മുംബയ്: നടൻ സെയ്ഫ് അലി ഖാന് അനുവദിച്ച ഇൻഷുറൻസ് തുക സംബന്ധിച്ചും സമൂഹ മാദ്ധ്യമങ്ങളിൽ വിവാദം. അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിന് വലിയ തുകയാണ് സെയ്ഫ് ഇൻഷുറൻസ് ക്ളെയിമായി ചോദിച്ചത്. അതിനോടടുത്ത തുക തന്നെ ഇൻഷുറൻസ് കമ്പനി നൽകുകയും ചെയ്തു. ഒരു സാധാരണക്കാരനായിരുന്നു ഇതേ അവസ്ഥ ഉണ്ടായതെങ്കിൽ എന്തെല്ലാം ന്യായങ്ങൾ പറഞ്ഞ് തുക കുറയ്ക്കാൻ കമ്പനി നോക്കിയേനെ എന്നാണ് പലരും ചോദിക്കുന്നത്.
സെയ്ഫിന്റെ ഇൻഷുറൻസ് രേഖകൾ ലീക്കാവുകയും ചെയ്തിരുന്നു. 35,95,700 രൂപയാണ് സെയ്ഫ് ചികിത്സാക്ളെയിമായി ആവശ്യപ്പെട്ടത്. പ്രമുഖ കമ്പനിയായ നിവ ബൂപ ആണ് താരത്തിന്റെ ഇൻഷുറൻസ് പ്രൊവൈഡർ. 26 ലക്ഷം രൂപയാണ് ആശുപത്രി ബില്ലായി വന്നത്. അതിൽ 25 ലക്ഷം രൂപയും കമ്പനി അനുവദിക്കുകയും ചെയ്തു.
ചെറിയ ആശുപത്രിയോ സാധാരണക്കാരനോ ആയിരുന്നു സെയ്ഫിന് പകരമെങ്കിൽ ഇൻഷുറൻസ് കമ്പനിയുടെ സമീപനം മറ്റൊന്നാകുമായിരുന്നുവെന്നാണ് കാർഡിയാക് സർജനായ ഡോ. പ്രശാന്ത് മിശ്ര പറയുന്നത്. പരമാവധി അഞ്ച് ലക്ഷത്തിൽ കൂടുതൽ കമ്പനി നൽകില്ലായിരുന്നെന്നും മിശ്ര സ്വന്തം അനുഭവം വിവരിച്ചുകൊണ്ടു പറഞ്ഞു.
അതേസമയം, കുത്തേറ്റ ദിവസം തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറെ ചെന്നുകണ്ട് സെയ്ഫ് നന്ദി അറിയിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നതിന് മുമ്പാണ് ഓട്ടോ ഡ്രൈവറായ ഭജൻ സിംഗ് റാണയെ കാണാൻ താരം എത്തിയത്. റാണയെ സെയ്ഫ് ആലിംഗനം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാണയോട് സെയ്ഫിന്റെ അമ്മയും നടിയുമായ ശർമിള ടാഗോറും നന്ദി പറഞ്ഞു. ചൊവ്വാഴ്ച മുംബയ് ലീലാവതി ആശുപത്രിയിൽവച്ചാണ് സെയ്ഫും ഭജൻ സിംഗ് റാണയും കണ്ടത്. കൂടിക്കാഴ്ച അഞ്ചുമിനിട്ട് നീണ്ടു. റാണയെ ആശ്ലേഷിച്ച സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി പറഞ്ഞു. ഇരുവരും ചേർന്ന് ചിത്രവുമെടുത്തു. അതിനിടെ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സെയിഫിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് മോഷണശ്രമം തടയുന്നതിനിടെ സെയ്ഫിനെ അക്രമി ആറ് തവണ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സെയ്ഫിനെ ഉടൻ ഭജൻ സിംഗ് റാണയുടെ ഓട്ടോയിലാണ് ആശുപത്രിയിലെത്തിച്ചത്. സെയ്ഫിനെ ആക്രമിച്ച ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് എന്നയാളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.