മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുടെ ഭാവിയെക്കുറിച്ച് ബിസിസിഐ ചിന്തിക്കുന്നതായി റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫി പരമ്പരയ്ക്ക് ശേഷം ഭാവി പദ്ധതികളെന്തെന്ന് വ്യക്തമാക്കണമെന്ന് ബിസിസിഐ താരത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ രോഹിത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കും എന്ന അഭ്യൂഹത്തിന് ശക്തികൂടി.
കഴിഞ്ഞവർഷം ട്വന്റി20 ലോകകപ്പ് ഇന്ത്യ വിജയിച്ച ശേഷം രോഹിത്ത് ട്വന്റി20യിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ താരം തുടർന്നെങ്കിലും ഫോമില്ലായ്മ വലിയ വില്ലനായി. ഇന്ത്യയുടെ അഭിമാന പോരാട്ടമായ ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ കൈവിട്ടതോടെ രോഹിത്ത് വിരമിക്കണം എന്ന് ആരാധകർ ആവശ്യപ്പെട്ടുതുടങ്ങി. ഇതിനിടെ തന്റെ ഫോം വീണ്ടെടുക്കാൻ മറ്റ് മുതിർന്ന താരങ്ങളായ വിരാട് കൊഹ്ലി, രവീന്ദ്ര ജഡേജ എന്നിവർക്കെല്ലാം ഒപ്പം രഞ്ജിയിൽ രോഹിത്ത് കളിച്ചെങ്കിലും അവിടെയും തിളങ്ങാൻ കഴിഞ്ഞില്ല.
2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ 2027 ലോകകപ്പിലേക്ക് ഇന്ത്യൻ ടീമിനെ തയ്യാറാക്കാൻ രോഹിത്തിനോട് ബിസിസിഐ അഭ്യർത്ഥിച്ചിരുന്നു. അടുത്ത ഏകദിന ലോകകപ്പിൽ സ്ഥിരതയാർന്ന പ്രകടനമുള്ള നായകനെയാണ് ഇന്ത്യ തേടുന്നത്. ഇക്കാര്യത്തിൽ രോഹിത്തിന്റെ അഭിപ്രായമാണ് ബിസിസിഐ നേതൃത്വം തേടുന്നത്. നാളെ ആരംഭിക്കുന്ന ഇംഗ്ളണ്ട് പരമ്പരയിലും ചാമ്പ്യൻസ് ട്രോഫിയിലും രോഹിത്തിന് തിളങ്ങാനായില്ലെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനം പ്രതിസന്ധിയിലാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെസ്റ്റിൽ രോഹിത്തിന് പകരക്കാരനായി ബുംറ നായകസ്ഥാനത്തെത്താൻ സാദ്ധ്യത ഏറെ കൂടുതലാണ്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ബുംറയുടെ ക്യാപ്റ്റൻസിയിലാണ് ജയിച്ചത്. എന്നാൽ പരമ്പരയിലെ അവസാന മത്സരത്തിൽ പരിക്കിന്റെ ഭീഷണി ഉണ്ടായതോടെ താരത്തിന്റെ ഫിറ്റ്നസിനെക്കുറിച്ചും ആശങ്കയുണ്ട്. ശുഭ്മാൻ ഗില്ലാണ് ശേഷമുള്ള ഇന്ത്യയുടെ അടുത്ത പരിഗണനയിലുള്ള താരം. എന്നാൽ 25കാരനായ താരത്തിന് ഫോം നഷ്ടം വില്ലനാണ്. പകരം പരിഗണിക്കാവുന്നത് ഋഷഭ് പന്തിനെയാണ്. ഭാവി നായകസ്ഥാനത്തേക്ക് പന്തിനൊപ്പം യശസ്വി ജയ്സ്വാളിനെയും ബിസിസിഐ പരിഗണിച്ചേക്കും.