മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിലെ പീഡനങ്ങൾ സഹിക്കാനാകാതെ 25കാരിയായ വിഷ്ണുജ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയുടെ ഫോൺ കൈകാര്യം ചെയ്തിരുന്നത് ഭർത്താവായ പ്രബിനായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. നിരന്തരമായി ഭർത്താവ്, വിഷ്ണുജയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കിയിട്ടുണ്ട്.
‘പ്രബിൻ അവളെ നിരന്തരമായി ഉപദ്രവിക്കുമായിരുന്നു. കഴുത്തിൽ കയറിട്ട് മുറുക്കുകയൊക്കെ ചെയ്തിട്ടുണ്ട്. മാനസികമായും ശാരീരകമായും അയാൾ വിഷ്ണുജയെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അവൾക്കു പറ്റുന്നില്ലെന്ന് മനസിലായപ്പോഴാണ് എന്നോട് എല്ലാം പറയാൻ തുടങ്ങിയത്. സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകാൻ ഞാൻ പറഞ്ഞിരുന്നു.വീട്ടിൽ അവളെ സ്വീകരിക്കുമായിരുന്നു. വിഷ്ണുജയുടെ വാട്സാപ്പ് അക്കൗണ്ട് അയാളുടെ ഫോണുമായി കണക്റ്റ് ആയിരുന്നു. വാട്സാപ്പിലൂടെ അവൾക്ക് എന്നോട് ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല. അയാൾ അറിയാതെ ഞങ്ങൾ ടെലഗ്രാമിലൂടെയാണ് സംസാരിച്ചിരുന്നത്.പ്രബിൻ അവളുടെ ഫോണിൽ നിന്നും മെസേജ് അയക്കുമായിരുന്നു. ഫോൺ വിളിച്ച് സ്പീക്കറിലിട്ട ശേഷം അയാൾ ഉള്ളത് അറിയിക്കാതെ ഞങ്ങളുമായി സംസാരിക്കാൻ നിർബന്ധിക്കുമായിരുന്നു’- സുഹൃത്ത് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കൈയിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. സ്ത്രീധനം കുറഞ്ഞ് പോയെന്നും സൗന്ദര്യം കുറവാണെന്നും ജോലിയില്ലെന്നും ആരോഗ്യം കുറവെന്നും പറഞ്ഞ് പ്രബിൻ നിരന്തരം മകളെ ആക്ഷേപിച്ചിരുന്നുവെന്നും വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം തന്നെ പ്രബിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]