അന്തരിച്ച സംവിധായകൻ ഷാഫി സഹോദരനെപ്പോലെയായിരുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാർ. ഷാഫിയുടെ മരണം ഞെട്ടലോടെയാണ് താൻ കേട്ടതെന്നും ഗണേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഷാഫി ഹാർഡ് വർക്കിംഗ് ആയിട്ടുള്ള ഒരു കലാകാരനായിരുന്നുവെന്നും മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംവിധായകനായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.
‘ഷാഫി ഇനിയും ഒരുപാട് ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന സിനിമകൾ നൽകുവാൻ കഴിവുള്ള കലാകാരനാണ്. നല്ല സിനിമകൾ നമ്മൾക്ക് നൽകിയ ഒരുപാട് കലാകാരന്മാരാണ് ഈ അടുത്ത കാലത്ത് നമ്മേ വിട്ടുപിരിഞ്ഞത്. മലയാളികൾക്ക് എന്നും നഷ്ടം തന്നെയാണ് ഈ വേർപാട്. ആദരാഞ്ജലികൾ’- ഗണേഷ് കുമാർ പോസ്റ്റിൽ കുറിച്ചു.
നിരവധി പ്രമുഖരാണ് ഷാഫിയുടെ മരണത്തിൽ അന്ത്യാഞ്ജലി നേർന്നിരിക്കുന്നത്. നടൻ ദിലീപും ഷാഫിയെക്കുറിച്ചുളള ഒരു വൈകാരിക കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഷാഫിയുടെ മൂന്ന് സൂപ്പർഹിറ്റ് ചിത്രങ്ങളിലെയും നായകൻ താനായിരുന്നുവെന്നും അദ്ദഹം സഹോദര സ്ഥാനത്തായിരുന്നുവെന്നുമായിരുന്നു ദിലീപിന്റെ കുറിപ്പ്.
‘പ്രിയപ്പെട്ട ഷാഫി പോയി. ഞാൻ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളുടെ, മൂന്ന് സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ. എന്നാൽ അതിനപ്പുറമാണ് ഞങ്ങൾക്കിടയിലെ ബന്ധം, റാഫിയുടെ സഹോദരൻ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകൻ എന്ന നിലയിലും, അതിനെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം. കൂടുതൽ എഴുതുവാൻ കഴിയുന്നില്ല. ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട്. പ്രിയ സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേർപാടിൽ കണ്ണീർ പൂക്കൾ’- ദിലീപ് കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി 16 മുതൽ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് ഷാഫി ഇന്ന് പുലർച്ചെ 12.25ഓടെ മരിച്ചത്. കലൂരിലെ പൊതുദർശനത്തിനുശേഷം വൈകിട്ട് നാല് മണിക്ക് സംസ്കരിക്കും.
1968ൽ എറണാകുളം പുല്ലേപ്പടിയിലാണ് ഷാഫിയുടെ ജനനം. റാഫി – മെക്കാർട്ടിൻ സംവിധായക ജോഡിയിലെ റാഫി മൂത്ത സഹോദരനാണ്. രാജസേനന്റെയും റാഫി മെക്കാർട്ടിന്റെയും ചിത്രങ്ങളിൽ സഹസംവിധായകനായി 1990ലാണ് ഷാഫി സിനിമാരംഗത്തെത്തിയത്. 2001ൽ വൺമാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. 2022ൽ അവസാനം പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു.