സൂറത്ത്: ഭക്ഷണം തികയാതെ വന്നതോടെ വിവാഹത്തിൽ നിന്ന് പിൻമാറി വരന്റെ ബന്ധുക്കൾ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഫെബ്രുവരി രണ്ടിന് സൂറത്തിലെ വരാച്ച പ്രദേശത്ത് വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങുകളിൽ ഭൂരിഭാഗവും കഴിഞ്ഞിട്ടും അതിഥികൾക്ക് ഭക്ഷണം തികഞ്ഞില്ല എന്നതിന്റെ പേരിൽ വരന്റെ ബന്ധുക്കൾ വിവാഹത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
എന്നാൽ, വരൻ പ്രമോദ് മഹ്തോ വിവാഹത്തിൽ നിന്ന് പിൻമറാൻ തയ്യാറായിരുന്നില്ല. തുടർന്ന് വധു അഞ്ജലി കുമാരിയുടെ ബന്ധുക്കളും പ്രമോദും സമീപത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ വരന്റെ ബന്ധുക്കളെ വിളിച്ചുവരുത്തി വിവാഹ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടു. ഏറെ സമയമെടുത്താണ് ഇവരെ പറഞ്ഞ് മനസിലാക്കിയത്. ശേഷം, ഫെബ്രുവരി മൂന്നിന് പുലർച്ചെ 4.30നാണ് പ്രമോദും അഞ്ജലിയും പരസ്പരം മാല അണിയിച്ച് വിവാഹിതരായി. കുടുംബങ്ങൾ തമ്മിൽ വഴക്കുണ്ടാകാതിരിക്കാൻ സ്റ്റേഷനിൽ വച്ച് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു വിവാഹം.
‘മിക്ക ചടങ്ങുകളും പൂർത്തിയായി. മാല കൈമാറുന്ന ചടങ്ങ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഭക്ഷണം തികയാതെ വന്നതുകാരണം വരന്റെ ബന്ധുക്കളാണ് വിവാഹത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചത്. പ്രമോദ് വീട്ടുകാരെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും അവർ തീരുമാനത്തിൽ നിന്ന് പിൻമാറിയില്ല. ഒടുവിൽ ഞങ്ങളുടെ മദ്ധ്യസ്ഥതയിലാണ് വിവാഹം നടന്നത്. ഹാളിലേക്ക് മടക്കി അയച്ചാൽ വീണ്ടും സംഘർഷമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സ്റ്റേഷനിൽ വച്ചായിരുന്നു ചടങ്ങുകൾ പൂർത്തിയാക്കിയത് ‘, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അലോക് കുമാർ എൻഡിടിവിയോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]