‘സംഗീതം സ്നേഹമാണ്. വെളിച്ചവും ചിരിയുമാണ്. സംഗീതം എല്ലാവരിലും സ്നേഹവും പ്രകാശവും ചിരിയും പടര്‍ത്തട്ടെ. സംഗീതത്തിന് നന്ദി, സംഗീതം സൃഷ്ടിക്കുന്ന എല്ലാവര്ക്കും നന്ദി. ഇത് അതിശയകരമായി തോന്നുന്നു. ഞങ്ങള്‍ പുരസ്കാരം നേടി എന്നത് പ്രത്യേകമായ സന്തോഷത്തിന്റെ നിമിഷമാണ്. കാരണം ഞങ്ങളോടൊപ്പം മത്സരിച്ചത് അത്രമേല്‍ കഴിവുറ്റ സംഗീതജ്ഞരായിരുന്നു.’ പറയുന്നത് ഇത്തവണത്തെ ഗ്രാമി പുരസ്കാരജേതാക്കളിലെ ഇന്ത്യന്‍ സാന്നിധ്യമായ ചന്ദ്രിക ടണ്ഠനാണ്. രണ്ടാം തവണയാണ് ഇന്ത്യന്‍-അമേരിക്കന്‍ ഗായികയും സംരംഭകയുമായ ചന്ദ്രിക ഗ്രാമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത് എന്നത് ഈ നേട്ടത്തിന് തിളക്കം കൂട്ടുകയാണ്. പുരസ്കാരത്തിലൂടെ ലോക സംഗീതഞ്ജരുടെ ആഘോഷ വേദിയായ ഗ്രാമിയില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ചന്ദ്രിക ടണ്ഠന്.
ദക്ഷിണാഫ്രിക്കന്‍ ഫ്ളൂട്ടിസ്റ്റ് വൗട്ടര്‍ കെല്ലര്‍മാനും ജാപ്പനീസ് സെലിസ്റ്റ് എരു മാറ്റ്സുമോട്ടോയ്ക്കും ഒപ്പം നിര്‍മിച്ച ‘ത്രിവേണി’ എന്ന ആല്‍ബത്തിലൂടെയാണ് ചന്ദ്രികയെത്തേടി 67ാമത് ഗ്രാമി പുരസ്കാരം എത്തിയത്. ബെസ്റ്റ് ന്യൂ ഏജ്, ആംബിയന്റ് ഓര് ചാന്റ് ആല്‍ബം വിഭാഗത്തിലാണ് ‘ത്രിവേണി’ പുരസ്കാരം കരസ്ഥമാക്കിയത്. റിക്കി കെജിന്റെ ‘ബ്രേക്ക് ഓഫ് ഡോണ്‍’, റിയുച്ചി സകാമോട്ടോയുടെ ‘ഓപ്പസ്’, അനുഷ്ക ശങ്കറിന്റെ ‘ചാപ്റ്റര്‍ II: ഹൗ ഡാര്‍ക്ക് ഇറ്റ് ഈസ് ബിഫോര്‍ ഡോണ്‍’, രാധിക വെക്കാരിയുടെ ‘വാരിയേഴ്സ് ഓഫ് ലൈറ്റ്’ എന്നീ ആല്ബങ്ങളെയാണ് ചന്ദ്രികയുടെ ‘ത്രിവേണി’ പിന്നിലാക്കിയത്.
കുടുംബം, പഠനം
ചെന്നൈയിലെ ഒരു യാഥാസ്ഥിതിക തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ചന്ദ്രിക ടണ്ഠന് ജനിച്ചത്. പിന്നീട് പെപ്സിക്കോ ലിമിറ്റഡ് സി.ഇ.ഓ ആയ ഇന്ദ്ര നൂയിയാണ് ചന്ദ്രികയുടെ സഹോദരി. ഇരുവര്‍ക്കും ഒരു സഹോദരന്‍കൂടിയുണ്ട്. അച്ഛന് ഒരു സ്റ്റേറ്റ് ബാങ്കറായിരുന്നു. അമ്മ സംഗീതജ്ഞയും. കുടുംബത്തിലെ ആദ്യത്തെ മകളായതിനാല്‍, പതിനെട്ട് വയസ്സില്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു, എന്നാലും മുത്തച്ഛന്റെ സ്വാധീനത്താല്‍ ചന്ദ്രിക മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ഉന്നത വിദ്യാഭ്യാസം നേടി. ചന്ദ്രികയെ പഠിക്കാന്‍ അമ്മ സമ്മതിച്ചിരുന്നില്ല. പക്ഷേ വിട്ടുകൊടുക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. രണ്ടുദിവസം നിരാഹാരം കിടന്നു. തുടര്‍ന്ന് ചന്ദ്രികയുടെ കോണ്‍വെന്റ് സ്കൂളായ ഹോളി ഏഞ്ചല്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹെഡ്മിസ്ട്രാണ് ചന്ദ്രികയെ പഠിക്കാന്‍ അനുവദിക്കണമെന്ന് അമ്മയെ ബോധ്യപ്പെടുത്തിയത്.
മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ പഠനത്തിനുശേഷം ചെന്നൈയില്‍ ജഡ്ജായിരുന്ന മുത്തച്ഛന്റെ പാത പിന്തുടര്ന്ന് നിയമവഴിയേ പോകാനായിരുന്നു ചന്ദ്രികയുടെ തീരുമാനം. പ്രൊഫസര്‍മാരില്‍ ഒരാളുടെ നിര്‍ദേശപ്രകാരം ചന്ദ്രിക അഹമ്മദാബാദ് ഐ.ഐ.എമ്മിലേക്ക് അപേക്ഷിച്ചു. ആയിരക്കണക്കിന് അപേക്ഷകരില്‍നിന്ന് ചന്ദ്രികയ്ക്കും സെലക്ഷന് കിട്ടി. ക്ലാസിലെ എട്ടുപെണ്കുട്ടികളില് ഒരാളായി ചന്ദ്രിക. 1975-ല്‍ ഐ.ഐ.എമ്മിലെ പഠനശേഷം ചന്ദ്രിക ഔദ്യോഗിക ജീവിതം ആരംഭിച്ചു. ലെബനീസ് ആഭ്യന്തര യുദ്ധത്തിന്റെ നാളുകളായിരുന്നു അത്. ബെയ്റുത്തിലെ സിറ്റി ബാങ്ക് എക്സിക്യൂട്ടീവ് ആയി അവര്‍ ജോലി ചെയ്തു. ഇരുപത്തിനാലാം വയസ്സില്‍, ന്യൂയോര്‍ക്ക് സിറ്റിയിലെ മക്കിന്‍സി ആന്‍ഡ് കമ്പനിയിലും പിന്നീടവര്‍ പ്രവര്‍ത്തിച്ചു. കമ്പനിയില്‍ പങ്കാളിയാകുന്ന ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ വ്യക്തിയായും അവര്‍ മാറി.
ദക്ഷിണാഫ്രിക്കന്‍ ഫ്ലൂട്ടിസ്റ്റ് വൗട്ടര്‍ കെല്ലര്‍മാനും ജാപ്പനീസ് സെലിസ്റ്റ് എരു മാറ്റ്സുമോട്ടോയ്ക്കുമൊപ്പം ചന്ദ്രിക | ഫോട്ടോ: Instagram
ബിസിനസ്, സേവനങ്ങള്‍
1992-ല്‍ ചന്ദ്രിക രൂപീകരിച്ചതാണ് ടണ്ഠന് ക്യാപിറ്റല്‍ അസോസിയേറ്റ്സ് രൂപീകരിച്ചു. ചേസ് മാന്‍ഹട്ടന്‍ കോര്പ്പറേഷന്, കൊമേരിക്ക, യൂണിബാങ്കോ (ബ്രസീല്‍), സണ്‍കോര്‍പ്പ്-മെറ്റ്വേ ലിമിറ്റഡ് (ഓസ്ട്രേലിയ), ഫ്ളീറ്റ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, റാബോ ബാങ്ക്, എബിഎന്‍ അമ്രോ എന്നിവയുള്‍പ്പെടെയുള്ള ക്ലയന്റുകള്‍ക്ക് ഉപദേശകയായും പ്രവര്‍ത്തിച്ചു.
