
തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയതിൽ വിചിത്ര വിശദീകരണവുമായി പ്രതി ഹരികുമാർ. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉൾവിളി തോന്നിയതു കൊണ്ടാണെന്ന വാദമാണ് പ്രതി ഉയർത്തുന്നത്. കൊല്ലണമെന്ന് തോന്നിയപ്പോൾ കൊന്നു എന്നാണ് പ്രതി പൊലീസിന് നൽകുന്ന വിശദീകരണം. അതേസമയം പ്രതി അടിക്കടി മൊഴിമാറ്റുന്നത് പൊലീസിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. ഹരികുമാർ വിദ്യാഭ്യാസം നേടിയിട്ടില്ല. മൂന്നു വർഷം ആലപ്പുഴയിലെ ഒരു ദേവീക്ഷേത്രത്തിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹരികുമാറിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറയുന്നു.
കുഞ്ഞിന്റെ അമ്മ ശ്രീതുവും ഭർത്താവ് ശ്രീജിത്തും തമ്മിൽ അകൽച്ചയിലായിരുന്നു. ഹരികുമാറും സഹോദരി ശ്രീതുവും നിഗൂഢ സ്വഭാവമുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. അടുത്തടുത്ത മുറികളിൽ കഴിയുമ്പോഴും ഇരുവരും നിരന്തരം വാട്സാപ്പ് ചാറ്റും വീഡിയോ കാളും ചെയ്യാറുണ്ടായിരുന്നു. ശ്രീതുവിനോട് ഹരികുമാർ വഴിവിട്ട് പെരുമാറാൻ ശ്രമിച്ചിരുന്നു. അടുപ്പത്തിന് കുഞ്ഞ് തടസമാകുമെന്നതിനാൽ കൊലപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ച വിവരം.
കേസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ പ്രതിക്ക് പങ്കുള്ളതായി തന്നെയാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളതെന്ന് റൂറൽ എസ്പി കെ.എസ്. സുദർശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വിശദമായി കാര്യങ്ങൾ മനസിലാകണമെങ്കിൽ ശാസ്ത്രീയപരമായി പരിശോധനകൾ നടത്തേണ്ടതുണ്ട്. കുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹരികുമാറിനെ അറസ്റ്റ് ചെയ്തത്. ഡിലീറ്റ് ചെയ്തതടക്കമുള്ള വാട്സാപ്പ് ചാറ്റുകൾ തിരികെ എടുക്കുമെന്നും എസ്പി വ്യക്തമാക്കി. കുട്ടിയുടെ അമ്മ ശ്രീതുവും സംശയ നിഴലിൽ തന്നെയാണ്.കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതുശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് ഇന്നലെ കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറിനെയാണ് (25) ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net