
ടൊവിനോ ചിത്രം എ.ആര്.എമ്മിന്റെ (അജയന്റെ രണ്ടാം മോഷണം) റിലീസ് സമയത്ത് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ കോടികള്‍ ആവശ്യമായി വന്നപ്പോള്‍ തന്നെ സഹായിച്ചത് നടന് പൃഥ്വിരാജും സംവിധായകന് അന്‍വര്‍ റഷീദുമാണെന്ന് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍. പൃഥ്വിരാജ് തന്നെ ഒറ്റക്കോളില്‍ സഹായിച്ചുവെന്ന് ലിസ്റ്റിന് പറഞ്ഞു. വീണ്ടും തുക ആവശ്യമായി വന്നപ്പോള്‍ അന്‍വര്‍ റഷീദ് പണം തന്റെ അക്കൗണ്ടിലേക്ക് ഇട്ടുതരുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ആര്.എമ്മിന്റെ സക്സസ് സെലിബ്രേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിസ്റ്റിന് സ്റ്റീഫന്‍ പറയുന്നത് ഇങ്ങനെ:
ഈ ചിത്രം തുടങ്ങുന്നിന് ഒരു 25 ദിവസം മുമ്പാണ് ഞാന്‍ സിനിമയില്‍ എത്തിച്ചേരുന്നത്. പ്രീ- പ്രൊഡക്ഷന്‍ തുടങ്ങിക്കഴിഞ്ഞാണ് ഞാന്‍ ഇതില്‍ ജോയിന്‍ ചെയ്യുന്നത്. അന്ന് സിനിമയുടെ പേര് അജയന്റെ രണ്ടാം മോഷണം എന്നായിരുന്നു. പങ്കാളിയായ ഡോ. സക്കറിയ തോമസുമായി ചേര്‍ന്നായിരുന്നു നിര്‍മാണം. എല്ലാ സിനിമകളും തുടങ്ങുമ്പോള്‍ ഒരു ബജറ്റുണ്ടാകും, പിന്നീട് അത് മാറും. ഈ സിനിമ വലിയ സിനിമയായി മാറണമെന്ന ആഗ്രഹമുണ്ടായിരുന്നു. സംവിധായകന് ജിതിന് എടുത്ത ഷോട്ടുകള്‍ എന്നെ കാണിച്ചുതന്നപ്പോള് അത് ഇഷ്ടപ്പെട്ടു. എ.ആര്.എം. എന്ന പാന്‍ ഇന്ത്യന്‍ സിനിമയാക്കണം എന്ന് പറഞ്ഞിട്ടാണ് എ.ആര്.എം. എന്ന ടൈറ്റില്‍ വരുന്നത്. പിന്നെ അജയന്റെ രണ്ടാം മോഷണം ഇല്ല.
വലിയ രീതിയില്‍ ബിസിനസ് ചെയ്യാന്‍ പറ്റുന്ന സമയത്തായിരുന്നു ഈ സിനിമ പ്ലാന്‍ ചെയ്തത്. അതുകൊണ്ട് തന്നെ സിനിമ കാണിച്ച ശേഷം ബിസിനസ്സ് ചെയ്യാം എന്നായിരുന്നു തീരുമാനം. ഒരു ടൊവിനോ ചിത്രത്തിന് അന്ന് കിട്ടാവുന്നതില്‍വെച്ച് ഏറ്റവും കൂടുതല്‍ തുക വേണമെന്നായിരുന്നു ആഗ്രഹം. വലിപ്പമുള്ളൊരു സിനിമയായിരുന്നു.
രണ്ടുദിവസമൊക്കെ വൈകിയാണ് ചിത്രം മറ്റുഭാഷകളില്‍ റിലീസ് ചെയ്യാന്‍ പറ്റിയത്. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞിട്ടാണ് ഒരു ബിസിനസ് പോലും നടന്നത്. ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന നാല് സിനിമകളുടെ ബജറ്റ് ചേര്ത്തുവെച്ചുകഴിഞ്ഞാല് ഈ സിനിമയുടെ ബജറ്റ് ആവുന്നില്ല.
ചിത്രത്തിന്റെ റിലീസിന് മുമ്പ് ഫിനാന്‍സ് എടുത്ത തുകകള്‍ തിരിച്ചുകൊടുക്കണം. ഈ സിനിമ ബിസിനസ് ആവാതിരുന്ന സമയത്ത് ഫൈനല്‍ സെറ്റില്‍മെന്റിന് ഇത്ര കോടികള്‍ വേണം, അത് ആവശ്യമായി വന്നപ്പോള്‍ എന്റെ ഒരുകോളില് എന്ന സഹായിച്ച പൃഥ്വിരാജ് സുകുമാരനോട് ഞാന്‍ നന്ദി പറയുകയാണ്. കുറച്ചുകൂടെ പണം ആവശ്യമായി വന്നപ്പോള്‍, എത്രയാണ് എന്ന് ചോദിച്ച് എന്റെ അക്കൗണ്ടില്‍ ഇട്ടുതന്ന സംവിധായകനും സുഹൃത്തുമായ അന്‍വര്‍ റഷീദിനോട് നന്ദി പറയുകയാണ്. ഒരുപാട് പേരുടെ സഹായം ഉണ്ടെങ്കില്‍ മാത്രമാണ് ഓരോരുത്തര്‍ക്കും വരാന്‍ പറ്റുകയള്ളൂ. ലിസ്റ്റിന് സ്റ്റീഫന്‍ ഇന്നിവിടെ നില്ക്കണമെങ്കില് ഒരുപാടുപേരുടെ സഹായമുണ്ടാവും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]