മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന് ദരിദ്രരായ കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗമാണ് മഖാന കൃഷി ദര്‍ഭംഗ, മധുബാനി, പൂര്‍ണിയ, കതിഹാര്‍ തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ മഖാന കര്‍ഷകര്‍ ഉള്ളത്. ഇതില്‍ തന്നെ മധുബാനി ജില്ലയിലാണ് കൂടുതല്‍ മഖാന ഉല്പാദിപ്പിക്കുന്നത്.
കേന്ദ്ര ബജറ്റില്‍ ബിഹാറിന് മഖാന ബോര്‍ഡ് പ്രഖ്യാപിച്ചു എന്ന് കേട്ടപ്പോഴാണ് എന്താണ് ഈ മഖാന എന്ന് നമ്മള് അന്വേഷിക്കുന്നത്. ദക്ഷിണേന്ത്യക്ക് അത്ര പരിചിതമല്ലെങ്കിലും ബീഹാര്‍, അസം, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ത്രിപുര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് പ്രതേക ശ്രദ്ധ അര്‍ഹിക്കുന്ന ഒരു ഭക്ഷ്യവിളയാണ്. ഗോര്‍ഗണ്‍ നട്ട് അല്ലെങ്കില്‍ ഫോക്സ്നട്ട് എന്ന് അറിയപ്പെടുന്ന മഖാന നിംഫേസി കുടുംബത്തില്‍പ്പെട്ട ഒരു ജലവിളയാണ്. പ്രത്യേകതരം താമര വിത്ത്.
ഇത് പ്രധാനമായും തെക്കുകിഴക്കന്‍, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, ചൈന, നേപ്പാള്‍, ബംഗ്ലാദേശ്, ജപ്പാന്, റഷ്യ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് കൃഷി ചെയ്യുന്നത്. ഇന്ത്യയില്‍, ഇതിന്റെ കൃഷി ബീഹാര്‍, അസം, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ത്രിപുര, ഒഡീഷ തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ മാത്രമാണ്. പ്രധാനമായും ബിഹാറിലാണ് ഇതിന്റെ ഭൂരിഭാഗവും കൃഷിചെയ്യുന്നത്. വടക്കന്‍ ബിഹാറിലെ ഒരു പ്രധാന ജല നാണ്യവിളയാണ് ഈ താമരവിത്തുകള്‍. ബിഹാറിലെ ഏകദേശം 15,000 ഹെക്ടര്‍ സ്ഥലത്ത് മഖാന കൃഷി ചെയ്യുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുള്ള ഏകദേശം 5 ലക്ഷം കുടുംബങ്ങള്‍ ഇതിന്റെ കൃഷി, വിളവെടുപ്പ്, സംസ്കരണം എന്നിവയില്‍ നേരിട്ട് പങ്കാളികളാകുന്നുണ്ട്.
ദേശീയ, അന്തര്‍ദേശീയ വിപണികളില്‍ ആവശ്യക്കാരുള്ള രുചികരമായ ഒരു ഭക്ഷ്യ വിഭവമാണിത്. ചെറുതും വൃത്താകൃതിയിലുള്ളതുമായ കറുപ്പ് മുതല്‍ തവിട്ട് നിറത്തിലുള്ള പുറം പാളിയുള്ള മഖാന വിത്തുകള്‍ ചെടിയുടെ ഭക്ഷ്യയോഗ്യമായ ഭാഗമാണ്,. മഖാന വളരെ പോഷകസമൃദ്ധമായ ഒരു ഭക്ഷണവും കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവയുടെ വളരെ നല്ല ഉറവിടവുമാണ്. വറുത്തെടുക്കുന്ന ലഘുഭക്ഷണങ്ങള്‍, കറികള്‍, മധുരമുള്ള കഞ്ഞി എന്നിവയുടെ രൂപത്തിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഉത്തരേന്ത്യയില്‍ നവരാത്രി, കൊജാഗര, ഈദ്, വിവാഹം തുടങ്ങിയ വിവിധ ഉത്സവങ്ങളില്‍ മഖാന ഒരു പ്രധാന വിഭവമാണ്. ഉപവാസസമയത്ത് ധാന്യേതര ഭക്ഷണമായി മഖാന വിത്തുകള്‍ ഉപയോഗിക്കുന്നു
പോഷക സമ്പുഷ്ടമായ ഒരു ഉല്‍പ്പന്നമായതിനാല്‍ മഖാനയ്ക്ക് നിരവധി ഉപയോഗങ്ങളുണ്ട്. ദാല്‍ മഖാനി പോലുള്ള വിഭവങ്ങള്‍ തയ്യാറാക്കാനും മറ്റ് പച്ചക്കറികളുമായി കൂട്ടിയിണക്കിയുള്ള ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്നതിനും ഉപയോഗിക്കുന്നു. മഖാന നേരിട്ടും കഴിക്കാവുന്നതാണ്. അല്ലെങ്കില്‍ ഉപ്പ്, നെയ്യ് എന്നിവ ചേര്‍ത്ത് വറുത്തതിന് ശേഷം ചായക്കടിയായും ഉപയോഗിക്കുന്നുണ്ട്. മഖാന ആട്ട മഖാന ഭുജിയ, മഖാന ഫ്ലേക്സ്, കുക്കികള്‍, മഖാന ബര്‍ഫി,തുടങ്ങിയ അനുബന്ധ ഉത്പന്നങ്ങളാണ് വിപണിയില്‍ എത്തുന്നുണ്ട്.
