‘അതങ്ങോട്ട് പുറത്തോട്ടെടുത്ത് ഇട്. നാട്ടുകാരൊക്കെ കാണട്ടെ’. ഇരുപത്തിയഞ്ചു പവനിൽ തൂങ്ങിയാടുന്ന ഒരു ‘കൊല്ല’ കല്യാണം. ചെറുക്കൻ്റെ അമ്മ കെട്ടിവന്ന പെണ്ണിനോട് കല്യാണം കഴിഞ്ഞുള്ള വൈകീട്ടത്തെ റിസപ്ഷന് പറയുന്ന ഡയലോഗാണിത്. നാട്ടിൻപ്പുറമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ കല്യാണവീടുകളുടെ നേർക്കാഴ്ചയാണ് ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ‘പൊന്മാന്’. കൊല്ലമാണ് കഥാ പരിസരമെങ്കിലും പൊന്ന് ഇടപെട്ടിട്ടുള്ള കല്യാണങ്ങള്‍ നടത്തിയ എല്ലാവര്ക്കും കഥ കത്തും, കൊള്ളും.
കല്യണ സമ്മാനമായി 500 കിട്ടായാൽ തിരിച്ച് അറുനൂറ് കൊടുക്കുന്നതാണ് അന്തസ്സെന്ന് കരുതുന്ന അജീഷിന്റെ (ബേസിൽ) അഭിപ്രായം. ഈ അന്തസ്സിന്റെ പുറത്തുള്ള കളികളിലാണ് ചിത്രം പുരോഗമിക്കുന്നത്. പെണ്ണായാല്‍ പൊന്ന് വേണമെന്ന പാട്ട് റിങ് ടോണിട്ട് നടക്കുന്ന അജീഷിൻ്റെ കഥാപാത്രം ബേസിലെന്ന നടൻ്റെ മറ്റൊരു മുഖം പ്രേക്ഷകർക്ക് നൽകുന്നുണ്ട്. പൊന്നും കല്യാണ വീടും പണപ്പിരിവും പ്രധാന കഥാപാത്രമാകുന്ന ഡ്രാമ ത്രില്ലറാണ് പൊൻമാൻ.
ജി ആര് ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജസ്റ്റിന് മാത്യുവിന്റെയും ജി.ആര് ഇന്ദുഗോപന്റെയും തിക്കഥയിലെ കൊല്ലവും പൊന്നും നമ്മൾ അടുത്തിടെ അയലത്തെ വീട്ടില്‍ കേട്ട സംഭാഷണത്തിന്റെ തുടര്‍ച്ചയായാണ് അനുഭവപ്പെടുക. ഇന്ദുഗോപന് കഥകളിലെ കഥാപാത്രങ്ങളുടെ സംസാരവും സ്വഭാവും പൊന്മാനിലും പ്രകടമാണ്.
പൊന്നിന്റെ വിലയുള്ള ഞണ്ടിന് പൊന്നിനേക്കാള്‍ വില കല്‍പ്പിക്കുന്ന മരിയനെ അവതരിപ്പിച്ചിരിക്കുന്നത് സജിന്‍ ഗോപുവാണ്. കൊണ്ടും കൊടുത്തും അധ്വാനിച്ച് ജീവിക്കുന്ന മരിയന്‍ അലമ്പാകുമ്പോഴാണ് ചിത്രം ഉഷാറാവുന്നത്.
പൊന്നാണ് താരം. സ്റ്റെഫിയായി എത്തുന്ന ലിജോ മോള് കഥാപരിസരത്തിന് അനുയോജ്യമായി കൈക്കൊണ്ടിട്ടുള്ള മാറ്റങ്ങള്‍ കൃത്യമാണ്. രാഷ്ട്രീയ നിലപാടുകളും കുടുംബത്തോടുള്ള പ്രതിബദ്ധതയും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ബ്രൂണോയും ( ആനന്ദ് മൻമഥൻ) നമുക്ക് പരിചിതമായ കഥാപാത്രമാണ്.
ദീപക് പറമ്പോൽ, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു തുടങ്ങിയവരുടെ അഭിനയവും പ്രശംസ അർഹിക്കുന്നതാണ്. 2025-ൽ കണ്ടിരിക്കേണ്ട ത്രില്ലർ ചിത്രമാണ് ‘പൊൻമാൻ’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]