വാഷിംഗ്ടൺ: യു.എസിൽ ജന്മാവകാശ പൗരത്വം നിറുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് താത്കാലികമായി തടഞ്ഞ് സിയാറ്റിലിലെ ഫെഡറൽ കോടതി. 14 ദിവസത്തേക്കാണ് തടഞ്ഞിട്ടുള്ളത്. അനധികൃത കുടിയേറ്റക്കാരുടെയും താത്കാലിക വിസയിലെത്തുന്നവരുടെയും യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി ലഭിച്ചിരുന്ന പൗരത്വം നിറുത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. അധികാരത്തിലേറിയ ആദ്യ ദിനം ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഓർഡറുകളിൽ ഒന്നായിരുന്നു ഇത്.
ഉത്തരവ് ഭരണഘടനാ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 14-ാം ഭേദഗതിൽ നിഷ്കർഷിക്കുന്ന ജന്മാവകാശ പൗരത്വം നിറുത്തുന്നതിനെതിരെ വാഷിംഗ്ടൺ, അരിസോണ, ഇലിനോയി, ഒറിഗൺ സംസ്ഥാനങ്ങൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ട്രംപിന്റെ നീക്കത്തിനെതിരെ 22 സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് അറ്റോർണി ജനറലുമാരും രംഗത്തെത്തിയിരുന്നു. മറ്റ് നാല് കേസുകളും കോടതികളുടെ പരിഗണനയിലുണ്ട്.
അതേ സമയം, നിയമയുദ്ധങ്ങൾ നേരിടാൻ ട്രംപ് ഭരണകൂടം തയ്യാറാണ്. ഭരണഘടനാ ഭേദഗതിയിലേക്ക് നീങ്ങാനും ശ്രമിക്കുമെന്നാണ് സർക്കാർ പക്ഷം. ഭരണഘടനാ ഭേദഗതി യാഥാർത്ഥ്യമാകണമെങ്കിൽ ജനപ്രതിനിധി സഭയിലും സെനറ്റിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ നിയമം പാസാകണം. ഒപ്പം നാലിൽ മൂന്ന് സംസ്ഥാനങ്ങളുടെ അംഗീകാരവും വേണം.
വിട്ടുവീഴ്ചയില്ലാതെ ട്രംപ്
ജന്മാവകാശ പൗരത്വം റദ്ദാക്കുന്നത് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനം
ഉത്തരവ് പ്രാബല്യത്തിൽ വന്നാൽ മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല
ഫെബ്രുവരി 20ന് മുമ്പ് സിസേറിയൻ വേണമെന്ന് കാട്ടി യു.എസ് പൗരത്വമില്ലാത്ത ദമ്പതികൾ ഡോക്ടർമാരെ സമീപിക്കുന്നതായി റിപ്പോർട്ടുണ്ട്. ജനിക്കാൻ പോകുന്ന കുട്ടിക്ക് പൗരത്വം ലഭിക്കാനാണിത്. താത്കാലിക വിസയിലെത്തിയതോ ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നതോ ആയ ഇന്ത്യക്കാരാണ് ഇക്കൂട്ടത്തിൽ കൂടുതലെന്ന് പറയുന്നു
ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ്
അനധികൃത കുടിയേറ്റത്തിനെതിരെയുള്ള നിയമങ്ങൾ കർശനമാക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്ന സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥർക്കെതിരെ ട്രംപ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടങ്ങാൻ ഫെഡറൽ പ്രോസിക്യൂട്ടർമാരോട് നിർദ്ദേശിച്ചു.
സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥർ നിയമങ്ങൾ പാലിച്ചേ മതിയാകൂ എന്നുകാട്ടി ഡെപ്യൂട്ടി അറ്റോർണി ജനറൽ എമിൽ ബോവ് നീതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മെമോ അയച്ചു. ശ്രമങ്ങളെ സങ്കീർണമാക്കിയാൽ നിയമ നടപടിയുണ്ടാകും. ട്രംപിന്റെ ആദ്യ ടേമിൽ (2017-2021) ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിലുള്ള പ്രദേശങ്ങൾ കുടിയേറ്റ വിരുദ്ധ നിയമങ്ങളോട് സഹകരിക്കാൻ വിസമ്മതിച്ചിരുന്നു. ഇത് മുന്നിൽ കണ്ടാണ് നീക്കം. വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികളായ 460 നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തു. ന്യൂയോർക്ക്, ഷിക്കാഗോ നഗരങ്ങളിൽ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ പൊലീസ് നടപടികൾ ശക്തമാക്കും. അതേസമയം, കൃത്യമായ രേഖകളോടെ യു.എസിലെത്തിയ വിദേശികൾക്ക് ആശങ്ക വേണ്ടെന്ന് ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു. യു.എസിൽ 18,000 ഇന്ത്യക്കാർ അടക്കം 15 ലക്ഷം അനധികൃത കുടിയേറ്റക്കാരാണ് നാടുകടത്തലിന്റെ വക്കിലുള്ളത്.
അതിർത്തിയിൽ സൈനികർ
യു.എസ്-മെക്സിക്കോ അതിർത്തിയിൽ 10,000 സൈനികരെ വിന്യസിക്കും. അതിർത്തിയിൽ ബാരിയറുകൾ നിർമ്മിക്കും. ഇതിനായി 1,500 സൈനികരെ അയയ്ക്കാൻ ട്രംപ് ഉത്തരവിട്ടു. യു.എസിൽ നിന്ന് പുറത്താക്കുന്ന പൗരന്മാർക്കായി മെക്സിക്കോ അതിർത്തി പ്രദേശങ്ങളിൽ ഷെൽട്ടറുകൾ സ്ഥാപിച്ചുതുടങ്ങി.
————————–
ചർച്ചയ്ക്ക് തയ്യാർ: റഷ്യ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യുക്രെയിൻ വിഷയത്തിൽ ട്രംപുമായി പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണത്തിന് തയ്യാറാണെന്ന് റഷ്യ. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഉയർന്ന നികുതിയും ഉപരോധങ്ങളും ഏർപ്പെടുത്തുമെന്ന് ട്രംപ് റഷ്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ട്രംപിന്റെ ഉപരോധ ഭീഷണിയിൽ പുതിയതായി ഒന്നും കാണുന്നില്ലെന്നും റഷ്യൻ വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു.
ക്ഷമ ചോദിക്കില്ല
ട്രംപിനോട് ക്ഷമ ചോദിക്കില്ലെന്ന് വനിതാ ബിഷപ്പ് മരിയൻ എഡ്ഗർ ബഡി. പറയണമെന്ന് തോന്നിയ സത്യം താൻ പറയാൻ ശ്രമിച്ചതാണെന്ന് മരിയൻ പ്രതികരിച്ചു. കുടിയേറ്റക്കാരോടും ട്രാൻസ്ജെൻഡറുകളോടും കരുണ കാണിക്കണമെന്ന് ചൊവ്വാഴ്ച വാഷിംഗ്ടണിലെ ചർച്ചിലെ പ്രഭാഷണത്തിനിടെ മരിയൻ ട്രംപിനെ ഉപദേശിക്കുകയായിരുന്നു. ബിഷപ്പ് വെറുപ്പിച്ചെന്നും ശുശ്രൂഷ നന്നായില്ലെന്നുമാണ് കുപിതനായ ട്രംപ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ബിഷപ്പിനെ ഇടത് അനുഭാവിയെന്നും വിശേഷിപ്പിച്ചു.
ഹൂതികൾ ഭീകരർ
യെമനിലെ ഹൂതി വിമതരെ വിദേശ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തി ട്രംപ്. ആദ്യ ടേമിലും ഹൂതികളെ ട്രംപ് പട്ടികയിൽ പെടുത്തിയിരുന്നു. എന്നാൽ, യെമനിലെ മാനുഷിക സാഹചര്യങ്ങൾ പരിഗണിച്ച് ജോ ബൈഡൻ അത് റദ്ദാക്കി.