നൃത്തസംഗീതത്തിന് കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയ ആദ്യപുരസ്കാരം നേടിയ സംഗീതജ്ഞനാണ് ബിജീഷ് കൃഷ്ണ. അകമ്പടി സംഗീതത്തില്‍നിന്ന് നൃത്തസംഗീതത്തെ അഭിനയശബ്ദമായി മാറ്റി വേദികളെ ഭക്തിയില്‍, ശൃംഗാരത്തില്‍, ജതിവേഗത്തില് ആറാടിക്കുന്ന ശബ്ദം. സംഗീതവഴികളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു
അങ്ങനെ ഞാനും തൊട്ടു സ്വര്‍ണക്കപ്പില്‍
ആദ്യമായി മുഴുവന്‍ സ്വര്ണ്ണത്തിലാക്കിയ സംസ്ഥാന സ്കൂള്‍ കലോത്സവ കപ്പ് തൃശ്ശൂര്‍ സ്വന്തമാക്കിയ വര്‍ഷം… സമ്മാനവേദിയിലെ ബഹളത്തില്‍ നിന്നൊഴിഞ്ഞ് ഒരു മരച്ചുവട്ടിലാണ് ഓടക്കുഴലില്‍ ഒന്നാം സ്ഥാനം നേടിയ ബിജീഷ് എന്ന കുട്ടിയും അധ്യാപകനായ പ്രദീപും. ‘ഈ കളര്‍ഫുള്‍ പരിപാടിക്കിടെ നമുക്കെന്ത് കാര്യം എന്ന മട്ടാണ് എനിക്കും മാഷിനും. അപ്പോഴാണ് അന്നത്തെ ഡി.ഡി. ചോദിക്കുന്നത് ആ ഒന്നാംസ്ഥാനം കിട്ടിയ പയ്യനെവിടെയെന്ന്. അങ്ങനെയാണ് സ്വര്‍ണക്കപ്പ് പിടിക്കുന്ന ഫോട്ടോയിലേക്ക് മരച്ചുവട്ടില്‍നിന്ന് ഞാനെത്തുന്നത്. അതിനുശേഷം ഈ വര്‍ഷമാണ് തൃശ്ശൂര്‍ വീണ്ടും സ്വര്‍ണക്കപ്പ് നേടുന്നത്. ആ വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ ഞങ്ങളെടുത്ത ആദ്യ സ്വര്‍ണക്കപ്പ് കാലം ഓര്‍മവന്നു..’ ബിജീഷ് തന്റെ കലോത്സവകാലം ഓര്‍ത്തെടുത്തു.
കലയിലേക്ക്
തൃശ്ശൂരിലെ ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിന്റെ സംഗീത ടീച്ചറായിരുന്നു സ്കൂള്‍ അധ്യാപിക കൂടിയായ അമ്മ ലളിതാഭായി. അമ്മയുടെ സഹോദരങ്ങളെല്ലാം ഉപകരണസംഗീതത്തില്‍ മികവുള്ളവർ. തബലയും പുല്ലാങ്കുഴൽ അമ്മാവന്മാർ വായിക്കും. അച്ഛന് മാങ്ങാട്ടുകര ആലുക്കല്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ എല്ലാവരും മേളക്കാരാണ്. അമ്മയുടെ അച്ഛന് ഏങ്ങണ്ടിയൂര്‍ കൃഷ്ണന്‍കുട്ടി ആശാന് മൈസൂര്‍ കൊട്ടാരത്തിലെ സംഗീതജ്ഞനാണ്. അതുകൊണ്ട് തന്നെ ജനിച്ചപ്പോഴേ സംഗീതവും കലയും ഒപ്പമുണ്ട്. സംഗീതമല്ലാതെ മറ്റൊരു ജീവിതവഴി ഓര്ക്കേണ്ടിവന്നിട്ടുമില്ല. ഓടക്കുഴലില്‍ എന്റെ താത്പര്യം കണ്ടാണ് അമ്മാവന് പരിശീലിപ്പിക്കുന്നത്. സ്കൂളിലെ സംഗീത അധ്യാപകരായ സൗമിനി ടീച്ചര്‍, തങ്കം ടീച്ചര്‍, പ്രദീപ് മാഷ് എന്നിവരും പ്രോത്സാഹിപ്പിച്ചു.
