മുംബയ്: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ബോഗിയിൽ തീപിടിച്ചെന്ന് കരുതി പരിഭ്രമിച്ച് ട്രെയിനിൽ നിന്ന് ചാടിയവർ സമീപ ട്രാക്കിലൂടെ എതിർ ദിശയിലെത്തിയ ട്രെയിനിടിച്ചാണ് മരിച്ചത്. അപകടത്തിൽ ഒമ്പതു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.5 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും, നിസാര പരിക്കേറ്റവർക്ക് 5,000 രൂപ വീതവും റെയിൽവേ മന്ത്രാലയം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നേരത്തേ മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
മുംബയിൽ നിന്ന് 400 കിലോമീറ്റർ അകലെ പച്ചോറയ്ക്ക് സമീപമുള്ള മഹേജി, പർധഡെ സ്റ്റേഷനുകൾക്കിടെയിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ലക്നൗവിൽ നിന്ന് മുംബയിലേക്ക് വന്ന പുഷ്പക് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന 25ഓളം പേർ തീയും പുകയും കണ്ട് ട്രെയിനിൽ നിന്ന് ചാടിയെന്നാണ് വിവരം. യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിയശേഷം ചാടുകയായിരുന്നു. ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബ്രേക്ക് ചെയ്യുന്നതിനിടെ തീപ്പൊരിയും പുകയും ഉയർന്നതാണെന്നും തീപിടിച്ചതല്ലെന്നുമാണ് റിപ്പോർട്ട്.
ബംഗളൂരു- ന്യൂഡൽഹി കർണാടക എക്സ്പ്രസാണ് യാത്രക്കാരെ ഇടിച്ചത്. അപകടത്തിൽപ്പെട്ട പലരുടെയും മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിപ്പോയെന്നാണ് റിപ്പോർട്ടുകൾ. റെയിൽവേ ഉദ്യോഗസ്ഥരടക്കം രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവം വേദനാജനകമാണെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]