![](https://newskerala.net/wp-content/uploads/2025/02/a.1738807040.jpg)
ദുബായ്: ഇംഗ്ലണ്ടിനെതിരെ നേടിയ വെടിക്കെട്ട് സെഞ്ച്വറിയുടെ പിൻബലത്തിൽ ഐ.സി.സിയുടെ ട്വന്റി-20 ബാറ്റർമാരുടെ പുതിയ റാങ്കിംഗിൽ 38 സ്ഥാനം മുകളിലേക്ക് കയറി രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ. വാങ്കഡെ വേദിയായ അഞ്ചാം മത്സരത്തിൽ ഒരിന്ത്യൻ താരത്തിന്റെ അന്താരാഷ്ട്ര ട്വന്റി -20യിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കാഡ് കുറിച്ച് 54 പന്തിൽ 135 റൺസാണ് നേടിയത്. ഒന്നാം സ്ഥാനത്ത് തുടരുന്ന ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡുമായി 26 റേറ്റിംഗ് പോയിന്റിന്റെ വ്യത്യാസം മാത്രമാണ ്അഭിഷേകിനുള്ളത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മറ്റൊരന്ത്യൻ ബാറ്റർ തിലക് വർമ്മയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അഭിഷേക് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. ഒരു സ്ഥാനം താഴോട്ടിറങ്ങിയെങ്കിലും ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവും (അഞ്ച്) ആദ്യ അഞ്ചിലുണ്ട്. പരമ്പരയിലെ എല്ലാമത്സരങ്ങളിലും കളിച്ചെങ്കിലും തിളങ്ങാനാകാതെ പോയ മലയാളിതാരം സഞ്ജു സാംസൺ അഞ്ച് സ്ഥാനം താഴോട്ടിറങ്ങി 35-ാമതായി.
ബൗളർമാരിൽ ഇംഗ്ലണ്ടിനെതിരെ നിറഞ്ഞാടിയ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി 3 സ്ഥാനം മുകളിലോട്ട് കയറി രണ്ടാം സ്ഥാനത്തായി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ടിന്റെ ആദിൽ റഷീദ് ഒന്നാം സ്ഥാനത്ത് നിന്നും താഴേക്കിറങ്ങി വരുണിനൊപ്പം രണ്ടാം സ്ഥാനത്തായി. വെസ്റ്റിൻഡീസിന്റെ അകേൻ ഹൊസൈനാണ് ഒന്നാം സ്ഥാനത്ത്. മറ്റൊരു ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയി 4 സ്ഥാനം മുകളിലോട്ട് കയറി ആറാമതെത്തി.
ഓൾറൗണ്ടർമാരിൽ ഹാർദിക് പാണ്ഡ്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.