
അമൃത സിങിന്റെയും സെയ്ഫ് അലി ഖാന്റെയും മകന് ഇബ്രാഹിം അലി ഖാന്റെ ബോളിവുഡ് അരങ്ങേറ്റം ഉടനുണ്ടാവും എന്ന സൂചന നല്കി കരണ്‍ ജോഹര്‍. നിലവില്‍ മൂന്ന് സിനിമകളാണ് ഇബ്രാഹിമിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങാന്‍ തയ്യാറാകുന്നത്. ഇതില്‍ ഒന്നിന്റെ നിര്‍മാതാവും മറ്റൊന്നിന്റെ സഹനിര്‍മാതാവുമാണ് കരണ്‍. ഇന്‍സ്റ്റഗ്രാമിലൂടെ മനോഹരമായ നീണ്ട ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് കരണ്‍ ഇബ്രാഹിമിന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
40 വര്‍ഷം നീണ്ട ബന്ധമാണ് അമൃതയുടെയും സെയ്ഫിന്റെയും കുടുംബങ്ങളുമായി തനിക്കുള്ളതെന്നും ഇബ്രാഹിമിനെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാന്‍ സന്തോഷമുണ്ടെന്നും കരണ്‍ കുറിപ്പില്‍ പറയുന്നു. ബോളിവുഡിലെ ‘നെപ്പോകിഡ്സിന്റെ തലതൊട്ടപ്പന്’ എന്ന ലേബല്‍ സന്തോഷത്തോടെ സ്വീകരിച്ചയാളാണ് കരണ്‍ ജോഹര്‍. തന്റെ സിനിമകളിലൂടെയും നിര്‍മാണ കമ്പനിയിലൂടെയും നിരവധി താരപുത്രന്മാരെയും പുത്രിമാരെയുമാണ് കരണ്‍ ബോളിവുഡിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്. അതില്‍ ഏറ്റവും പുതിയ ആളാണ് പഠൗഡി കൊട്ടാരത്തിലെ രാജകുമാരന് എന്ന് പൊതുവില്‍ വിളിക്കപ്പെടുന്ന ഇബ്രാഹിം.
‘എനിക്കീ കുടുംബത്തെ 40 വര്‍ഷമായി അറിയാം. ദുനിയ എന്ന ചിത്രത്തില്‍ അമൃതയ്ക്കൊപ്പവും കല് ഹൊ നാ ഹൊ, കുര്‍ബാന്‍ എന്നീ ചിത്രങ്ങളിലും സെയ്ഫിനൊപ്പവും ജോലി ചെയ്തിട്ടുണ്ട്. സിംബയിലൂടെ സാറയെ അഭിനയത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള ഭാഗ്യവുമുണ്ടായി. സിനിമ അവരുടെ രക്തത്തിലും ജീനിലുമുണ്ട്. ഇപ്പോഴിതാ ആ കുടുംബത്തിലെ ഒരാള്‍ കൂടി സിനിമാലോകത്തേക്ക് എത്തുകയാണ്. അവനെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാന്‍ ഇനിയും താമസിക്കാന്‍ എനിക്കാവില്ല. ഇബ്രാഹിം അലി ഖാന് പഠൗഡി നിങ്ങളുടെ ഹൃദയത്തിലേക്കുള്ള യാത്ര ഉടന്‍ ആരംഭിക്കും,’ കരണ്‍ തന്റെ പോസ്റ്റില്‍ പറയുന്നു.
സര്‍സമീന്‍, നാദാനിയാന്, ദിലേര്‍ എന്നീ സിനിമകളാണ് ഇബ്രാഹിമിന്റേതായി 2025-ല്‍ റിലീസിനൊരുങ്ങുന്നത്. കരണ്‍ ജോഹര്‍ നിര്‍മിച്ച് ഷൗന ഗൗതമിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന നാദാനിയാന് എന്ന ചിത്രത്തില്‍ ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ഇളയമകള്‍ ഖുഷി കപൂറാണ് ഇബ്രാഹിമിന്റെ നായികയായി എത്തുന്നത്. കരണ്‍ ജോഹര്‍ സഹനിര്‍മാതാവാകുന്ന സര്‍സമീന്‍ എന്ന ചിത്രത്തില്‍ കജോളിനും പൃഥ്വിരാജ് സുകുമാരനുമൊപ്പമാണ് ഇബ്രാഹിം അഭിനയിക്കുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന സ്പോര്‍ട്സ് ഡ്രാമയായ ദിലേര്‍ എന്ന സിനിമയില്‍ ശ്രീലീലയാണ് ഇബ്രാഹിമിന്റെ നായികയായി എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]