കൊച്ചി: മമ്മൂട്ടിക്കരികിൽനിന്നത് ഒരു ആരാധകനാണ്, പേര് ജിൻസൺ ആന്റോ ചാൾസ്. പദവി: ഓസ്ട്രേലിയിലെ ഇന്ത്യൻ വംശജനായ ആദ്യമന്ത്രി. ‘‘നമ്മുടെ ഫാൻസിന്റെ പഴയ ആളാ…’’ -മമ്മൂട്ടി പരിചയപ്പെടുത്തിയപ്പോൾ ജിൻസൺ സ്വന്തം നാടായ പാലായിലെ കൊട്ടകകളിൽ കടലാസുപക്കികൾ പറത്തിയ അതേ ആവേശത്തിൽത്തന്നെ പറഞ്ഞു, ‘ഇപ്പോഴും..’
മന്ത്രിയായശേഷം ആദ്യമായി നാട്ടിലെത്തിയ ജിൻസൺ മൂന്നാഴ്ചയായി ഡൽഹിയിലും തിരുവനന്തപുരത്തും ഔദ്യോഗിക കൂടിക്കാഴ്ചകളിലും നാട്ടിലെ സ്വീകരണച്ചടങ്ങുകളുടെ തിരക്കിലുമായിരുന്നു. മടക്കയാത്രയുടെ തിരക്കിനിടെയാണ് കൊച്ചിയിൽ മമ്മൂട്ടിയെ കാണാനെത്തിയത്.
പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു കൂടിക്കാഴ്ച. ഓസ്ട്രേലിയയിലെ ഏറ്റവുംവലിയ വിമാനക്കമ്പനിയായ ‘ക്വാൺടാസി’നെക്കുറിച്ച് പറഞ്ഞായിരുന്നു മമ്മൂട്ടിയുടെ സംഭാഷണത്തിന്റെ ടേക്ക് ഓഫ്. കൊച്ചിയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് നേരിട്ട് ക്വാൺടാസിന്റെ വിമാനമുണ്ടെങ്കിൽ മലയാളികൾക്ക് പ്രയോജനപ്പെടുമെന്നും അതിന് സർക്കാരിടപെട്ടാൽ എന്തെങ്കിലും സാധിക്കില്ലേയെന്നുമായിരുന്നു മമ്മൂട്ടിയുടെ ചോദ്യം.
ഓസ്ട്രേലിയൻസന്ദർശനത്തിന് ക്ഷണിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഔദ്യോഗികകത്ത് സിനിമയുടെ ചുമതലകൂടിയുള്ള മന്ത്രിയായ ജിൻസൺ മമ്മൂട്ടിക്ക് കൈമാറി.
2007-ൽ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയുമായി സഹകരിച്ച് മമ്മൂട്ടി ‘കാഴ്ച’ എന്ന സൗജന്യ നേത്രചികിത്സാപദ്ധതിക്ക് രൂപംകൊടുത്തപ്പോൾ വിദ്യാർഥി വൊളന്റിയേഴ്സിനെ നയിച്ചിരുന്നത് അന്നവിടെ നഴ്സിങ് വിദ്യാർഥിയായിരുന്ന ജിൻസണായിരുന്നു. മമ്മൂട്ടി കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആരംഭിച്ചപ്പോൾ അതിന്റെ മുൻനിരപ്രവർത്തകനുമായി.
ഓസ്ട്രേലിയയിലേക്ക് കുടിയേറിയപ്പോഴും പ്രിയനടന്റെ സാമൂഹിക സേവനപദ്ധതികളുടെ ഭാഗമായി തുടർന്നു.പ്രവാസിമലയാളികൾക്കും അവരുടെ നാട്ടിലെ മാതാപിതാക്കൾക്കുമായി കെയർ ആൻഡ് ഷെയർ ‘ഫാമിലി കണക്ട്’ പദ്ധതി ആരംഭിച്ചപ്പോൾ ജിൻസണായിരുന്നു ഓസ്ട്രേലിയൻ കോഡിനേറ്റർ.വിദ്യാഭ്യാസയോഗ്യതയ്ക്കും ഔദ്യോഗികനേട്ടങ്ങൾക്കുമൊപ്പം മലയാളിസമൂഹത്തിനായി നടത്തിയ പ്രവർത്തനങ്ങൾകൂടി കണക്കിലെടുത്താണ് ജിൻസണെ ലിബറൽ പാർട്ടി സ്ഥാനാർഥിയാക്കിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]