2004ല്‍, ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്വകാര്യ ഫൗണ്ടേഷനായ കൃഷ്ണമൂര്‍ത്തി ടണ്ഠന് ഫൗണ്ടേഷന് തുടങ്ങിയത് ചന്ദ്രികയാണ്. കമ്മ്യൂണിറ്റി നിര്‍മ്മാണം, കല, ആത്മീയത എന്നീ മേഖലകളിലെ സംഘടനകളുമായുള്ള പങ്കാളിത്തത്തോടെയായിരുന്നു പ്രവര്‍ത്തനം. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ എക്സിക്യൂട്ടീവ് ഇന്‍ റെസിഡന്‍സായി സേവനമനുഷ്ഠിച്ചിട്ടുണ്ട് അവര്‍. ശേഷം, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ നിരവധി ട്രസ്റ്റികളില്‍ ചേരുകയും NYU പോളിടെക്നിക് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗിന് 100 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കുകയും ചെയ്തു. ഈ സ്ഥാപനം പിന്നീട് NYU ടണ്ഠന് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
തന്റെ മാതൃവിദ്യാഭ്യാസ സ്ഥാപനമായ മദ്രാസ് ക്രിസ്ത്യന്‍ കോളേജിനും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട് ചന്ദ്രിക. കൂടാതെ ബോയ്ഡ്-ടണ്ഠന് സ്കൂള്‍ ഓഫ് ബിസിനസ്സും സ്ഥാപിച്ചത് ചന്ദ്രികയായിരുന്നു. ഇതിന്റെ ഉപദേശക കൗണ്‍സില്‍ ചെയര്‍മാനായിരുന്നു അവര്‍. 2009 മുതല്‍ അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന്, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്, വേള്‍ഡ് മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട്, ലിങ്കണ് സെന്റര്‍, ടീച്ച് ഫോര്‍ അമേരിക്ക, യേല്‍ യൂണിവേഴ്സിറ്റി, ബെര്‍ക്ക്ലി കോളേജ് ഓഫ് മ്യൂസിക്, അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ്, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി എന്നിവയുള്‍പ്പെടെ നിരവധി സംഘടനകള്‍ക്ക് കൃഷ്ണമൂര്‍ത്തി ടണ്ഠന് ഫൗണ്ടേഷന് സംഭാവന നല്‍കിയിട്ടുണ്ട്.
ചന്ദ്രിക ടണ്ഠൻ | ഫോട്ടോ: Instagram
ആദ്യ ആല്‍ബം പുറത്തുവരുന്നു
സംഗീതരംഗത്തേക്കുള്ള ചന്ദ്രികയുടെ കടന്നുവരവിന് കാരണം സ്വന്തം കുടുംബത്തിലെ ഒരു ആഘോഷ ചടങ്ങായിരുന്നു. ഭര്‍തൃപിതാവിന്റെ 90-ാം പിറന്നാളിന് അദ്ദേഹത്തിനിഷ്ടപ്പെട്ട ചില മന്ത്രങ്ങള്‍ സ്റ്റുഡിയോ റെക്കോര്‍ഡ് രൂപത്തിലാക്കി ചന്ദ്രിക സമ്മാനിച്ചു. ഈ റെക്കോര്‍ഡാണ് 2009-ല്‍ പുറത്തിറങ്ങിയ അവരുടെ ആദ്യ ആല്‍ബമായ സോള്‍ കാള്‍ എന്ന ആല്‍ബത്തിന് പ്രചോദനമായത്. ഓം നമോ നാരായണായ എന്ന മന്ത്രത്തിന്റെ എട്ട് സ്വരസൂചകങ്ങളുടെ തുടര്‍ച്ചയായ പാരായണമായിരുന്നു ഈ ആല്‍ബത്തിന്റെ ഉള്ളടക്കം. 2011-ലെ ഗ്രാമി പുരസ്കാരങ്ങളില് ബെസ്റ്റ് കണ്ടംപററി വേള്‍ഡ് മ്യൂസിക് ആല്‍ബം വിഭാഗത്തിലേക്ക് സോള്‍ കോള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു.
