ലോസ് ആഞ്ചലസ്: 67 -ാമത് ഗ്രാമി അവാർഡ്സിൽ ചരിത്രനേട്ടം സ്വന്തമാക്കി അമേരിക്കൻ ഗായിക ബിയോൺസെ. ആൽബം ഒഫ് ദ ഇയർ ബിയോൺസെയുടെ ‘കൗബോയ് കാർട്ടർ” സ്വന്തമാക്കി. ആദ്യമായാണ് ബിയോൺസെ ആൽബം ഒഫ് ദ ഇയർ ഗ്രാമി നേടുന്നത്. മുമ്പ് അഞ്ച് തവണ വിഭാഗത്തിൽ നോമിനേഷൻ ലഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഇത്തവണ മികച്ച കൺട്രി ആൽബം, മികച്ച കൺട്രി ഡുവോ/ഗ്രൂപ്പ് പെർഫോമൻസ് വിഭാഗങ്ങളിലും ബിയോൺസെ പുരസ്കാരം നേടി. മികച്ച കൺട്രി ആൽബത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോൺസെ. കൗബോയ് കാർട്ടറിന് തന്നെയാണ് അംഗീകാരം. മികച്ച കൺട്രി ഡുവോ/ഗ്രൂപ്പ് പെർഫോമൻസിൽ മൈലി സൈറസും ബിയോൺസെയ്ക്കൊപ്പം പുരസ്കാരം പങ്കിട്ടു.
1999ന് ശേഷം ആൽബം ഒഫ് ദ ഇയർ ഗ്രാമി നേടിയ ആദ്യ കറുത്ത വംശജയും ബിയോൺസെയാണ്. ഇതുവരെ 99 ഗ്രാമി നോമിനേഷനുകൾ നേടിയ ബിയോൺസെ ഇതിൽ 35 പുരസ്കാരങ്ങൾ നേടി. ഏറ്റവുമധികം ഗ്രാമി നേടിയ വ്യക്തി എന്ന ബഹുമതി 2023ൽ ബിയോൺസെയെ തേടിയെത്തി. ഗായിക എന്നതിലുപരി എഴുത്തുകാരി, നടി, നർത്തകി തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് 43 കാരിയായ ബിയോൺസെ.
റാപ്പർ കെൻഡ്രിക് ലാമറിന്റെ ‘നോട്ട് ലൈക്ക് അസ് ” റെക്കോഡ് ഒഫ് ദ ഇയർ, സോംഗ് ഒഫ് ദ ഇയർ, ബെസ്റ്റ് റാപ് പെർഫോമൻസ്, ബെസ്റ്റ് റാപ് സോംഗ്, ബെസ്റ്റ് മ്യൂസിക് വീഡിയോ എന്നീ അഞ്ച് ഗ്രാമികൾ നേടി.
മറ്റ് പുരസ്കാരങ്ങൾ:
പുതുമുഖം – ചാപ്പൽ റോവാൻ, പോപ് സോളോ പെർഫോമൻസ് – സബ്രിന കാർപെന്റർ, പോപ് വോക്കൽ ആൽബം – ഷോർട്ട് ആൻഡ് സ്വീറ്റ് (സബ്രിന കാർപെന്റർ), റോക്ക് പെർഫോമൻസ് – ദ ബീറ്റിൽസ് (നൗ ആൻഡ് ദെൻ), റോക്ക് സോംഗ് – ആനീ ക്ലാർക്ക് (ബ്രോക്കൻ മാൻ), റോക്ക് ആൽബം – ഹാക്ക്നി ഡയമണ്ട്സ് (ദ റോളിംഗ് സ്റ്റോൺസ്), ലാറ്റിൻ പോപ് ആൽബം – ഷക്കീറ (ലാസ് മുജെറസ് യാ നോ ലോറാൻ), പോപ് ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ് – ലേഡി ഗാഗ, ബ്രൂണോ മാർസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യൻ തിളക്കം
‘ത്രിവേണി” മികച്ച ന്യൂ ഏജ് ആൽബമായി. ഇന്ത്യൻ-അമേരിക്കൻ സംഗീതജ്ഞയും സംരംഭകയുമായ ചന്ദ്രിക ടണ്ടൻ, വുതർ കെല്ലർമാൻ (ദക്ഷിണാഫ്രിക്ക), എരു മാറ്റ്സുമോട്ടോ (ജപ്പാൻ) എന്നിവരുമായി ചേർന്നൊരുക്കിയ ആൽബമാണിത്. പെപ്സികോ മുൻ സി.ഇ.ഒ ഇന്ദ്രാ നൂയിയുടെ സഹോദരിയാണ് ചന്ദ്രിക.
വിവാദം
നഗ്നതാ പ്രദർശനത്തിലൂടെ വിവാദം സൃഷ്ടിച്ച് അമേരിക്കൻ ഗായകൻ കാന്യേ വെസ്റ്റിന്റെ ഭാര്യ ബയാൻക സെൻസോറി. പൂർണമായും സുതാര്യമായ വസ്ത്രം ധരിച്ചാണ് ബയാൻക എത്തിയത്. വസ്ത്രത്തിന് പുറത്ത് ധരിച്ചിരുന്ന കറുത്ത കോട്ട് അഴിച്ചുമാറ്റി കാന്യേയ്ക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തു. പിന്നാലെ ഇരുവരും സ്വമേധയാ വേദിവിട്ടു. ഇരുവരെയും ചടങ്ങിൽ നിന്ന് പുറത്താക്കിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു.