ബീജിംഗ്: വീട് വൃത്തിയാക്കുന്നതിനിടെ ഏഴ് വർഷമായി ബേസ്മെന്റിൽ രഹസ്യമായി താമസിച്ചിരുന്ന അജ്ഞാത സ്ത്രീയെ കണ്ട് ഞെട്ടി ഉടമ. കിഴക്കൻ ചൈനയിലെ ജിയാംഗ്ഷൂ പ്രവിശ്യയിലാണ് സംഭവം. വീടിന്റെ മുൻ ഉടമസ്ഥയാണ് ആരുമറിയാതെ ബേസ്മെന്റിൽ ജീവിച്ചത്. തന്റെ വീടിന്റെ കോണിപ്പടികൾക്ക് പിന്നിലൂടെയുള്ള രഹസ്യവാതിൽ ലീ എന്നയാൾ കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.
പ്രകാശവും കാറ്റും കടക്കുന്ന തരത്തിലെ മുറിക്കുള്ളിലാണ് വീടിന്റെ മുൻ ഉടമ ഒളിവിൽ കഴിഞ്ഞത്. മുറിയിൽ ഒരു ചെറിയ ബാർ പോലുമുണ്ടായിരുന്നത്രെ. ഇവിടെ ആൾത്താമസത്തിന്റെ ലക്ഷണം കണ്ടെത്തിയ ലീ, വീട് തനിക്ക് വിറ്റ സ്ത്രീയെ ഫോണിൽ ബന്ധപ്പെട്ടു. വില്പന സമയം വിവരം തന്നിൽ നിന്ന് ബോധപൂർവ്വം മറച്ചെന്നും ലീ ആരോപിച്ചു. എന്നാൽ ബേസ്മെന്റ് വില്പന കരാറിൽ ഉൾപ്പെട്ടിരുന്നില്ലെന്നാണ് സ്ത്രീയുടെ വാദം. ബേസ്മെന്റ് ലീയ്ക്ക് നൽകിയാൽ ഒഴിവു സമയം താൻ എവിടെ ചെലവഴിക്കുമെന്നായിരുന്നു സ്ത്രീയുടെ ചോദ്യം.
അതേ സമയം, ലീ അറിയാതെ ഇവർ എങ്ങനെയാണ് ബേസ്മെന്റിൽ വന്നുപോയിരുന്നതെന്ന് വ്യക്തമല്ല. ഒന്നുകിൽ സ്ത്രീയുടെ കൈയ്യിൽ മറ്റൊരു താക്കോലും കാണാം. അല്ലെങ്കിൽ വീട്ടിൽ മറ്റേതെങ്കിലും രഹസ്യവാതിൽ ഉണ്ടായിരിക്കാം. ഏതായാലും ലീയുടെ പരാതിയെ തുടർന്ന് സ്ത്രീയുടെ താമസം നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവിട്ടു. ലീയ്ക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ഏതായാലും ഓസ്കാർ നേടിയ പാരസൈറ്റ് എന്ന ചിത്രത്തിലെ കഥയുമായിട്ടാണ് ഈ സംഭവത്തെ സോഷ്യൽ മീഡിയ താരതമ്യപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]