മത്സ്യത്തൊഴിലാളി സമൂഹത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന് ദരിദ്രരായ കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗമാണ് മഖാന കൃഷി ദര്‍ഭംഗ, മധുബാനി, പൂര്‍ണിയ, കതിഹാര്‍ തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ മഖാന കര്‍ഷകര്‍ ഉള്ളത്. ഇതില്‍ തന്നെ മധുബാനി ജില്ലയിലാണ് കൂടുതല്‍ മഖാന ഉല്പാദിപ്പിക്കുന്നത്. ഈ നാണ്യവിള ബീഹാറില്‍ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും കയറ്റുമതി ചെയ്യുന്നു. മഖാന കൃഷി വളരെ ബുദ്ധിമുട്ടുള്ളതും അധ്വാനം ആവശ്യമുള്ളതുമാണ്, സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളി സമൂഹമാണ് പ്രധാനമായും മഖാന ഉല്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
കുളങ്ങള്‍, തടാകങ്ങള്‍ തുടങ്ങിയ ജലാശയങ്ങള്‍ കേന്ദ്രീകരിച്ചാണ് കൃഷി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ബീഹാറിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് അവരുടെ പ്രത്യേക തൊഴിലും അവകാശവുമാണ്, ഇത് അവര്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കിയിട്ടുമുണ്ട്. മത്സ്യകൃഷി പോലെ, മഖാന കൃഷിയും സാങ്കേതികഅവഗാഹം ആവശ്യപ്പെടുന്നുണ്ട്. ബീഹാറില്‍ മഖാന വിളയുടെ സംസ്കരണം കാലങ്ങളായി മത്സ്യത്തൊഴിലാളി സ്ത്രീകള്‍ മാത്രമാണ് ചെയ്യുന്നത്. മത്സ്യത്തെപ്പോലെ തന്നെ ഇത് മൂലധനം ആവശ്യമുള്ള ഒരു ഉല്‍പ്പന്നവുമാണ്. ഇതിനായി മത്സ്യത്തൊഴിലാളി സമൂഹം നഗരങ്ങളില്‍ നിന്നുള്ള വ്യാപാരികളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ വിപണിവില നിശ്ചയിക്കുന്നതും അവര്‍ തന്നെയാണ് . അതുകൊണ്ടു തന്നെ ഇപ്പോള്‍ മത്സ്യത്തൊഴിലാളി സമൂഹത്തിന് മഖാന ഉല്പാദനത്തില് കൂലിത്തൊഴിലാളികളെപ്പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇതിനൊരു മാറ്റം കൊണ്ട് വന്ന് മഖാന കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് കേന്ദ്ര ഗവണ്മെന്റ് മഖാന ബോര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ വ്യക്തമാക്കുന്നത്.
മഖാന കൃഷിയെയും അതിന്റെ സംസ്കരണത്തെയും വിപണനത്തെയും ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് മൈക്രോ, ചെറുകിട & ഇടത്തരം സംരംഭ മന്ത്രാലയത്തിന് കീഴിലുള്ള പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഖാന കര്‍ഷകരെ സഹായിക്കുകയാണ് മഖാന ബോര്‍ഡ് ലക്ഷ്യമിടുന്നത്.
നൂതന കൃഷിരീതികളും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും ബിഹാറിലെ മഖാന കൃഷിയെ സഹായിക്കും. വെള്ളപ്പൊക്ക പ്രതിരോധ രീതികള്‍, ആഴം കുറഞ്ഞ ജലകൃഷി, ഉയര്‍ന്ന വിളവ് നല്കുന്ന താമര വിത്ത് ഇനങ്ങള്‍ എന്നിവ അവതരിപ്പിച്ചുകൊണ്ട്, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും ഈ സൂപ്പര്ഫുഡിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആഗോള ആവശ്യം നിറവേറ്റാനും പുതിയ പ്രഖ്യാപനത്തിന് കഴിയുമെന്ന് കരുതാം. മഖാനയുടെ പരമ്പരാഗത വിളവെടുപ്പ് രീതികള്‍ വളരെ അധ്വാനം ആവശ്യമുള്ളതും, കാര്യക്ഷമമല്ലാത്തതും, അപകടകരവുമാണ്. മത്സ്യത്തൊഴിലാളികളായ കര്‍ഷകര്‍ക്ക് വിത്തുകള്‍ ശേഖരിക്കാന്‍ മണിക്കൂറുകളോളം ആഴത്തിലുള്ളതും, ചെളി നിറഞ്ഞതുമായ കുളങ്ങളില്‍ മുങ്ങിക്കിടക്കേണ്ടി വരാറുണ്ട്. ഇത് അവരുടെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. കാര്യക്ഷമമല്ലാത്ത മഖാന വിളവെടുപ്പ് പ്രക്രിയയുടെ അപകടങ്ങള്‍ തലമുറകളായി തൊഴിലാളികള്‍ അനുഭവിച്ചു വരുന്നുണ്ട്. ഇത് യുവ തലമുറയെ ഈ കൃഷിയില്‍ നിന്നും അകറ്റുന്നുണ്ട്. ഈ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്, നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ മഖാനയുടെ നേതൃത്വത്തില്‍ മഖാന കൃഷിയെ കൂടുതല്‍ സുസ്ഥിരവും സുരക്ഷിതവും ലാഭകരവുമായി മാറ്റുന്നതിനുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനൊക്കെ വേഗം കൂട്ടാന്‍ പുതിയ പ്രഖ്യാപനത്തിന് കഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]