ലക്നൗ: മഹാ കുംഭമേളയിൽ എത്തിയവരിൽ പലരും വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അതിൽ ഒടുവിലത്തെ ആളാണ് ഇൻഡോറിൽ നിന്നുള്ള മാലവില്പനക്കാരിയായ മോണി ഭോൺസ്ലെ എന്ന മൊണാലിസ. ഇരുണ്ട നിറവും ചാരക്കണ്ണുകളും വശ്യമനോഹരമായ പുഞ്ചിരിയുമായെത്തിയ ആ പെൺകുട്ടിയുടെ ചിത്രങ്ങൾ വ്ളോഗര്മാര് പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്ത് മണിക്കൂറുകൾക്കകം വൈറലായി. മൊണാലിസ എന്നാണ് അവൾ സ്വയം പരിചയപ്പെടുത്തിയതും.
ചിത്രങ്ങൾ വൈറലായതോടെ മൊണാലിസയുടെ ശനിദശ തുടങ്ങുകയായിരുന്നു. അവളെ കാണാൻ പലരും എത്തി. ചിലർക്ക് കണ്ടാൽ മതി. എന്നാൽ മറ്റുചിലർക്ക് ഒപ്പം നിന്ന് സെൽഫി എടുക്കണം. അല്പം കഴിഞ്ഞതോടെ ജനപ്രീതിയുടെ ഭൗർഭാഗ്യം മൊണാലിസ അനുഭവിച്ചുതുടങ്ങി. സെൽഫിക്കെത്തിയ പലരുടെയും പെരുമാറ്റം അതിരുവിട്ടുതുടങ്ങി. അത്തരത്തിലുള്ള ഒരാളുടെ മൊബൈൽഫോൺ പിടിച്ചുവാങ്ങിയ മൊണാലിസ അത് തറയിൽ എറിഞ്ഞ് പൊട്ടിച്ചു എന്നാണ് റിപ്പോർട്ട്.
ഇതിനിടെ ശല്യപ്പെടുത്താൻ കൂടിയ ഒരു സംഘത്തിൽ നിന്ന് മൊണാലിസയെ രക്ഷപ്പെടുത്താൻ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആകെ ഭയന്നുപോയ പെൺകുട്ടി ദുപ്പട്ടകൊണ്ട് മുഖം മറച്ച് ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മാല വാങ്ങാനെന്ന് പറഞ്ഞ് അടുത്തുകൂടുന്നുവരാണ് ശല്യപ്പെടുത്താൻ മുന്നിൽ നിൽക്കുന്നത്.
അനിഷ്ട സംഭവങ്ങൾ ഏറിയതോടെ മകളെ വീട്ടിലേക്ക് വിടാൻ മൊണാലിസയുടെ പിതാവ് നിർബന്ധിതനായി. മൊണാലിസയ്ക്കൊപ്പം ഇളയസഹോദരിയും നാട്ടിലേക്ക് പോയിട്ടുണ്ട്. ‘കൂടുതൽ വരുമാനം കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ഞാനും ചേച്ചിയും ഒപ്പം കൂടിയത്. പക്ഷേ, കാര്യങ്ങൾ അങ്ങനെയായിരുന്നില്ല. ആളുകൾ അവളുടെ പിന്നാലെ കൂടി. മാലവാങ്ങാനായിരുന്നില്ല അവർക്ക് താൽപ്പര്യം. ഇപ്പോൾ ഞങ്ങൾ വീട്ടിലേക്ക് പോവുകയാണ്’- മൊണാലിസയുടെ സഹോദരി പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിനിടെ പിന്നാലെ കൂടിയവരിൽ നിന്ന് മൊണാലിസയെ രക്ഷിക്കാൻ പൊലീസ് എത്താത്തതിനെ വിമർശിച്ചും ചിലർ രംഗത്തെത്തി. ഇത്രയും വലിയൊരു മേള നടക്കുമ്പോൾ, അതിന്റെ സൽകീർത്തിക്ക് കളങ്കം ഏൽപ്പിക്കാൻ ശ്രമിച്ചവരെ നിലയ്ക്കുനിറുത്താൻ പൊലീസ് എത്താത്തത് തീർത്തും മോശമായിപ്പോയെന്നാണ് അവർ പറയുന്നത്.