2013-ല്‍ സോള്‍ മാര്‍ച്ച് എന്ന പേരില്‍ രണ്ടാമത്തെ ആല്‍ബവും അവര്‍ പുറത്തിറക്കി. മഹാത്മാഗാന്ധിയുടെ 1930-ലെ ഉപ്പുസത്യാഗ്രഹവും അതിനോടനുബന്ധിച്ചുള്ള യാത്രയുമായിരുന്നു ആല്‍ബത്തിന്റെ പ്രമേയം. ഹിന്ദുസ്ഥാനി സംഗീതവും ലാറ്റിനും ജാസും ചേര്‍ന്ന ഈ ആല്‍ബത്തിനായി 75 സംഗീതജ്ഞര്‍ അണിനിരന്നു. ഇന്ത്യയിലും അമേരിക്കയിലുമായാണ് റെക്കോര്‍ഡിംഗ് നടന്നത്. 2014-ല്‍ മൂന്നാമത്തെ ആല്‍ബമായ സോള്‍ മന്ത്ര പുറത്തിറങ്ങി. ഓം നമശിവായ എന്ന മന്ത്രം ഒന്‍പത് രാഗങ്ങളില്‍ അവതരിപ്പിച്ചു ഈ ആല്‍ബത്തിലൂടെ. മൂന്നുവര്‍ഷത്തിനുശേഷമാണ് ചന്ദ്രികയുടെ അടുത്ത ആല്‍ബം പുറത്തിറങ്ങിയത്. ശിവോഹം- ദ ക്വെസ്റ്റ് എന്നായിരുന്നു പേര്. നാല് ഭൂഖണ്ഡങ്ങളിലെ എട്ട് സ്റ്റുഡിയോകളിലായിരുന്നു റെക്കോര്‍ഡിംഗ്. കഴിഞ്ഞ 20 വര്‍ഷക്കാലത്തെ തന്റെ തീവ്രമായ വ്യക്തിപരമായ യാത്രയുടെ ഒരു സംഗീത ആവിഷ്കാരമെന്നാണ് ശിവോഹത്തെ ചന്ദ്രികതന്നെ ഒരിക്കല്‍ വിശേഷിപ്പിച്ചത്.
2023ല്‍, ചന്ദ്രിക ടണ്ഠന് തന്റെ അഞ്ചാമത്തെ സ്റ്റുഡിയോ ആല്‍ബമായ ‘അമ്മൂസ് ട്രഷര്‍’ പുറത്തിറക്കി. തന്റെ പേരക്കുട്ടികള്‍ പാടിയിരുന്നതില്നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വ്യത്യസ്ത വിഭാഗങ്ങളിലും ഭാഷകളിലുമുള്ള മൂന്ന് വാല്യങ്ങളുള്ള ഗാനങ്ങളുടെ ഒരു ശേഖരമായിരുന്നു ഇത്. ബേല ഫ്ളെക്ക്, റൊമേറോ ലുബാംബോ, കെന്നി വെര്‍ണര്‍, മേവ് ഗില്‍ക്രിസ്റ്റ്, ജാമി ഹദ്ദാദ്, സൈറോ ബാപ്റ്റിസ്റ്റ, യൂജിന്‍ ഫ്രീസെന്‍, ബോബി കീസ്, സെര്‍ജിയോ മെന്‍ഡസ് എന്നിവരുള്‍പ്പെടെ 17 സംഗീതജ്ഞരാണ് ഈ ആല്‍ബത്തില്‍ ചന്ദ്രികയ്ക്കൊപ്പം പ്രവര്‍ത്തിച്ചത്. 2023 ലെ ഗ്ലോബല്‍ മ്യൂസിക് അവാര്‍ഡുകളില്‍ കുട്ടികളുടെ സംഗീതവിഭാഗത്തില്‍ സ്വര്‍ണ്ണ മെഡലും ‘അമ്മുവിന്റെ നിധികള്‍’ നേടിയെടുത്തു.
ഇപ്പോള്‍ ഗ്രാമി പുരസ്കാരം നേടിയ ത്രിവേണി എന്ന ആല്‍ബം 2024 ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. ഇതും മന്ത്ര വിഭാഗത്തില്പ്പെട്ടതുതന്നെയാണ്. ഏഴുഗാനങ്ങളാണ് ആല്‍ബത്തിലുള്ളത്. പാത്ത്വേ ടു ലൈറ്റ്, ചാന്റ് ഇന്‍ എ, ജേണി വിത്തിന്, ഈതേഴ്സ് സെറീനേഡ്, ആന്‍ഷ്യന്റ് മൂണ്‍, ഓപ്പണ്‍ സ്കൈ, സീക്കിങ് ശക്തി എന്നിവയാണാ ഗാനങ്ങള്‍. ഗ്രാമി പുരസ്കാര വേദിയില്‍നിന്നുള്ള ചിത്രങ്ങള്‍ ചന്ദ്രിക പിന്നീട് തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിനൊപ്പം അവര്‍ കുറിച്ചതിങ്ങനെ; ‘സ്നേഹം, വെളിച്ചം, ചിരി….’ അതെ, തന്റെ ചുറ്റിലുള്ളതെല്ലാം സംഗീതമാണവര്ക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]