തിരുവനന്തപുരം: തിരുവനന്തപുരം നോർത്തിൽ നിന്ന് താംബരം വരെ ആഴ്ചതോറുമുള്ള എസി സ്പെഷ്യൽ ട്രെയിൻ പുനലൂർ ചെങ്കോട്ട വഴി റെഗുലർ സർവീസ് ആക്കിമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കാട് വഴിയുള്ള റൂട്ടിനെക്കാൾ സമയലാഭം, കൂടുതൽ പേർക്ക് പ്രയോജനപ്പെടും എന്നതുമാണ് ഇതിന് പ്രധാന കാരണമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഓടുന്ന ട്രെയിൻ ഏറെ ജനപ്രിയവുമാണ്.
‘കൊല്ലം-പുനലൂർ- ചെങ്കോട്ട വഴി നേരത്തേ രണ്ട് ചെന്നൈ സർവീസുകൾ ഉണ്ടായിരുന്നു. എന്നാൽ പാത ബ്രോഡ് ഗേജ് ആക്കി മാറ്റിയശേഷം കൊല്ലം മെയിൽ മാത്രമാണ് സർവീസ് പുനരാരംഭിച്ചത്. സ്പെഷ്യൽ ട്രെയിൻ റഗുലർ സർവീസ് ആക്കി മാറ്റുകയാണെങ്കിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്ക് ഉപയോഗപ്രദമാകും. കൊച്ചുവേളി, കൊല്ലം, കൊട്ടാരക്കര, പുനലൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ളവർക്ക് മധുര, തിരുച്ചിറപ്പള്ളി, ശ്രീരംഗം, വില്ലുപുരം, താംബരം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനും ഈ ട്രെനിൻ ഉപയോഗിക്കാം’ – കൊല്ലം-ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ദിപു രവി പറഞ്ഞു. പാലക്കാട് വഴിയുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാൻ ഏറെ പ്രയാസമാണ്. സ്പെഷ്യൽ ട്രെയിൻ റെഗുലർ സർവീസ് ആക്കിയാൽ ആ പ്രശ്നവും മാറിക്കിട്ടുമെന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
സമയലാഭമാണ് മറ്റൊരു പ്രത്യേകത. പാലക്കാട് വഴിയുള്ള ട്രെയിനുകൾ ചെന്നൈയിലെത്താൻ ഏകദേശം 17 മണിക്കൂർ എടുക്കും. എന്നാൽ നാഗർകോവിൽ വഴിയുള്ള അനന്തപുരി എക്സ്പ്രസ് ചെന്നൈയിലെത്താൻ 13 മണിക്കൂർ മാത്രമാണ് എടുക്കുന്നത്. കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയുള്ള ട്രെയിനുകൾക്ക് ഏകദേശം 16 മണിക്കൂർ മതിയാകും. കൊല്ലത്ത് നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ യാത്രാ സമയം ഒരു ആകർഷണമാണ്.
തിരുവനന്തപുരത്ത് നിന്ന് തിരക്കേറിയ പാലക്കാട് മെയിൻലൈനിന് ബദൽ റൂട്ടായി പുനലൂർ-ചെങ്കോട്ട റൂട്ടിൽ ചെന്നൈ, ബെംഗളൂരു, സെക്കന്തരാബാദ് എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ നടത്താൻ റെയിൽവേ ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കുന്ന തരത്തിൽ പുനലൂർ-ചെങ്കോട്ട ഘട്ട് സെക്ഷനിലെ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോം നീളം വർദ്ധിപ്പിക്കണമെന്ന് പാസഞ്ചർ അസോസിയേഷനുകൾ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തങ്ങളുടെ ആവശ്യങ്ങളെല്ലാം റെയിൽവേ അനുഭാവപൂർവം പരിഗണിച്ച് യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.