
ചലച്ചിത്രമേഖലയിൽ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്. 2014-ൽ സജി കൊരട്ടി എന്ന മേക്കപ്പ്മാനിൽനിന്ന് ലൈംഗികാതിക്രമമുണ്ടായെന്നും ഫെഫ്കയിൽ പരാതിപ്പെട്ടപ്പോൾ ഫലമുണ്ടായില്ലെന്നും അവർ പറഞ്ഞു. ഊട്ടിയിൽ 65 ദിവസത്തെ ജോലിയുണ്ടെന്ന് പറഞ്ഞ് അഡ്ജസ്റ്റ്മെന്റിന് നിർബന്ധിച്ചു. എതിർത്തപ്പോൾ ജോലിയിൽനിന്ന് പറഞ്ഞുവിട്ടെന്നും അവർ തുറന്നുപറഞ്ഞു.
ജോലി നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ഫെയ്സ്ബുക്കിലെഴുതിയപ്പോൾ പോലീസിൽ പരാതി നൽകണമെന്ന് എല്ലാവരും പറഞ്ഞെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് പറഞ്ഞു. ഒറ്റ ദിവസം കൊണ്ടാണ് ഫെഫ്കയിലെ വനിതാ സംഘടനയുടെ ജനനവും മരണവും. അതിന് കാരണം ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും അവരുടെ അധികാരമേഹവുമാണ്. ഭാഗ്യലക്ഷ്മിയുടെ ഈഗോയും ഇരട്ടത്താപ്പും ഈ സംഘടനയെ ഇല്ലാതാക്കിക്കളഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഫെഫ്കയിലെ വനിതാ സംഘടന പ്രവർത്തകരുടെ ഒരു യോഗം വിളിച്ചുചേർത്തിരുന്നു. ഈ യൊഗത്തിൽ ഭാഗ്യലക്ഷ്മി പരാതി കൊടുത്ത സ്ത്രീകളെ അത്രയും പുരുഷന്മാരുടെയും സ്ത്രീകളുടെയും മുമ്പിൽവെച്ച് അപമാനിക്കുകയും മാനഹാനി വരുത്തുന്ന രീതിയിൽ സംസാരിക്കുകയും ചെയ്തുവെന്നും അവർ വെളിപ്പെടുത്തി.
രണ്ടുദിവസത്തിനുശേഷം ഭാഗ്യലക്ഷ്മിയെ അനുകൂലിക്കുന്ന രണ്ടുമൂന്നു സ്ത്രീകളെ ക്ലാസ്സ് കൊടുത്ത് പത്രസമ്മേളനം നടത്തി. വീണ്ടും അവർ പരാതിക്കാരെ അധിക്ഷേപിക്കുകയും അവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തുകയും അവരെ ആത്മഹത്യയുടെ വക്കിലേക്ക് നയിക്കുകയും ചെയ്തു. അതിജീവിതകളായിട്ടുള്ള വ്യക്തികളുടെ കാര്യങ്ങൾ തിരക്കുകയോ അവർക്ക് മാനസികമായി പിന്തുണ കൊടുക്കുകയോ ചെയ്യാതെ അവരെ മാനസിക സമ്മർദ്ദത്തിൽ ആക്കി ഒറ്റപ്പെടുത്തുകയാണ് ഭാഗ്യലക്ഷ്മി ചെയ്തതെന്നും അവർ പറഞ്ഞു.
“പുതിയ വനിതാ സംഘടന രൂപീകരിച്ചത് ഇവിടെയുള്ള പെർമനന്റ് മെമ്പർ ആയിട്ടുള്ള ഒരു സ്ത്രീകളും അറിഞ്ഞിട്ടില്ല. അവരുടെ എല്ലാവിധ തോന്നിവാസത്തിനും കൂട്ടുനിൽക്കുന്ന കുറച്ച് സ്ത്രീകളെ മാത്രം അറിയിച്ചുകൊണ്ട് രൂപീകരിച്ചതാണ് ഈ സംഘടന. മേക്കപ്പ് യൂണിയനിൽ റേഡിയോ പോലെ കേൾക്കാൻ മാത്രമുള്ള ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂ. അതിനാൽ അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ കഴിയാത്തതുകൊണ്ട് മറ്റൊരു മേക്കപ്പ് മാൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഇതിൽ പല കാര്യങ്ങളും ചർച്ച ചെയ്യുകയും ഇതിൽ കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള വ്യക്തികൾ അസഹിഷ്ണുത പ്രകടിപ്പിക്കുകയും പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനെ തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞ ഒരു കാര്യത്തെ കൂട്ടുപിടിച്ച് സെക്രട്ടറി എന്നെ പുറത്താക്കുകയും എന്റെ തൊഴിൽ നിഷേധിക്കുകയും എന്നെ തൊഴിൽ ചെയ്യാൻ സമ്മതിക്കാതിരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഹീനമായ പ്രവർത്തികൾ ആണ് ഈ മേക്കപ്പ് യൂണിയൻ സെക്രട്ടറി ചെയ്തുകൊണ്ടിരിക്കുന്നത്.” പരാതിക്കാരി പറഞ്ഞു.
പരാതിക്കാരികളായ വ്യക്തികളെ പുറത്താക്കുകയും പ്രതികളായിട്ടുള്ള വ്യക്തികളെ സംരക്ഷിച്ചുകൊണ്ട് അവർക്ക് തൊഴിൽ കൊടുത്തു കൊണ്ടും സംഘടനാ വിരുദ്ധ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. തെളിവുകളുടെ കൂടിയുള്ള പരാതികളാണ് ഈ സ്ത്രീകൾ കൊടുത്തിട്ടുള്ളത്. നമ്മളുടെ ഗവൺമെന്റ് ഒരുവശത്ത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി മുറവിളി കൂട്ടുമ്പോൾ ഈ സിനിമാ സംഘടനയിലെ ചലച്ചിത്ര തൊഴിലാളികളായ സ്ത്രീകളെ വളരെ വലിയ രീതിക്ക് അപമാനിക്കുകയാണ് ഇവിടുത്തെസംഘടനാ മേധാവികൾ. ജോയിന്റ് സെക്രട്ടറി ആയിട്ടുള്ള സുബ്രമണ്യൻ മഞ്ജലി എന്ന വ്യക്തി ഒരു നാലു വയസ്സുകാരിയെ പീഡിപ്പിച്ചിട്ട് പോലും അദ്ദേഹത്തിനെ ഇതുവരെ പുറത്താക്കിയിട്ടില്ല. എന്താണ് സ്ത്രീ സുരക്ഷിതത്വം എന്ന് ഇവർ വിചാരിക്കുന്നത്. പേടി കൂടാതെ എന്നാണ് നമുക്ക് ജോലി ചെയ്യാൻ കഴിയുന്നത്? സാധാരണക്കാരിയായ ഒരു സ്ത്രീയുടെ തുറന്നു പറച്ചിലാണ്. ദാരിദ്രത്തിന്റെ കൊടുമുടിയിലും ആത്മഹത്യയുടെ വക്കിലും ആണെന്നുപറഞ്ഞുകൊണ്ടാണ് അവർ കത്ത് അവസാനിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]