
തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റില്‍ 2.52 കോടി രൂപയാണ് റെയില്‍വേക്ക് അനുവദിച്ചത്. ഇതില്‍ കേരളത്തിനായി മാറ്റിവച്ചിരിക്കുന്നത് 3042 കോടി രൂപയും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചിരുന്നതിന്റെ എട്ടിരട്ടിയാണ് കേരളത്തിന് ഇപ്പോള്‍ നല്‍കുന്നതെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്. എന്നാല്‍ മൊത്തം തുകയുമായി തട്ടിച്ച് നോക്കുമ്പോള്‍ കേരളത്തിന് കിട്ടിയിരിക്കുന്നത് വളരെ തുച്ഛമായ തുകയാണ്. കേരളത്തില്‍ നിന്നുള്ള ടിക്കറ്റ് വരുമാനം മാത്രം മൂവായിരം കോടിക്ക് അടുത്ത് വരും റെയില്‍വേക്ക് ലഭിക്കുന്നതില്‍.
തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് മാത്രം 1700 കോടിക്ക് മുകളിലാണ് റെയില്‍വേക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവരുടെ എണ്ണം കേരളത്തില്‍ വളരെ കൂടുതലാണ്. ബഡ്ജറ്റില്‍ അനുവദിച്ച തുകയില്‍ 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും 100 അമൃത് ഭാരത് ട്രെയിനുകളും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. അടുത്തിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ അപകടങ്ങള്‍ വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടിയാണ് റെയില്‍വേ മാറ്റിവച്ചിരിക്കുന്നത്.
പുതിയ ട്രെയിനുകള്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വന്ദേഭാരതിന്റെ കാര്യത്തിലേക്ക് വന്നാല്‍ കേരളത്തില്‍ നിലവില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ദിവസേന നാല് സര്‍വീസുകളാണ് മംഗലാപുരം – തിരുവനന്തപുരം, കാസര്‍കോഡ് – തിരുവനന്തപുരം റൂട്ടുകളില്‍ നടത്തുന്നത്. ഈ രണ്ട് സര്‍വീസുകളും ലാഭത്തിലാണ്. അടുത്തിടെയാണ് 16 കോച്ചുണ്ടായിരുന്ന വന്ദേഭാരത് 20 കോച്ചുകളാക്കി ഉയര്‍ത്തിയത്. എട്ട് കോച്ചുകളുള്ള രണ്ടാമത്തെ വന്ദേഭാരതും അധികം വൈകാതെ 20 കോച്ചുകളാക്കി ഉയര്‍ത്തും.
16 കോച്ചില്‍ നിന്ന് 20 കോച്ചായി ഉയര്‍ത്തിയപ്പോള്‍ തന്നെ 350 അധികം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്ഥിതിയായി മാറിയിട്ടുണ്ട്. നിലവില്‍ രണ്ട് ട്രെയിനുകള്‍ ഉള്ളതിനാല്‍ തന്നെ മംഗലാപുരം – കാസര്‍കോഡ്- തിരുവനന്തപുരം റൂട്ടില്‍ ഇനിയൊരു വന്ദേഭാരതിന്റെ ആവശ്യമില്ല. എന്നാല്‍ കേരളത്തിന് ഒരു വന്ദേഭാരത് കൂടി അനുവദിക്കാന്‍ തീരുമാനിച്ചാല്‍ പരിഗണിക്കാന്‍ സാദ്ധ്യതയുള്ളത് നേരത്തെ സ്പെഷ്യല്‍ ട്രെയിനായി സര്‍വീസ് നടത്തിയിരുന്ന എറണാകുളം – ബംഗളൂരു അല്ലെങ്കില്‍ തിരുവനന്തപുരം – കോയമ്പത്തൂര്‍ റൂട്ടുകളാണ്. എറണാകുളം- ബംഗളൂരു റൂട്ടിനാണ് സാദ്ധ്യത കൂടുതല്‍.
കോളടിക്കുന്നത് സാധാരണക്കാര്‍ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വന്ദേഭാരത് സര്‍വീസുകള്‍ കേരളത്തില്‍ കൂടുതലായി ഓടാന്‍ സാദ്ധ്യതയില്ലെന്ന് പറയുമ്പോഴും റെയില്‍വേയുടെ മറ്റൊരു തീരുമാനം സാധാരണ യാത്രക്കാര്‍ക്ക് പ്രതീക്ഷ സമ്മാനിക്കുന്നതാണ്. ഇതിലൊന്ന് പൂര്‍ണമായും സ്ലീപ്പര്‍ കോച്ചുകളും ജനറല്‍ കോച്ചുകളും ഉള്‍പ്പെടുന്ന അമൃത് ഭാരത് ട്രെയിനുകളുടെ കാര്യത്തിലാണ്. കേരളത്തില്‍ രാത്രികാലത്ത് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും തിരിച്ചും പ്രതിദിന സര്‍വീസ് നടത്തുന്ന മൂന്ന് ട്രെയിനുകളാണുള്ളത് (മാവേലി, മലബാര്‍, മാംഗ്ലൂര്‍ / ട്രിവാന്‍ഡ്രം എക്സ്പ്രസ് ട്രെയിനുകള്‍).
മൂന്ന് ട്രെയിനുകള്‍ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ടെങ്കിലും മിക്കപ്പോഴും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയുണ്ട്. അതുകൊണ്ട് തന്നെ പുതിയ 100 അമൃത് ഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കുമ്പോള്‍ രണ്ടെണ്ണമെങ്കിലും കേരളത്തിന് ലഭിച്ചേക്കാം. തിരുവനന്തപുരം – മംഗലാപുരം റൂട്ടില്‍ ഒന്നും മറ്റൊന്ന് നിരവധി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബംഗളൂരുവിലേക്കോ ചെന്നൈയിലേക്കോ ആകാം. സൂചികുത്താനിടമില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ ജനറല്‍ ടിക്കറ്റ് യാത്രക്കാര്‍ പല റൂട്ടുകളിലും ട്രെയിന്‍ യാത്ര നടത്തുന്നത്. ഈ പ്രശ്നത്തിന് പരിഹാരം വേണമെന്നത് കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്.
17,500 ജനറല്‍ കോച്ചുകള്‍ ആണ് റെയില്‍വേ പുതിയതായി നിര്‍മിക്കുന്നത്. ഇതിലും കേരളത്തിന് വലിയ പ്രതീക്ഷയാണുള്ളത്. പാലക്കാട് – കാസര്‍കോട് റൂട്ടിലാണ് സാധാരണ യാത്രക്കാര്‍ ഏറ്റവും അധികം യാത്രാ ദുരിതം നേരിടുന്നത്. അതോടൊപ്പം തന്നെ കേരളത്തിലെ പാതയിരട്ടിപ്പിക്കല്‍, വളവുകള്‍ നിവര്‍ക്കല്‍, സ്റ്റേഷനുകള്‍ അമൃത് പദ്ധതിയുടെ ഭാഗമായി നവീകരിക്കല്‍ മേല്‍പ്പാലം നിര്‍മിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളുടെ വേഗം കൂടുന്നതും സാധാരണ യാത്രക്കാരെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ്.