ബീജിംഗ്: കടുവ കുരയ്ക്കുമോ ? നായ അല്ലേ കുരയ്ക്കുന്നത്. കടുവ ഗംഭീരമായി ഗർജ്ജിക്കുകയല്ലേ ചെയ്യുന്നത്. മുരൾച്ച കേട്ടാൽ തന്നെ ഭയമാകും. പക്ഷേ, ചൈനയിലെ തായ്ഷൂവിലെ കിൻഹു ബേ ഫോറസ്റ്റ് ആനിമൽ കിംഗ്ഡത്തിലെ കടുവക്കുട്ടികളുടെ ശബ്ദം കേട്ട് കാഴ്ചക്കാർ എല്ലാം അമ്പരന്നു. നായ കുരയ്ക്കുന്നത് പോലെയായിരുന്നു അത്. കാഴ്ചയിലും അടിമുടി അസ്വഭാവികത. കടുവയെ പോലെ തോന്നിപ്പിക്കുന്ന ഓറഞ്ചും കറുപ്പും നിറത്തിലെ പെയിന്റടിച്ച നായകൾ മാത്രമായിരുന്നു അത്. !
ചോ ചോ ഇനത്തിലെ നായകളെയാണ് മൃഗശാല അധികൃതർ ഡ്യൂപ്ലികേറ്റ് കടുവകളാക്കിയത്. ചോ ചോ കടുവകളുടെ വീഡിയോ ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൃഗശാലക്കെതിരെ വ്യാപക വിമർശനം ഉയർന്നു. ഒറ്റനോട്ടത്തിൽ തന്നെ നായ ആണെന്ന് മനസിലാകുമെന്നും കൂട്ടിനുള്ളിൽ അടച്ചിട്ടിരിക്കുന്ന ഇവയോട് കാട്ടുന്നത് ക്രൂരതയാണെന്നും പലരും അഭിപ്രായപ്പെട്ടു.
നായയെ കടുവയെ പോലെ പെയിന്റടിച്ചതാണെന്ന് മൃഗശാല അധികൃതർ പ്രാദേശിക മാദ്ധ്യമങ്ങളോട് സമ്മതിക്കുകയും ചെയ്തു. പ്രസിദ്ധിയാർജ്ജിക്കാനുള്ള വിദ്യയാണിതെന്നും വളരെ പ്രൊഫഷണലായിട്ടാണ് നായകൾക്ക് നിറം നൽകിയതെന്നും അത് അവയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ലെന്നും മൃഗശാല അവകാശപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേ സമയം, സഞ്ചാരികളെ ആകർഷിക്കാൻ ചൈനീസ് മൃഗശാലകൾ ഇത്തരം വ്യാജ മൃഗങ്ങളെ അവതരിപ്പിക്കുന്നത് ആദ്യമല്ല. നേരത്തെ തെക്കൻ ചൈനയിലെ ഗ്വാംഗ്ഡോങ്ങ് പ്രവിശ്യയിലെ ഒരു മൃഗശാലയിൽ ചോ ചോ നായകളെ വെള്ളയും കറുപ്പും നിറത്തിലെ ചായം പൂശി പാണ്ടകളെ പോലെ അവതരിപ്പിച്ചിരുന്നു. ജിയാൻഷൂ പ്രവിശ്യയിലും ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.