നന്നായി മത്സരിക്കുക
സംസ്ഥാനതലത്തില്‍ സമ്മാനം കിട്ടാന്‍ ഓടക്കുഴലിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്റെ സ്കൂളിന് ആദ്യമായാണ് സംസ്ഥാനകലോത്സവത്തില്‍ ഒരു മെഡല്‍ കിട്ടുന്നത്. കലാപ്രതിഭ മത്സരത്തിലേക്കൊക്കെ ഒരു കുട്ടി വരുന്നത് സ്കൂളിന്റെ ചരിത്രത്തില്‍തന്നെ ആദ്യം. പാട്ട് മത്സരങ്ങളിലും സമ്മാനം കിട്ടിയിരുന്നു. ഒന്നാം സ്ഥാനം കിട്ടാത്തപ്പോഴും വിഷമമുണ്ടായിരുന്നില്ല. ലളിതഗാനത്തില്‍ സെക്കന്‍ഡും എ ഗ്രേഡും കിട്ടിയ സമയത്തൊക്കെ കേട്ടവര്‍ വന്നുപറയും. നിങ്ങള്‍ അപ്പീല്‍ കൊടുക്കൂ, പരാതിപ്പെടൂവെന്നൊക്കെ. പക്ഷേ ടീച്ചര്മാര് പറയും എല്ലാം നമ്മള് പ്രവര്ത്തിച്ചുനേടണം, ഒന്നിനും പുറകെ ആവശ്യപ്പെട്ടുപോകരുതെന്ന്. നന്നായി മത്സരിക്കണം, അതോടെ നമ്മുടെ ജോലി കഴിഞ്ഞു. നന്നായി ചെയ്തുവെന്ന് പറയുന്നതാണ് ഒന്നാമത്തെ സമ്മാനം. മത്സരത്തില്‍ സമ്മാനം കിട്ടുന്നതൊക്കെ പിന്നീടുള്ള കാര്യമാണ്. മത്സരിക്കുക മാത്രമാവണം നമ്മുടെ അജണ്ടയിൽ. സമ്മാനത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് ടീച്ചര്മാര് പറയുക.
വെറും മത്സരമായി മാറിയ കലോത്സവം
അന്ന് മത്സരാര്‍ഥികള്‍ക്കിടയില്‍ നല്ല സൗഹാര്‍ദമുണ്ട്. ഒപ്പം മത്സരിക്കുന്നവര്‍ക്ക് ശ്രുതിയിട്ടുകൊടുക്കുക, ചെസ്റ്റ് നമ്പര്‍ മാറിക്കൊടുക്കുകയൊക്കെയൊക്കെ പതിവാണ്. ഇപ്പോള്‍ മത്സരം എന്നൊക്കെ കേള്‍ക്കുന്നതേ പേടിയാണ്. എന്നാല്‍ ഇന്ന് കുട്ടികള്‍ വളരെ ഗൗരവത്തോടെയാണ് കല പഠിക്കുന്നത്. കുട്ടികളുടെ നിലവാരം നന്നായി കൂടിയിട്ടുണ്ട്. ഇപ്പോള്‍ കച്ചേരി പോലെയാണ് എല്ലാവരും പാടുന്നത്. മദ്രാസിലെ ടീച്ചര്‍മാരൊക്കെ പറയും, പത്തുമിനിറ്റിൽ വര്‍ണമൊക്കെ എന്ത് ഗംഭീരമായാണ് കുട്ടികള്‍ ചെയ്യുന്നത്. മികച്ച പെര്‍ഫോമെന്‍സാണ്, പക്ഷേ, കലോത്സവം വെറും മത്സരമായി മാറുന്നുണ്ട്. മത്സരം സ്കൂളുകള്‍ തമ്മിലും അധ്യാപകര്‍ തമ്മിലും രക്ഷിതാക്കള്‍ തമ്മിലുമാക്കെയായി മാറുന്നത് നല്ലതല്ല. കുട്ടികള്‍ മത്സരിക്കട്ടെ സമ്മാനം കിട്ടട്ടെ.. ബാക്കിയുള്ളവര്‍ പുറത്തുനിന്ന് മത്സരിക്കുന്നതെന്തിനാണ്.? കേരളത്തിന് പുറത്ത് അങ്ങനെയല്ല, അവിടെ മത്സരമില്ല. പക്ഷേ, കലയുണ്ട്. അവര്‍ക്ക് അവതരണത്തിനുള്ള വേദികളുമുണ്ട്. മാര്ഗഴിയൊക്കെ വലിയ തുകയ്ക്കുള്ള ടിക്കറ്റ് വെച്ചാണ് നടക്കുന്നത്. അത് കാണാനായി ഡിസംബര്‍-ജനുവരി മാസങ്ങളില്‍ ആളുകള്‍ വിദേശത്തുനിന്നൊക്കെ വരും.
