
വാഷിംഗ്ടൺ: അമേരിക്കയിൽ യാത്രാ വിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർ മരിച്ചു. മരിച്ചവരിൽ അത്ലറ്റുകൾ, പരിശീലകർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പടെയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
യുഎസ് ഫിഗർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ചുള്ള പരിശീലന ക്യാമ്പായ നാഷണൽ ഡെവലപ്മെന്റ് ക്യാമ്പിൽ നിന്ന് വിമാനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവരെന്നാണ് വിവരം. റഷ്യൻ ഫിഗർ സ്കേറ്റർമാരായ യെവ്ജീനിയ ഷിഷ്കോവ, വാഡിം നൗമോവ് എന്നിവരും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് സൂചന.
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ വാഷിംഗ്ടണിലെ റീഗൻ നാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അമേരിക്കൻ എയർലൈൻസിന്റെ വിമാനം സൈനിക ഹെലികോപ്ടറിലിടിച്ചാണ് അപകടമുണ്ടായത്. കൻസാസിലെ വിചിതയിൽ നിന്ന് വരികയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ 5342 ഫ്ളൈറ്റ് ആണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് വിമാനത്തിൽ 60 യാത്രക്കാരും നാല് ക്രൂമെമ്പേഴ്സും ഉണ്ടായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള പൊട്ടോമാക് നദിക്ക് മുകളിലെത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. ഈ നദിയിലാണ് ഇപ്പോൾ തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ പത്തൊമ്പത് മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും തെരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപകടത്തിൽ എത്രപേർ മരിച്ചുവെന്ന അന്തിമ കണക്ക് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ആരും രക്ഷപ്പെടാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. പതിനാറ് വർഷത്തിനിടെ അമേരിക്കയിൽ നടക്കുന്ന വലിയ കൊമേഴ്ഷ്യൽ ഫ്ളൈറ്റ് അപകടമാണിത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ റൊണാൾഡ് റീഗൻ എയർപോർട്ടിൽ എല്ലാ ടേക്ക് ഓഫുകളും ലാൻഡിംഗുകളും താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.