വാഷിംഗ്ടൺ: ചൈനയ്ക്ക് വ്യക്തമായ സന്ദേശം നൽകിയും ഇന്ത്യ ഉറ്റപങ്കാളിയെന്ന് അടിവരയിട്ടും യു.എസിലെ ട്രംപ് ഭരണകൂടം. അധികാരമേറ്റതിന് പിന്നാലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസും നടത്തിയ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചകൾ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായിട്ടായിരുന്നു എന്നത് ശ്രദ്ധേയം. റൂബിയോയുമായി ജയശങ്കർ നടത്തിയ ഒരു മണിക്കൂറോളം നീണ്ട ചർച്ചയിൽ ഇന്ത്യ – യു.എസ് കൂടുതൽ ശക്തമാക്കുന്നതും ആഗോള പ്രശ്നങ്ങളും വിഷയമായി.
മുൻ ഭരണകൂടങ്ങൾ അധികാരത്തിയ ശേഷം ആദ്യ ഉഭയകക്ഷി ചർച്ചകൾ നടത്തിയത് കാനഡ, മെക്സിക്കോ എന്നീ അയൽരാജ്യങ്ങളുടെയോ നാറ്റോ സഖ്യത്തിന്റെയോ പ്രതിനിധികളുമായിട്ടായിരുന്നു. ഈ പതിവാണ് ട്രംപ് ഭരണകൂടം മാറ്റിയത്.
ഉഭയകക്ഷി ചർച്ചയ്ക്ക് മുന്നേ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ജയശങ്കറും റൂബിയോയും പങ്കെടുത്തു. ഇന്തോ – പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമിട്ടുള്ള ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവരുടെ കൂട്ടായ്മയാണ് ക്വാഡ്.
ട്രംപിന്റെ ആദ്യ വിദേശനയ നടപടിയായി ക്വാഡ് യോഗം നടത്തിയത് ഇന്തോ-പസഫിക് മേഖലയിലെ ചൈനീസ് കടന്നുകയറ്റത്തിനെയുള്ള സന്ദേശമായിട്ടാണെന്നാണ് വിലയിരുത്തൽ. നിർബന്ധിത നടപടികളിലൂടെ ഇന്തോ-പസഫിക്കിലെ സ്ഥിതിഗതികൾ മാറ്റുന്നത് അംഗീകരിക്കില്ലെന്ന് യോഗത്തിന്റെ പ്രസ്താവനയിൽ മുന്നറിയിപ്പും നൽകി. ചൈനയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം.
മോദി – ട്രംപ് ചർച്ച
വഴിത്തിരിവാകും
പ്രധാനമന്ത്രി നരേന്ദ്രമോദി- ട്രംപ് കൂടിക്കാഴ്ച അടുത്ത മാസം വാഷിംഗ്ടണിൽ നടന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. അതു നടന്നാൽ ബന്ധം കൂടുതൽ ശക്തമാവും.
വ്യാപാരം, ഇന്ത്യൻ പൗരന്മാരുടെ തൊഴിൽ, വിസ എന്നിവ പ്രധാന വിഷയമായേക്കും. 2019ൽ ഹൂസ്റ്റണിൽ മോദിയും ട്രംപും പങ്കെടുത്ത ‘ഹൗഡി മോദി’ പരിപാടിയും തൊട്ടടുത്ത വർഷം ഫെബ്രുവരിയിൽ ട്രംപിന്റെ ഇന്ത്യാ സന്ദർശനവും ഗംഭീര വിജയമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]