
ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടെയിൽ കനാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നും കൊല്ലപ്പെട്ടത് മലയാളിയാണെന്ന് സംശയമുണ്ടെന്നും തെലങ്കാന പൊലീസ് അറിയിച്ചു. നല്ലഗൊണ്ടെ ഗുറംപോടുള്ള കനാൽ കരയിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഈ മാസം 18നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലയാളിയാണെന്ന സംശയം ഉയർന്നത്. കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം കനാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവ് ധരിച്ചിരുന്ന വസ്ത്രമടക്കം സംഭവസ്ഥലത്തുനിന്ന് ലഭിച്ചിരുന്നു. ഷർട്ടിന്റെ സ്റ്റൈൽ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. ഈ സ്റ്റൈൽ കോഡിലുള്ള ഷർട്ട് വിറ്റത് കേരളത്തിൽ മാത്രമാണെന്ന് ഷർട്ട് കമ്പനി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് മലയാളിയാണെന്ന സംശയത്തിലെത്തിയതെന്ന് കൊണ്ടമലെപ്പള്ളി സിഐ കെ ധനുഞ്ജയ വ്യക്തമാക്കി.
കൊല്ലപ്പെട്ട യുവാവിന്റെ വിവരങ്ങൾ ലഭിക്കുന്നതിനായി തെലങ്കാന പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂവെന്നും തെലങ്കാന പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]