ന്യൂഡൽഹി : കേന്ദ്ര വിഹിതത്തിന്റെ കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തിന് കൂടുതൽ കേന്ദ്ര വിഹിതം ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ ധനകാര്യ കമ്മിഷനെ സമീപിക്കണമെന്നാണ് താൻ പറഞ്ഞതെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി. നേരത്തെ കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനയെ പറ്റിയുള്ള ചോദ്യത്തോട് കേരളം പിന്നാക്കം ആണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായങ്ങൾ നൽകാം എന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. ഈ പ്രസ്താവനയെ പാടേ വിഴുങ്ങുന്ന നിലപാടാണ് കേന്ദ്രസഹമന്ത്രി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിന് ഇപ്പോൾ ലഭിക്കുന്ന കേന്ദ്ര വിഹിതം 1.9 ശതമാനം ആണ്. ഇത് വർദ്ധിപ്പിക്കണമെന്നാണ് കേരള സർക്കാർ ആവശ്യപ്പെടുന്നത്. ഇത് നടപ്പിലാകണമെങ്കിൽ സർക്കാർ ധനകാര്യ കമ്മിഷനെ സമീപിക്കണം. അവർക്ക് അവരുടേതായ ചില നിബന്ധനകൾ ഉണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് കൂടുതൽ വിഹിതത്തിന്റെ കാര്യത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രസർക്കാർ തുടർനടപടി സ്വീകരിക്കുന്നത്. കേരള സർക്കാർ കേന്ദ്രത്തോട് കൂടുതൽ കടം ആവശ്യപ്പെടുന്നുണ്ട്. അത് വികസനത്തിന് വേണ്ടിയല്ല. മറിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാനാണ്. ഈ സാഹചര്യത്തിലാണ് കേരളം സാമ്പത്തിക വിനിയോഗത്തിൽ വളരെ മോശം അവസ്ഥയിലാണെന്ന് താൻ പറഞ്ഞതെന്നും ജോർജ് കുര്യൻ വിശദീകരിച്ചു. ജോർജ് കുര്യന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്കെതിരെ ഇടത് എം.പിമാർ ഇന്ന് പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]