കേരളത്തില്‍ ശാസ്ത്രീയകലകളെ മാധ്യമങ്ങള്‍ പിന്തുടരുന്നില്ല
ചെന്നൈയില്‍ മാര്‍ഗഴിയുടെ തിരക്കിലായിരുന്നു ഞാൻ. അവിടെ പത്രങ്ങളിലൊക്കെ നൃത്തവും സംഗീതാവതരണങ്ങളും വലിയ വാര്‍ത്തകളാണ്. അതത് ദിവസം അരങ്ങേറുന്ന കച്ചേരികള്‍ ആരാണ് അവതരിപ്പിക്കുന്നത്. അവര്‍ മുമ്പ് ഏതൊക്കെ വേദിയില്‍ എന്തൊക്കെ ചെയ്തുവെന്നതൊക്കെ വിശദമായി വരും. കച്ചേരി കഴിഞ്ഞാല്‍ അതിനെ കുറിച്ച് വിശദമായി വാര്‍ത്തവരും. നര്‍ത്തകനോ പാട്ടുകാരനോ അല്ലെങ്കില്‍ ഉപകരണത്തിലോ സംഗീതത്തിലോ എന്തെങ്കിലും പിഴവുണ്ടായിട്ടുണ്ടെങ്കില്‍ പിറ്റേന്ന് പത്രത്തിലൂടെ അറിയാം. കേരളത്തില്‍ അത്ര ഗൗരവത്തില്‍ ശാസ്ത്രീയകലകളെ മാധ്യമങ്ങള്‍ പിന്തുടരുന്നില്ല. നല്ല ചിത്രങ്ങള്‍ വരുന്നുണ്ട് അത്രയും സന്തോഷം..
സംഗീതസംവിധായകനാകാന്‍ മോഹിച്ച കുട്ടിക്കാലം
സ്കൂള്‍കാലം മുതല്‍ മ്യുസിഷന്‍ ആകണമെന്നായിരുന്നു ആഗ്രഹം. മദ്രാസിലേക്ക് ചേക്കേറണം, സംഗീത സംവിധായകനാവണം എന്നൊക്കെ ആലോചനകളുണ്ടായിരുന്നു. വലുതാവുമ്പോള്‍ ചെന്നൈയിലേക്ക് പോകുന്നതും സിനിമയില്‍ വലിയ സംഗീതസംവിധായകനായി മാറുന്നതും അന്നത്തെ സ്വപ്നമായിരുന്നു. അതുവരെയുള്ള വരുമാനമായി നാട്ടിലെ പരിപാടികള്‍ക്ക് പാട്ടുപാടലും ഓടക്കുഴല്‍ വായനയുമൊക്കെയായി പോവാമെന്നായിരുന്നു. അന്ന് പ്രശസ്തനായിരുന്ന ഫിലിപ്പ് വി. ഫ്രാന്‍സിസിന്റെ ഗസല്‍ പരിപാടികള്‍ക്ക് ഓടക്കുഴല്‍ വായിക്കാന്‍ പോകുമായിരുന്നു. എന്റെ സ്കൂളിന് തൊട്ടടുത്ത വീട്ടില്‍ രാമചന്ദ്രന് എന്നൊരു ചേട്ടനുണ്ടായിരുന്നു. അദ്ദേഹം ക്ലാസിക്കല്‍ മ്യൂസിക് പഠിച്ച് നൃത്തത്തിനൊക്കെ പാടാറുണ്ട്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഓടക്കുഴലിന് സംസ്ഥാനകലോത്സവത്തില്‍ ഒന്നാമനായൊക്കെ ഇരിക്കുകയാണ് ഞാന്‍. ഒരുദിവസം ചേട്ടന് നൃത്തത്തിന് പാടാന്‍ പോകുമ്പോള്‍ അതിന് പുല്ലാങ്കുഴൽ വായിക്കാന്‍ എന്നെ വിളിച്ചു. നൃത്തത്തിന് വായിക്കാന്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍, സാരമില്ല ഞാന്‍ പാടുമ്പോള്‍ നീ കൂടെ ചെയ്താല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ കയ്യില്‍ അന്ന് ഒരു ഓടക്കുഴൽ മാത്രമേയുള്ളൂ. അത് ഒരു പത്രക്കടലാസില്‍ പൊതിഞ്ഞ് അദ്ദേഹത്തിന്റെ സൈക്കിളിലാണ് പോയത്.
