104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി അമേരിക്കയുടെ സി-17 സൈനിക വിമാനം അമൃത്സറിൽ എത്തിയിരിക്കുകയാണ്. അനധികൃത കുടിയേറ്റം തടയാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരെ തിരിച്ചയച്ചത്. കുടിയേറ്റം തടയാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾ ലോകശ്രദ്ധ നേടുന്നതിനോടൊപ്പം കുടിയേറ്റക്കാരെ എന്തുകൊണ്ട് സൈനിക വിമാനങ്ങളിൽ ഒഴിപ്പിക്കുന്നുവെന്നതിൽ ചോദ്യങ്ങളും ഉയരുന്നുണ്ട്.
ജനുവരി 20 ന് അധികാരമേറ്റപ്പോൾ ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു. അതിർത്തി സുരക്ഷിതമാക്കുന്നതിൽ സഹായിക്കാൻ യുഎസ് സൈന്യത്തെ അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവായിരുന്നു അത്. 5,000ത്തിലധികം “നിയമവിരുദ്ധരായ വിദേശികളെ” നാടുകടത്തുന്നതിൽ ആഭ്യന്തര സുരക്ഷാ വകുപ്പിനെ സഹായിക്കുന്നതിനായി പ്രതിരോധ വകുപ്പ് “മിലിട്ടറി എയർലിഫ്റ്റ്” അനുവദിക്കുമെന്ന് അന്നത്തെ ആക്ടിംഗ് പ്രതിരോധ സെക്രട്ടറി റോബർട്ട് സാലെസ്സസ് ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റം അടിച്ചമർത്തുമെന്ന പ്രതീകാത്മക സന്ദേശം നൽകുന്നതിന് കൂടിയാണ് കുടിയേറ്റക്കാരെ നാടുകടത്താൻ അമേരിക്ക സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത്.
കുടിയേറ്റക്കാരെ കൊണ്ട് പോകുന്ന സി-17 വ്യോമസേന വിമാനത്തിന്റെ ചിത്രങ്ങൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. “പ്രസിഡന്റ് ട്രംപ് മുഴുവൻ ലോകത്തിനും ശക്തവും വ്യക്തവുമായ ഒരു സന്ദേശം നൽകുകയാണ്. നിങ്ങൾ നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ചാൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും” എന്നായിരുന്നു ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയത്.
ഇതുവരെ ആറ് സൈനിക വിമാനങ്ങളാണ് കുടിയൊഴിപ്പിക്കലിനായി ഉപയോഗിച്ചത്. സൈനിക വിമാനങ്ങളോടൊപ്പം തന്നെ ഡസൻ കണക്കിന് സൈനികേതര വിമാനങ്ങളും കുടിയേറ്റക്കാരുമായി അനേകം രാജ്യങ്ങളിലേയ്ക്ക് പോകുന്നുണ്ട്. എന്നാൽ യുഎസ് കസ്റ്റംസ് ആന്റ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊമേഴ്ഷ്യൽ ചാർട്ടറുകൾ കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ അത്രയധികം ഉപയോഗിക്കുന്നില്ല.
ഗ്വാട്ടിമാലയിലേയ്ക്ക് കുടിയേറ്റക്കാരെ ഒഴിപ്പിച്ചതിൽ ഓരോ യാത്രക്കാരനും 4675 ഡോളറായിരുന്നു ചെലവ്. ഇതേ റൂട്ടിൽ ഒരു അമേരിക്കൻ എയർലൈനിൽ ഫസ്റ്റ് ക്ളാസ് ടിക്കറ്റിനാവുന്ന നിരക്കിനേക്കാൾ അഞ്ചിരട്ടിയാണിത്. ഇതേ റൂട്ടിൽ 853 ഡോളറാണ് ടിക്കറ്റ് നിരക്ക്. ചാർട്ടേഡ് വിമാനങ്ങളിൽ ഒരു യാത്രക്കാരന് 630 ഡോളറാണ് ടിക്കറ്റ് നിരക്ക്.
ഒരു സി-17 സൈനിക വിമാനം ഒരു മണിക്കൂർ പറക്കുന്നതിന് 28,500 ഡോളറാണ് ചെലവെന്നാണ് യുഎസ് അധികൃതർ വ്യക്തമാക്കുന്നത്. ഗ്വാട്ടിമാലയിലേയ്ക്കും തിരിച്ചും പറക്കുന്നതിന് ഏകദേശം പത്ത് മണിക്കൂറാണ് വേണ്ടിവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുടിയേറ്റക്കാരെ നാടുകടത്താൻ അമേരിക്ക സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത്, കമ്മ്യൂണിസത്തെ പരാജയപ്പെടുത്തുന്നതിന്റെ പേരിൽ വിപ്ലവ പ്രസ്ഥാനങ്ങളെ അടിച്ചമർത്താൻ ലാറ്റിൻ അമേരിക്കയിൽ അമേരിക്ക രഹസ്യ സൈനിക പ്രവർത്തനങ്ങൾ നടത്തിയ കാലത്തെ ഓർമ്മിപ്പിക്കുന്നുവെന്നാണ് പല ലോകനേതാക്കളും വിലയിരുത്തുന്നത്.
വിമാനത്തിനുള്ളിൽ കുടിയേറ്റക്കാരോടുള്ള പെരുമാറ്റത്തിലും ലാറ്റിനമേരിക്കൻ നേതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കൈവിലങ്ങുകൾ അണിയിച്ച്, ചങ്ങലകളാൽ ബന്ധിക്കപ്പെട്ട കുടിയേറ്റക്കാരുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. നാടുകടത്തപ്പെട്ടവരെ, കൊലപാതകികൾ, ഗുണ്ടാസംഘാംഗങ്ങൾ, മയക്കുമരുന്ന് രാജാക്കന്മാർ എന്നിങ്ങനെ ട്രംപ് വിശേഷിപ്പിച്ചതിലും പല നേതാക്കന്മാരും എതിർപ്പ് പ്രകടിപ്പിച്ചു. കുടിയേറ്റക്കാരോടുള്ള സമീപനത്തിൽ മെക്സിക്കോ, ബ്രസീൽ, ഗ്വാട്ടിമാല തുടങ്ങിയ രാജ്യങ്ങൾ പരാതി ഉന്നയിക്കുകയും ചെയ്തു.
കൂടുതലും പഞ്ചാബുകാരായ ഇന്ത്യക്കാരാണ് അമേരിക്കയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടത്. ഇവർ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയശേഷമേ വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വിടുകയുള്ളൂ. രേഖകളില്ലാത്തതിനാൽ പിടിയിലായ ഇവരെ ടെക്സാസിലെ എൽ പാസോയിലും കാലിഫോർണിയയിലെ സാൻ ഡീഗോയിലും തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. 2023 ഒക്ടോബറിനും 2024 സെപ്തംബറിനും ഇടയിൽ 1,100-ലധികം അനധികൃത ഇന്ത്യക്കാരെ നാടുകടത്തിയെന്നാണ് യുഎസ് പറയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ 100 ഇന്ത്യക്കാരുമായി ചാർട്ടർ വിമാനം എത്തിയിരുന്നു.
യുഎസിൽ രേഖകളില്ലാതെ തങ്ങുന്ന എല്ലാ ഇന്ത്യക്കാരെയും പൗരത്വം സ്ഥിരീകരിച്ചശേഷം തിരിച്ചു കൊണ്ടുവരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കാരായ 18,000 ത്തോളം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ കണക്കുകൾ. യഥാർത്ഥത്തിൽ ഇതിലുമേറെ ആളുകൾ ഉണ്ടാവാമെന്നാണ് സൂചന.