തിരുവനന്തപുരം: ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്ന് ഒഴിവാക്കപ്പെട്ട സംഭവത്തിൽ സഞ്ജു സാംസണെ പിന്തുണച്ച് ചാനൽ ചർച്ചയിൽ സംസാരിച്ച മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിനെതിരെ കാരണം കാണിക്കൽ നോട്ടീസയച്ച് കേരളാ ക്രിക്കറ്റ് അസോസിയിഷൻ. കേരളാ ക്രിക്കറ്റ് ലീഗിലെ (കെ.സി.എൽ) കൊല്ലം സെയ്ലേഴ്സ് ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കെ.സി.എയുമായുള്ള കാരാർ ലംഘിച്ചെന്ന് കാണിച്ചാണ് നോട്ടീസയച്ചിരിക്കുന്നത്. നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ നോട്ടീസ് കിട്ടി ഒരാഴ്ചയ്ക്കകം ശ്രീശാന്ത് മറുപടി നൽകണം.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനാലാണ് സഞ്ജുവിന് ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടംലഭിക്കാതിരുന്നതെന്ന തരത്തിൽ വലിയ വിവാദമുയർന്നിരുന്നു. കെ.സി.എ ഭാരവാഹികൾ മനപൂർവം വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിൽ നിന്ന് സഞ്ജുവിനെ തഴഞ്ഞെന്ന തരത്തിലായിരുന്നു തർക്കങ്ങൾ. വിവാദം പുകയുന്നതിനിടെ സഞ്ജുവിനെ ക്രൂശിക്കരുതെന്നും അദ്ദേഹം കേരളത്തിൽ നിന്നുള്ള ഒരേയൊരു രാജ്യാന്തര താരണമാണെന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടിരുന്നു.
ഇതോടൊപ്പം കെ.സി.എല്ലിലെ ആലപ്പി ടീമിന്റെ മീഡിയ മാനേജർ സായ് കൃഷ്ണയ്ക്കെതിരെയു സമാനമായ പരാമർശത്തിന് കെ.സി.എ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് വിവരം.