ടെൽ അവീവ്: ഇസ്രയേലിന്റെ അടുത്ത സൈനിക മേധാവിയായി റിട്ട. മേജർ ജനറൽ ഇയാൽ സമീറിനെ തിരഞ്ഞെടുത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നിലവിലെ മേധാവി ലഫ്. ജനറൽ ഹെർസി ഹാലവി കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ചിരുന്നു. ഹാലവി മാർച്ചിലാണ് സ്ഥാനമൊഴിയുക.2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ഭീകരാക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിലെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഹാലവി രാജിപ്രഖ്യാപിച്ചത്. 59കാരനായ സമീർ നിലവിൽ പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ആണ്. 2018 – 2021 കാലയളവിൽ ഇസ്രയേൽ സൈന്യത്തിന്റെ ഉപമേധാവിയായിരുന്നു. ഗാസയുടെ ചുമതലയുള്ള സതേൺ ആർമി കമാൻഡിന്റെ മുൻ തലവനാണ്.