മദനന് മാസ്റ്ററുടെ പരിപാടിക്കാണ് അന്ന് വായിച്ചത്. എല്ലാവര്ക്കും ഇഷ്ടമായതോടെ അതൊരു പതിവായി മാറി. സ്കൂള്‍ വീടുമ്പോള്‍ പുറത്ത് സൈക്കിളുമായി പ്രാക്ടീസിന് പോകാന്‍ ചേട്ടന് കാത്തുനില്ക്കും. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ വീട്ടില്‍ എത്തുന്നത്. അന്ന് കലാമണ്ഡലം രാജീവേട്ടനെ പോലെ ആ രംഗത്തെ അതികായന്മാരാണ് ടീച്ചർക്കൊപ്പമുള്ളത്. കലാമണ്ഡലത്തിലെ ജോലിയും മറ്റ് തിരക്കുകളും കാരണം രാജീവേട്ടന് പല പരിപാടികള്‍ക്കും എത്താന്‍ പറ്റാറില്ല. അപ്പോള്‍ ഓടക്കുഴൽ വായിക്കുന്ന ഗിന്നസ് മുരളി നാരായണന് പാട്ടുകാരനാകും. അങ്ങനെയാണ് ഞാന്‍ അവിടെ എത്തുന്നത്. അന്ന് ഞാന്‍ പത്തില്‍ പഠിക്കുകയാണ്. താത്കാലികമായി വന്ന കുട്ടിയായതിനാല്‍ ടീച്ചർക്ക് എന്റെ പേരുപോലും അറിയില്ല.
അങ്ങനെയിരിക്കെ കനക് റെലെ നടത്തുന്ന അന്താരാഷ്ട്ര നൃത്തപരിപാടിക്കായി ക്ഷേമ ടീച്ചര്‍ക്ക് മുംബൈയിലേയ്ക്ക് പോകേണ്ടിവന്നു. യുവജനോത്സവ കാലമായതിനാല്‍ സംഘത്തിലെ പലര്‍ക്കും എത്താനായില്ല. അതുകൊണ്ട് എന്നോട് ചെല്ലാന്‍ പറഞ്ഞു. പോകുമ്പോള്‍ മുരളിയേട്ടന് ടീച്ചറോട് പറഞ്ഞു, ബിജീഷ് ഫ്ളൂട്ട് മാത്രമല്ല, നന്നായി പാടുകേം ചെയ്യുംട്ടോ.. പരിപാടിയില്‍ ഫ്ളൂട്ട് വായിച്ചതുകേട്ട് കുറെപേര് വന്ന് അവര്‍ക്കൊക്കെ വേണ്ടി ചെയ്യിച്ചിരുന്നു. അത് ലീല ഓംചേരിയൊക്കയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. അടുത്ത പരിപാടി കൊല്‍ക്കത്തയിലായിരുന്നു. ആ യാത്രയിലാണ് നിനക്കൊരു പാട്ടു പാടാന്‍ എത്രസമയം വേണമെന്ന് ടീച്ചര്‍ ചോദിച്ചത്. ഞാനന്ന് സ്ഥിരമായി ചേതനയില്‍ ട്രാക്ക് പാടാനും കോറസ് പാടാനും പോവുന്നത് കൊണ്ട് പെട്ടെന്ന് പഠിച്ചുപാടുന്ന ശീലമുണ്ട്. അതുകൊണ്ടുതന്നെ രണ്ടുതവണ കേട്ടാല്‍ മതിയെന്ന് പറഞ്ഞു. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലെ കേരളസമാജം പരിപാടിയില്‍ നീ വേണം പാടനെന്ന് ടീച്ചര്‍ പറഞ്ഞു. ഞാന്‍ ഒരു കൗതുകത്തിനാണ് പാടിയതെങ്കിലും ടീച്ചർക്ക് അത് ഇഷ്ടപ്പെട്ടു. ട്രിപ്പിന് ശേഷം തിരിച്ചെത്തിയപ്പോള്‍, നീ വേഗം വീട്ടില്‍പോയി ഫ്രഷായി വാ, നാലുമണിക്ക് ഒരു കുട്ടിക്ക് വേണ്ടി പാടണമെന്നാണ് ടീച്ചര്‍ പറഞ്ഞത്.
