ബെംഗളൂരു: ഈയിടെയാണ് കർണാടക സർക്കാർ 2019-ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പയൽവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ചാ സുദീപ് ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഈ പുരസ്കാരം നിരസിച്ചിരിക്കുകയാണ് താരം. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തനിക്കുപകരം അർഹരായ മറ്റാർക്കെങ്കിലും നൽകണമെന്നാണ് സർക്കാരിനോടും ജൂറിയോടും സൂപ്പർതാരം അഭ്യർത്ഥിച്ചിരിക്കുന്നത്.
പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുന്നതാണെന്നാണ് അവാർഡ് നിരസിച്ചതിന് കാരണമായി കിച്ച സുദീപ് വിശദീകരിച്ചിരിക്കുന്നത്. ഭാവിയിലും ഒരു പുരസ്കാരവും സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. സിനിമയ്ക്കുവേണ്ടി ഹൃദയം നൽകിയ അർഹരായ മറ്റ് അഭിനേതാക്കൾ ഇൻഡസ്ട്രിയിലുണ്ട്. ഈ പുരസ്കാരം അങ്ങനെ ആർക്കെങ്കിലും നൽകണം. അതുകാണുമ്പോൾ താൻ ഏറെ സന്തോഷിക്കുമെന്നും അദ്ദേഹം കുറിച്ചു.
“പുരസ്കാരങ്ങൾ ലഭിക്കണമെന്ന ഉദ്ദേശത്തോടെയല്ല ആളുകളെ രസിപ്പിക്കുന്നതിനായുള്ള എന്റെ സമർപ്പണം. കൂടുതൽ മികവിനായി പരിശ്രമിക്കാനുള്ള പ്രോത്സാഹനമായാണ് ജൂറിയിൽ നിന്നുള്ള ഈ അംഗീകാരത്തെ കാണുന്നത്. എന്നെ തിരഞ്ഞെടുത്തതിന് എല്ലാ ജൂറി അംഗങ്ങളോടും ഞാൻ നന്ദിയുള്ളവനാണ്. കാരണം ഈ അംഗീകാരം തന്നെ എന്റെ പ്രതിഫലമാണ്. എന്റെ തീരുമാനം ഉണ്ടാക്കിയേക്കാവുന്ന ഏതൊരു നിരാശയ്ക്കും ജൂറി അംഗങ്ങളോടും സംസ്ഥാന സർക്കാരിനോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ തിരഞ്ഞെടുപ്പിനെ നിങ്ങൾ ബഹുമാനിക്കുകയും ഞാൻ തിരഞ്ഞെടുത്ത പാതയിൽ എന്നെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പ്രവർത്തനത്തെ അംഗീകരിച്ചതിനും ഈ അവാർഡിന് എന്നെ പരിഗണിച്ചതിനും ബഹുമാനപ്പെട്ട ജൂറി അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും ഒരിക്കൽ കൂടി നന്ദി പറയുന്നു.” സുദീപ് കൂട്ടിച്ചേർത്തു.
രണ്ടുദിവസം മുൻപാണ് 2019-ലെ ചലച്ചിത്ര പുരസ്കാരങ്ങൾ കർണാടക സർക്കാർ പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരി കാരണമാണ് പുരസ്കാര പ്രഖ്യാപനം ഇത്രയും വർഷം നീണ്ടത്. അനുപമ ഗൗഡയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]