ന്യൂഡൽഹി: ഇനിയും കണ്ടെത്താനാകാത്തത്ര ജീവജാലങ്ങളുടെയും വൈവിദ്ധ്യമാർന്ന പ്രകൃതിവിഭവങ്ങളുടെയും കലവറയാണ് സമുദ്രങ്ങൾ. സമുദ്രത്തിന്റെ അടിത്തട്ടിലെ അത്ഭുതങ്ങൾ കണ്ടെത്താൻ ഇന്ത്യ തയ്യാറെടുക്കുകയാണ്. രാജ്യത്തെ ആദ്യ ആഴക്കടൽ മനുഷ്യവാഹനം ഇന്ത്യ അടുത്തവർഷം തയ്യാറാക്കും. ഡീപ് സീ മാൻഡ് വെഹിക്കിൾ ആയ ഇത് ശാസ്ത്ര സാങ്കേതിക വിദ്യാ വികാസത്തിനായി ഉപയോഗിക്കുമെന്ന് ശാസ്ത്ര സാങ്കേതിക വിദ്യയുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദർ സിംഗ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ പ്രിഥ്വി ഭവനിലാണ് അദ്ദേഹം ഇത് പ്രഖ്യാപിച്ചത്.
തുടക്കത്തിൽ ആഴക്കടൽ വാഹനം സമുദ്രത്തിന്റെ 500 മീറ്റർവരെയുള്ള ഭാഗങ്ങളിലാണ് പരിശോധനകൾ നടത്തുക. ക്രമേണ 6000 മീറ്റർ വരെ ആഴത്തിൽ വരെ പരിശോധിക്കാൻ കഴിയും. ഇത് വിജയമായാൽ ഇത്തരത്തിൽ സമുദ്രാന്തർ ഗവേഷണത്തിൽ വിജയിക്കുന്ന ആറാമത് രാജ്യമാകും ഇന്ത്യ. അമേരിക്ക,റഷ്യ, ജപ്പാൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾക്കാണ് നിലവിൽ സമുദ്രാന്തർ ഗവേഷണ വാഹനങ്ങൾ ഉള്ളത്.
ധാതുക്കൾ, അപൂർവ്വ ലോഹങ്ങൾ, സമുദ്ര ജൈവവൈവിദ്ധ്യങ്ങൾ എന്നിവ കണ്ടെത്താൻ ഡീപ് ഓഷ്യൻ മിഷൻ എന്ന ഈ പരിപാടിയിലൂടെ കഴിയുമെന്ന് ജിതേന്ദർ സിംഗ് പറഞ്ഞു. തദ്ദേശീയമായി മാത്രം വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ വഴിയാണ് ഈ മിഷൻ നടപ്പാക്കുക എന്നും മന്ത്രി വ്യക്തമാക്കി. സമുദ്രാന്തർഭാഗത്തെ ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കുന്നതും സുസ്ഥിരമായ മത്സ്യബന്ധനത്തിനും സഹായകമായ ഗവേഷണവും ഈ വാഹനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു. കൊവിഡ് കാല പ്രതിസന്ധി കാരണം വൈകിപ്പോയ മിഷൻ ഇന്ത്യയുടെ ഗഗൻയാൻ വിജയകരമാകുന്ന സമയം തന്നെ സഫലമാകുമെന്നാണ് മന്ത്രി കണക്കുകൂട്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]