കുച്ചിപ്പുടിയ്ക്ക് സംഗീതം കൊടുക്കാന്‍ കുറച്ച് വരികള്തന്നു. ഡാന്‍സ് എന്താണെന്ന് പോലും അറിയാത്ത ഞാന്‍ ആകെ അമ്പരന്നു. നിനക്ക് രാഗങ്ങളൊക്കെ അറിയില്ലേ, പാടിനോക്ക് എന്നാണ് ടീച്ചര്‍ പറഞ്ഞത്. ആ കൂട്ടി എത്തിയപ്പോഴേക്കും പാട്ട് ചിട്ടപ്പെടുത്തി. ആ വര്‍ഷം ഉപജില്ല മുതല്‍ സംസ്ഥാന കലോത്സവം വരെ പാടി. അതിനിടെ അമ്മയ്ക്ക് ഒരു അപകടം കൂടി ഉണ്ടായതോടെ എനിക്ക് വരുമാനം അത്യാവശ്യമായി വന്നു. അതോടെ മദ്രാസ് മോഹങ്ങളൊക്കെ വിട്ട് നൃത്താഭിനയസംഗീതരംഗത്ത് ചുവടുറപ്പിച്ചു. ഞാന്‍ തുടങ്ങുന്ന കാലത്ത് ഹൈദരാലി ആശാനും കാലാമണ്ഡലം രാജീവേട്ടനമാണ് ഈ രംഗത്തെ പ്രതിഭകള്‍. അവര്‍ നൃത്തസംഗീതത്തെ എങ്ങനെ സമീപിക്കുന്നുവെന്നാണ് ഞാന്‍ നോക്കിയത്. ‘പഞ്ചബാണനെയ്യുന്നു’ എന്ന് പാടുമ്പോള്‍ ഹൈദരാലി ആശാന് പാട്ടില്‍ അഞ്ച് അമ്പ് എയ്യും, അതാണ് അഭിനയസംഗീതത്തിന്റെ മികവ്. രാജീവേട്ടന് നൃത്തവുമായി ഇഴചേര്‍ന്ന് പാടുന്നത് ഞാന്‍ നിരീക്ഷിച്ചു.
പിന്നണിയാണ് നൃത്തസംഗീതം
എന്തിനാണ് പാടുന്നതെന്ന് നമുക്ക് തിരിച്ചറിവുണ്ടാകണം. നൃത്തത്തിനൊപ്പമായിരിക്കണം പാട്ട് പോകുന്നത്. ആര്‍ട്ടിസ്റ്റിന്റെ കഴിവ് പ്രകടമാക്കുന്നതെല്ലാം പെര്‍ഫോമന്‍സില്‍ ഉണ്ടാവണം. എടുത്താല്‍ പൊങ്ങാത്ത സംഗതിയൊക്കെ പാടിയാല്‍ അത് നൃത്തത്തിന് എത്രത്തോളം ചേരുമെന്നതും പ്രധാനമാണ്. സുഗതകുമാരി ടീച്ചറുടെ ‘കൃഷ്ണാ നീ എന്നെ അറിയില്ല’ എന്നതില്‍ കൃഷ്ണാ എന്ന് വിളിക്കുമ്പോള്‍ ക്ഷേമടീച്ചറിലൂടെ കാണികള്‍ കൃഷ്ണനെ കാണണം. കൃഷ്ണായെന്ന വിളിയില്‍ ശബ്ദത്തിന്റെ മോഡ്യുലേഷന്‍ പ്രധാനമാണ്. അഭിനയസംഗീതമാണ് അവിടെ പ്രയോഗിക്കേണ്ടത്. ഞാനെന്റെ വോയ്സ് മോഡ്യുലേറ്റ് ചെയ്യാന്‍ പഠിച്ചയിടത്ത് നിന്നാണ് എന്നെ കേള്‍ക്കുന്നവരില്‍ ഞാന്‍ അഭിനയമെത്തിക്കുന്നത്. അത് ടി.എം.കൃഷ്ണ ഗംഭീര സംഗീതജ്ഞനായാലും പ്രിയദര്‍ശിനി ഗോവിന്ദ് നൃത്തത്തില്‍ പുലിയായാലും ഇവര്‍ ഒന്നിക്കുന്ന വേദികളില്‍ പ്രധാനം പാട്ട് ആ നൃത്തത്തിന് ചേരുന്നുണ്ടോയെന്നതാണ്. അത് ആര്‍ട്ടിസ്റ്റിന്റെ കുഴപ്പമല്ല. സമീപനത്തിലാണ് വ്യത്യാസം. സംഗീതവും നൃത്തവും രണ്ടുവഴിക്കാവരുത്. അത് നൃത്തസംഗീതം തന്നെയായി ലയിക്കണം.
വലുപ്പച്ചെറുപ്പമില്ല… നര്‍ത്തകര്‍ മാത്രം…
സെലിബ്രിറ്റിയോ കൊച്ചുകുട്ടിയോ എന്നില്ല, എന്റെ മുന്നില്‍ നര്‍ത്തകര്‍ മാത്രമേയുള്ളൂ. അവരുടെ അറിവും അനുഭവവും മാത്രമാണ് വ്യത്യാസപ്പെടുന്നത്. നര്‍ത്തകരുടെ ഇഷ്ടങ്ങള്‍ക്കു വേണ്ടിപാടുക. ചിലര്‍ക്ക് താല്പര്യം നമ്മള് അവരുടെ ഡാൻസിനെ എടുത്തുകൊണ്ടുപോകുന്ന രീതിയില്‍ പാടണമെന്നാണ്. കലാക്ഷേത്രയിലൊക്കെയെങ്കില് അവര്‍ക്ക് ഒരു ബാണിയുണ്ട്. അത് സംരക്ഷിക്കാനായാണ് അവർ നില്‍ക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളിൽ നമ്മളത് അറിഞ്ഞുപാടണം.
റെക്കോഡിങ്ങ് നല്ലതുതന്നെ, പക്ഷേ…
ചില സന്ദര്‍ഭങ്ങളില്‍ റെക്കോര്‍ഡ് സംഗീതം ആവശ്യമാണ്. പണ്ട് ഒരു കുട്ടി ഗുരുവിന് കീഴില്‍ നൃത്തം അഭ്യസിക്കുമ്പോള്‍ തന്നെ സംഗീതജ്ഞരേയും പരിചയപ്പെടും. നര്‍ത്തകര്‍ക്ക് മ്യൂസിഷൻസ് കൂടെയുള്ളത് എല്ലാതരത്തിലും നല്ലതാണ്. വേദിയില്‍ നൃത്തത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിെൈല് സംഗീതം പ്രധാനമാണ്. റെക്കോര്‍ഡ് ചെയ്ത ട്രാക്കിനൊപ്പം നൃത്തം ചെയ്യുന്നതിന് ഒരു പരിമിതി കൂടിയാണ്.ലൈവ് ആണെങ്കില്‍ നമുക്ക് വേദിയില്‍ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്കാനാവും. അത് മറ്റൊരു അനുഭൂതിയാണ് കാഴ്ചക്കാരില്‍ സൃഷ്ടിക്കുന്നത്. റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ശബ്ദത്തിന് നല്ല ക്വാളിറ്റി ഉണ്ടാവും.പക്ഷേ വേദിയെ ചടുലമാക്കുന്നത് ലൈവ് അടമ്പടിതന്നെയാണ്. വേദിയില്‍ നര്‍ത്തകരുമായി ഒരു ലയമുണ്ട്. സംഗീതജ്ഞരുടെ കൂടെ നൃത്ത ജീവിതം പങ്കിടുന്നത് തന്നെയാണ് അതിന്റെ പൂര്‍ണത.പക്ഷേ എല്ലായ്പ്പോഴും ആ ചെലവ് തങ്ങാനാവില്ല. സാമ്പത്തിക പ്രശ്നമുള്‍പ്പെടെ വരുമ്പോള്‍ റെക്കോര്‍ഡിങ്ങ് ഒരു സാധ്യതയാണ്. ലൈവ് ചെയ്യുമ്പോഴാണ് കലയും കലാകാരനും വളരുന്നത്.
പുതുഭാഷകള്‍, ശൈലികള്‍
യുവഭരതനാട്യം നര്ത്തകന് പ്രിതംദാസ് ഒരിക്കല്‍ പരിപാടിക്ക് പാടാന്‍ ഒഡീസി വരികളാണ് തന്നത്. ഭാഷയും ഉച്ചാരണവും രീതിയുമെല്ലാം പ്രീതം പിന്നീട് തന്നു. ഡല്‍ഹിയില്‍ നൃത്തപരിപാടി കഴിഞ്ഞപ്പോള്‍ സൊണാല്‍ മാന്‍സിങ് ഓടിവന്നു. ഞാനൊരു ഒഡിഷക്കാരനാണെന്നാണ് അവര്‍ കരുതിയത്. കേരളത്തില്‍നിന്ന് മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്ക് ഭയങ്കര സന്തോഷമായി. നന്നായി പാടിയെന്ന് അവര്പറഞ്ഞു. തില്ലാനയില്‍ സാഹിത്യം ബംഗാളിയായിരുന്നു. അത്തരം വെല്ലുവിളിവിളികള് നമുക്ക് സന്തോഷമാണ്. പക്ഷേ, എനിക്ക് പറ്റാത്ത ശൈലികൾക്ക് വേണ്ടി എന്തങ്കിലും നിര്‍ബന്ധം കൊണ്ട് പാടില്ല.
വേദിയില്‍ മഞ്ജുവാര്യര്‍ സെലിബ്രിറ്റിയില്ല, നര്‍ത്തകിയാണ്
മഞ്ജുവാര്യര്ക്കുവേണ്ടി പാടുന്നുവെന്നത് സാധാരണക്കാര്‍ക്കിടയില്‍ നമ്മുടെ മൂല്യം പെട്ടെന്നുയര്ത്തിയിട്ടുണ്ട്. ചെന്നൈയില്‍ മാര്‍ഗഴി പാടുന്നയാളാണ്, ക്ഷേമടീച്ചര്ക്ക് പാടുന്നയാളാണ് എന്നതാണ് ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ നമ്മുടെ പ്രസക്തി. പക്ഷേ, സാധാരണ കാലാസ്വാദകര്ക്കിടയില് മഞ്ജുവിന് പാടുന്നയാള്‍ എന്നത് കൗതുകരമായ കാര്യമാണ്. സെലിബ്രിറ്റിക്ക് പാടുന്നത് കൊണ്ട് നമ്മൾ തന്നെ പെട്ടെന്ന് സെലിബ്രിറ്റി ആയി മാറും.
