
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ അറസ്റ്റിലായി. അതിരപ്പിളളി വില്ലേജ് ഓഫീസർ കെ എൽ ജൂഡിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ 3000 രൂപ വലതുകാലിലെ സോക്സിനുളളിൽ ഇയാൾ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് ജൂഡിന്റെ സോക്സിനുളളിൽ നിന്ന് പണം കണ്ടെടുത്തത്.
ഭൂമി വിൽക്കുന്നതിന് മുൻപ് എടുക്കുന്ന റെക്കോഡ് ഒഫ് റൈറ്റ്സ് സർട്ടിഫിക്കറ്റ് (ആർഒആർ) അനുവദിക്കുന്നതിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയ വ്യക്തി വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയ വ്യക്തി വിജിലൻസിന് പരാതി നൽകിയത്. വിജിലൻസ് അന്വേഷണം നടത്തിയപ്പോൾ പരാതിയിൽ വസ്തുതയുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.
തുടർന്ന് കൈക്കൂലി നൽകാമെന്ന് അറിയിച്ച ശേഷം, ഇന്ന് വില്ലേജ് ഓഫീസർ സ്ഥല പരിശോധനയ്ക്കായി അപേക്ഷകനൊപ്പം പോവുകയായിരുന്നു. സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപായുള്ള സ്ഥല പരിശോധന കഴിഞ്ഞ് വില്ലേജ് ഓഫീസിൽ മടങ്ങിയെത്തിയ ശേഷമാണ് ജൂഡ് പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയത്. വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകളാണ് കൈക്കൂലിയായി കൈമാറിയത്. ഇതിനിടെ വിജിലൻസ് സംഘമെത്തി വില്ലേജ് ഓഫീസറെ പിടികൂടുകയായിരുന്നു. സ്ഥലപരിശോധന നടക്കുമ്പോഴും വിജിലൻസ് സംഘം പിന്തുടർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജൂഡ് നേരത്തെ കാസർകോട് കൈക്കൂലി കേസിൽപ്പെട്ടയാളാണെന്നും മാളയിൽ ജോലി ചെയ്തപ്പോഴും ഇയാൾക്കെതിരെ കൈക്കൂലി ആരോപണം ഉയർന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.