മലപ്പുറം: തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സിജി ഉണ്ണിയുടെ വിമർശനത്തിന് മറുപടിയുമായി പിവി അൻവർ. സിജി ഉണ്ണിയുടെ വിമർശനത്തിന് ടിഎംസി ദേശീയ നേതൃത്വം മറുപടി പറയുമെന്ന് പറഞ്ഞ അൻവർ, നിലവിൽ കേരളത്തിൽ ടിഎംസിക്ക് ഒരു കമ്മിറ്റിയും ഇല്ലെന്നും അഭിപ്രായപ്പെട്ടു.
കേരള കോർഡിനേറ്റർ സ്ഥാനത്ത് താൻ മാത്രമാണുള്ളതെന്നും വേറെ ഒരു ഘടകവും നിലവിൽ കേരളത്തിലില്ലെന്നും പിവി അൻവർ കൂട്ടിച്ചേർത്തു. നേരത്തെ അൻവറിന്റെ തറവാട്ടുസ്വത്തല്ല തൃണമൂൽ എന്നതടക്കമുള്ള വിമർശനങ്ങളാണ് സിജി ഉണ്ണി നടത്തിയത്. അതേസമയം, ആലുവയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നും പിവി അൻവർ ഇന്ന് മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിലുള്ള വേട്ടയാടലാണിത്. വിജിലൻസ് അന്വേഷണം നടക്കട്ടെ. ആരോപണം അടിസ്ഥാനരഹിതമാണ്. പണം നൽകി വാങ്ങിയ സ്ഥലമാണ്. അവിടെയുള്ള കെട്ടിടം ആര് വിചാരിച്ചാലും പൊളിച്ച് നീക്കാൻ കഴിയില്ല. ഇതെല്ലാം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് എന്തിനാണ് ബ്രൂവറിയെന്ന ചോദ്യവും പിവി അൻവർ മുന്നോട്ടുവച്ചിരുന്നു. നാടാകെ മയക്ക് മരുന്നാണ്. ആരാണ് ഇതിനെ എതിർക്കേണ്ടതെന്ന് ചോദിച്ച അദ്ദേഹം എല്ലാത്തിന്റെയും പിന്നിൽ അഴിമതിയാണെന്നും കുറ്റപ്പെടുത്തി. പാലക്കാട് ബ്രൂവറി ഒരു കമ്പനിക്ക് മാത്രം എങ്ങനെയാണ് നൽകുക? ഇത് സംബന്ധിച്ച രേഖകൾ സഹിതം നാളെ വാർത്ത സമ്മേളനം നടത്തുമെന്നും അൻവർ കൂട്ടിച്ചേർത്തു. യുഡിഎഫ് പ്രവേശനത്തിന് കത്ത് നൽകിയിട്ട് മൂന്ന് ദിവസം മാത്രമേ ആയുള്ളൂ. പിന്നീട് യുഡിഎഫ് യോഗം ചേർന്നിട്ടില്ല. യോഗം ചേർന്ന ശേഷം നോക്കാമെന്നും അൻവർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]