പക്ഷേ മഞ്ജുവിനെ സെലിബ്രിറ്റി ഡാന്‍സര്‍ എന്ന് പറയുന്നത് സിനിമയില്‍ നില്‍ക്കുന്നതുകൊണ്ടാണ്. പക്ഷേ കലാപരമായി വളരെ സീരിയസ് ആയിട്ടുള്ള ഡാന്‍സറാണ്. മഞ്ജുവാര്യര്‍ എന്ന ലേബലിനേക്കാള്‍ അവര്‍ കുച്ചിപ്പുടി ഡാന്‍സറായിട്ടാണ് പരിപാടികളെ സമീപിക്കുന്നത്. ഒരിക്കല്‍ സിനിമാനടി മഞ്ജുവാര്യരുടെ നൃത്തം എന്ന് കുറച്ചു കൂടുതല്‍ പറയുന്നത് കണ്ടപ്പോള്‍ അവര്‍ തന്നെ സ്റ്റേജില്‍ വന്നു ഇടപ്പെട്ടു- സിനിമയുമായി ബന്ധമില്ലാത്ത കുച്ചിപ്പുടി സമ്പ്രാദായത്തിലുള്ള നൃത്തമാണ് അവതരപ്പിക്കുന്നതതെന്ന് മഞ്ജു പറഞ്ഞു. സിനിമാറ്റിക്ക് ഡാന്‍സല്ല കുച്ചിപ്പുടിയാണ് താന്‍ കളിക്കുന്നതെന്ന് അവര്‍ ജനങ്ങളോട് ഉറപ്പിച്ചു പറയുകയാണ്.
പ്രാക്ടീസ് ചെയ്യാന്‍ പറ്റിയില്ലെങ്കിന് മഞ്ജു പരിപാടി ചെയ്യില്ല. സൂര്യയില്‍ മഞ്ജുവിന് സ്ഥിരം ഡേറ്റ് ഉണ്ടെങ്കിലും പ്രാക്ടീസ് ഇല്ലാതെ അതിനോട് നീതി പുലര്‍ത്താതെ ചെയ്യില്ലെന്നതാണ് അവരുടെ തീരുമാനം. ഒരിക്കല്‍ പോലും അവരുടെ സെലിബ്രിറ്റി സ്റ്റാറ്റസില്‍ നിന്ന് ഞങ്ങളോട് പെരുമാറിയിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യപരിപാടി മുതല്‍ കലാപരമായ ഒരു മതിപ്പ് അവരോട് ഉണ്ട്. അടുത്ത കൂട്ടുകാരിയെപോലെയാണ് നമ്മളോട് സംസാരിക്കുക. നമ്മുടെ കൂട്ടത്തിലുള്ള ഒരാള്‍ നമ്മളോട് എങ്ങനെയൊക്കെ ഇടപെടുന്നുവോ അതുപോലെയാണ് മഞ്ജുവും. അവര്‍ എന്തുചെയ്താലും അടിപൊളിയാണ്. അലൈപായുതേ ചെയ്ത് ഇങ്ങനെ കിടക്കുന്ന ഒരു ഭാഗമൊക്കെ ഭയങ്കര രസമായിട്ടാണ് അവര്‍ അഭിനയിക്കുക.
ഭാഷയില്ലാത്ത സംഗീതം
ഉജ്ജയിനി ഫെസ്റ്റിവലില്‍ ഒരു പ്രോഗ്രാം പാടിയപ്പോള്‍ ശ്രീരാമചന്ദ്ര കൃപാലു എന്ന ഭജന്‍ കഴിഞ്ഞശേഷം, ഒരു വയസ്സായ കര്ഷകന് നമ്മുടെ മുന്നില്‍ ഒറ്റവീഴ്ചയാണ്.രാമനെ ഞാന്‍ കണ്ടുവെന്നാണ അദ്ദേഹം പറയുന്നത്. ഭാഷയ്ക്കപ്പുറമുള്ള ആസ്വദനമായി തോന്നിയ അനുഭവമായിരുന്നു ആ നിമിഷം. പാട്ടിന് എന്നെ സ്ഥിരം കേള്‍ക്കാന്‍ വരുന്ന അമ്മമാരൊക്കെയുണ്ട്. അവര്‍ നമ്മുടെ ഭക്തി ആസ്വദിക്കാനാണ് വരുന്നതെന്ന് പറയും.
