂട്ടൗട്ടിൽ (5–3) ഡൽഹിയിലെ തോൽപിച്ചാണ് ആതിഥേയരായ ഉത്തരാഖണ്ഡാണ് ഫൈനലിലെത്തിയത്.
English Summary:
National Games: Kerala’s victory secures a place in the National Games football final. A penalty shootout win against Assam sets up a clash with Uttarakhand tomorrow.
TAGS
Kerala football Team
Assam
Uttarakhand
Sports
Malayalam News
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]