പത്തനംതിട്ട: വിവാഹസംഘത്തെ അനാവശ്യമായി മർദ്ദിച്ച സംഭവത്തിൽ സ്ഥലംമാറ്റിയ പത്തനംതിട്ട എസ് ഐ എസ്.ജിനുവിന് സസ്പെൻഷൻ. എസ്.ഐയെയും രണ്ട് പൊലീസുകാരെയുമാണ് ഡിഐജി അജിത ബീഗം സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഐജിയ്ക്ക് നൽകിയിരുന്നു. നേരത്തെ എസ്.ഐയെ എസ്.പി ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പത്തനംതിട്ട അബാൻ ജംഗ്ഷനിൽ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിന് പോയശേഷം കോട്ടയം സ്വദേശികൾ പോകും വഴി വഴിയിൽ നിർത്തിയിരുന്നു. കൂട്ടത്തിലെ കുട്ടികൾക്ക് മൂത്രമൊഴിക്കാനാണ് നിർത്തിയത്. ഈ സമയം 20ഓളം പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിനിടെ എസ്ഐയും സംഘവും സ്ഥലത്തെത്തി ലാത്തിചാർജ്ജ് നടത്തി. മുണ്ടക്കയം സ്വദേശിനി സിത്താര, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവർക്ക് പൊലീസ് മർദ്ദനമേറ്റു. ഇതിനിടെ വാഹനത്തിന് പുറത്തുനിന്നവരെയും മർദ്ദിച്ചു.ശേഷം പൊലീസ് സംഘം പോയി.
പൊലീസ് മർദ്ദനമേറ്റവർ സ്വന്തം വാഹനത്തിലാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ബാറിനുമുന്നിൽ ചിലർ പ്രശ്നമുണ്ടാക്കി എന്ന അറിയിപ്പ് ലഭിച്ചതോടെയാണ് പൊലീസ് എത്തി ലാത്തിചാർജ് ചെയ്തത്. എന്നാൽ പ്രശ്നക്കാർ ആരെന്നുപോലും പൊലീസ് അന്വേഷിച്ചില്ല. ഓടെടാ എന്ന് പറഞ്ഞ് ഓടിച്ചിട്ട് അടിച്ചതായി കോട്ടയം സ്വദേശികൾ മൊഴിനൽകി. തുടർന്ന് എസ്ഐയ്ക്കും മറ്റ് പൊലീസുകാർക്കും എതിരെ കേസെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]