ക്ഷേമാവതി ടീച്ചര്‍ക്ക് വേണ്ടി സുഗതടീച്ചറുടെ കവിത പാദപ്രതിഷ്ഠയ്ക്ക് സംഗീതം നല്‍കിയിരുന്നു. പ്രിയയില്‍ അവസാനിക്കുന്ന ഒരു കൂട്ടം പ്രിയരാഗങ്ങളിലുടെ കവിതയെ സൃഷ്ടിക്കുകയായിരുന്നു. സൂര്യകാന്തി, രാത്രിമഴ, പൂതപ്പാട്ട്. അമ്മ തുടങ്ങി ഒട്ടേറെ കവിതകള്‍ നൃത്തത്തിന് വേണ്ടി ചിട്ടപ്പെടുത്തിയിട്ടുണ്ട്. പുതുതലമുറ നര്‍ത്തകരുടെ സംഗീതപരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാറുണ്ട്. ബാണയുദ്ധം ആട്ടക്കഥ മോഹിനിയാട്ടത്തിലേക്ക് മാറ്റി ചെയ്തു. മുമ്പ് നൂറുകണക്കിന് നാടകങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നു. ഇപ്പോള്‍ നൃത്തസംഗീതത്തിലാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ചെന്നെയിലെയൊക്കെ പോലെ കല ആസ്വദിക്കാന്‍ നമുക്ക് ആസ്വാദകരുണ്ടാവണം. അതുപോലെ ഏറ്റവും മികച്ച കലാകാരന്മാരുടെ പരിപാടികള്‍ നമ്മുടെ നാട്ടുകാര്‍ക്കും കാണാന്‍ അവസരമുണ്ടാകണം. അതിന് തൃശ്ശൂരില്‍ എല്ലാവര്‍ഷവും സൂര്യകാന്തി ഫെസ്റ്റിവല്‍ ഞങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ കലാകാരന്മാരുടെ ഒരു സംഘമാണ് അതിനു പിന്നില്‍. മോഹിനിയാട്ട ഗുരുവും ഗവേഷകയുമായ അക്ഷര എം. ദാസാണ് ജീവിതപങ്കാളി. മോഹിനിയാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ബിസ്മില്ലാഖാന് പുരസ്കാര ജേതാവാണ് . മകള്‍ ആറാം ക്ലാസുകാരി ഭാവയാമിയും നൃത്തവും സംഗീതവും ഗൗരവമായി അഭ്യസിക്കുന്നുണ്ട്.
സ്കൂള്‍ കാലം മുതല്‍ വിവേചനം അനുഭവിച്ചിട്ടുണ്ട്
തുടര്‍ച്ചയായി ഓടക്കുഴലില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കിട്ടുമ്പോള്‍ ഒരു അരക്കോളം പടവും സ്കൂളിന്റെ പേരും പത്രത്തില്‍ അടിച്ചുവരാന്‍ ഞാന്‍ കൊതിച്ചിട്ടുണ്ട്. സ്കൂള്‍ കാലം മുതല്‍ ആ വിവേചനം അനുഭവിച്ചിട്ടുണ്ട്. നാട്ടിന്‍പുറത്തെ കുട്ടി, നിറം, കളര്‍ഫുള്‍ അല്ലാത്ത കലയുടെ പേരിലൊക്കെയുള്ള അവഗണന ശീലമായതുകൊണ്ടാവാം ഇപ്പോഴും മുന്നിലേക്ക് നീങ്ങിനിൽക്കാനോ വിളിച്ചുകൂവാനോ പറ്റാറില്ല. പിന്‍പറ്റി നിന്നാണ് ശീലം. വലുതാകുമ്പോഴാണ് വിവേചനങ്ങള്‍ നമുക്ക് മനസ്സിലാവുന്നത്. നാട്ടിന്‍പുറത്തെ സ്കൂള്‍, സാമ്പത്തികശേഷിയുള്ള സ്കൂള്‍, കളര്‍ഫുള്‍ അല്ലാത്ത ഇനം തുടങ്ങി മാറ്റിനിര്‍ത്തലുകളില്‍ തുടങ്ങുകയാണ്. വര്‍ണവിവേചനം, സാമ്പത്തികവിവേചനം തുടങ്ങി പലതരം അവഗണനകള്‍ അനുഭവിച്ചാണ് നമ്മൾ വരുന്നത്. അത് കുട്ടിക്കാലം കഴിഞ്ഞും ആ അപകര്‍ഷതാബോധം നമ്മളെ പിന്തുടരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]