വ്യാപക വിമർശനം
വാഷിംഗ്ടൺ: യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയെ ഏറ്റെടുക്കുമെന്നും പാലസ്തീനികളെ അവിടെനിന്ന് മാറ്റി പുനഃരധിവസിപ്പിക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പിന്നാലെ ഇതിനെതിരെ വ്യാപക വിമർശനമുയർന്നു. ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പരാമർശം. ‘ഗാസ മുനമ്പ് യു.എസ് ഏറ്റെടുക്കും. അവിടെ പൊട്ടിത്തെറിക്കാതെ കിടക്കുന്ന ബോംബുകൾ നിർവീര്യമാക്കും. ആയുധങ്ങൾ ഇല്ലാതാക്കും. കെട്ടിടാവശിഷ്ടങ്ങൾ നീക്കി മനോഹരമാക്കും. മിഡിൽ ഈസ്റ്റിലെ കടൽത്തീര സുഖവാസ മേഖലയാക്കി ഗാസയെ മാറ്റും” – നെതന്യാഹുവുമൊത്തുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
പ്രഖ്യാപനത്തെ നെതന്യാഹു പ്രശംസിച്ചു. അധികാരമേറ്റ ശേഷം ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ആദ്യ വിദേശ നേതാവാണ് നെതന്യാഹു. അതേസമയം, ട്രംപിന്റെ പരാമർശത്തെ വിവിധ രാജ്യങ്ങൾ അപലപിച്ചു. ഞങ്ങളുടെ മണ്ണിൽ നിന്ന് എവിടെയും പോകില്ലെന്ന് ഗാസയിലെ ജനങ്ങൾ പ്രതികരിച്ചു. ഗാസയിൽ രണ്ടാം ഘട്ട വെടിനിറുത്തലിനുള്ള ചർച്ചകൾ തുടങ്ങിയതിന് പിന്നാലെയാണ് വിവാദം. ജനുവരി 19നാണ് ഗാസയിൽ ആറാഴ്ചത്തെ ആദ്യ ഘട്ട വെടിനിറുത്തൽ നടപ്പാക്കിയത്.
പുനർനിർമ്മിക്കും
(ട്രംപിന്റെ പദ്ധതി)
ഗാസ ഏറ്റെടുത്ത് പുനർനിർമ്മിക്കും. സാമ്പത്തിക വികസനം സൃഷ്ടിക്കും. ജനങ്ങൾക്ക് തൊഴിലവസരങ്ങളും വീടുകളും നൽകും
ഇതിനായി പാലസ്തീനികളെ പുനരധിവസിപ്പിക്കണം. ഈജിപ്റ്റ്, ജോർദ്ദാൻ തുടങ്ങിയ അറബ് രാജ്യങ്ങൾ പാലസ്തീനികളെ ഏറ്റെടുക്കണമെന്നാണ് ട്രംപിന്റെ നിലപാട്
അന്താരാഷ്ട്ര സമൂഹങ്ങൾക്ക് ഐക്യത്തോടെ ജീവിക്കാൻ കഴിയുന്ന റിസോർട്ട് നിർമ്മിക്കും
ഗാസയുടെ സുരക്ഷയ്ക്ക് യു.എസ് സൈന്യത്തെ അയയ്ക്കാൻ തയ്യാർ
ദീർഘകാല ഉടമസ്ഥാവകാശ നിലപാടാണ് ഉദ്ദേശിക്കുന്നതെന്ന് ട്രംപ്.
കൂടുതൽ വിശദാംശങ്ങൾ പറഞ്ഞിട്ടില്ല. എങ്ങനെ, ഏത് അധികാരത്തിന്റെ കീഴിലാണ് ഏറ്റെടുക്കൽ എന്ന് വ്യക്തമല്ല.
# അസംബന്ധമെന്ന് ഹമാസ്
ട്രംപിന്റെ പദ്ധതി അസംബന്ധം. പ്രശ്നമുണ്ടാക്കാനുള്ള ശ്രമം – ഹമാസ്
പാലസ്തീനികളെ മാറ്റില്ല – പാലസ്തീനിയൻ അതോറിട്ടി
പാലസ്തീനികൾ ജീവിക്കേണ്ടത് അവരുടെ മണ്ണിൽ – യു.കെ
ജനങ്ങളെ മാറ്റാതെ ഗാസയെ പുനർനിർമ്മിക്കണം – ഈജിപ്റ്റ്
പാലസ്തീനികളെ ബലമായി മാറ്റുന്നത് എതിർക്കുന്നു – ചൈന
നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനം. മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തും – ഫ്രാൻസ്
ഗാസ പാലസ്തീനികളുടേത്. അവർ കഴിയേണ്ടതും അവിടെ – റഷ്യ
# തള്ളി സൗദി
പാലസ്തീനികളെ ഗാസയിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങളെ എതിർക്കുമെന്നും പാലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാതെ ഇസ്രയേലുമായി ബന്ധമില്ലെന്നും സൗദി അറേബ്യ പ്രതികരിച്ചു. ഇസ്രയേൽ-സൗദി ബന്ധം സാധാരണ നിലയിലാക്കാനുള്ള യു.എസിന്റെ മദ്ധ്യസ്ഥ ശ്രമങ്ങളെ ട്രംപിന്റെ പ്രഖ്യാപനം തടസപ്പെടുത്തിയേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗാസയിൽ;
അവശിഷ്ടങ്ങൾ – 5 കോടി ടൺ
നീക്കാൻ വേണ്ടത് – 21 വർഷം
ചെലവ് – 120 കോടി ഡോളർ
(യു.എന്നിന്റെ വിലയിരുത്തൽ)