
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്. സി. നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈയിനെ അവരുടെ മൈതാനത്തില്‍ തോല്‍പ്പിക്കേണ്ടത് സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ നിലനില്‍പ്പിന്റെ കൂടി പ്രശ്നമായിരുന്നു. ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി. 2024-2025 സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം ജയമാണ് ചെന്നൈയില്‍ പിറന്നത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചാണ് ബ്ലാസ്റ്റേഴ്സ് മുന്നേറിയത്. ചെന്നൈയിന്റെ പിഴവ് മുതലെടുത്ത് മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് വലകുലുക്കി. ജീസസ് ജിമിനസ് ആണ് സ്കോര്‍ ചെയ്തത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ കേരളം ലീഡ് ഉയര്‍ത്തി 45 + 3ാം മിനിറ്റില്‍ കൊറൂ സിംഗ് ആണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോള്‍ നേടിയത്. 37ാം മിനിറ്റില്‍ ചെന്നൈയിന്റെ കൊളംബിയന്‍ താരം വില്‍മാര്‍ ജോര്‍ദാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ഹോം ടീമിന് തിരിച്ചടിയായി. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം മിലോസ് ഡ്രിന്‍സിച്ചിനെ പിടിച്ചുതള്ളിയതിനാണു ചെന്നൈയിന് താരത്തിന് മാര്‍ച്ചിംഗ് ഓര്‍ഡര്‍ കിട്ടിയത്.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോള്‍ കളിക്കുന്നത് തുടര്‍ന്നു. 56ാം മിനിറ്റില്‍ ക്വാമി പെപ്രയുടെ ഗോളിലൂടെ പട്ടിക പൂര്‍ത്തിയാക്കി. ബ്ലാസ്റ്റേഴ്സിന്റെ മുന്‍ ഗോവന്‍ താരം വിന്‍സി ബരേറ്റോയുടെ വകയായിരുന്നു ചെന്നൈയിന്റെ ആശ്വാസ ഗോള്‍. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ചെന്നൈയിന് വേണ്ടി താരം സ്കോര്‍ ചെയ്തത്. 19 കളികളില്‍ നിന്ന് ഏഴ് ജയവും മൂന്ന് സമനിലയും ഒമ്പത് തോല്‍വികളുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രെഡിറ്റിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]