
നടന് സെയഫ് അലിഖാനെ മോഷണ ശ്രമത്തിനിടെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതി ഷരീഫുള്‍ കൊല്‍ക്കത്തയ്ക്കടുത്തുള്ള ഹൗറയിലേക്കും അവിടെ നിന്ന് ബംഗ്ലാദേശിലേക്കും രക്ഷപ്പെടാനായിരുന്നു ശ്രമമെന്ന് പോലീസ്. പക്ഷെ, ഹൗറയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റിനായി ഷരീഫുള്‍ ഒരു ട്രാവല്‍ ഏജന്റിനെ സമീപിച്ചില്ലെങ്കിലും കുറഞ്ഞസമയത്തിനുള്ളിൽ ടിക്കറ്റ് കിട്ടണമെങ്കിൽ കൂടുതല്‍ പണം നല്‍കണമെന്ന് ഏജന്‍സി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. പണം കണ്ടെത്താനുള്ള ശ്രമവും ഷരീഫുള്‍ നടത്തിയിരുന്നു. പക്ഷെ, അതിന് മുമ്പ് പോലീസ് പിടിയിലായി.
ഷരീഫുള്‍ സമീപിച്ചുവെന്ന് കരുതുന്ന എല്ലാ ട്രാവല്ഏജന്റുമാരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. നിരവധി പ്രമുഖര്‍ താമസിക്കുന്ന ഇടമെന്നതുകൊണ്ടുതന്നെ ഭാവിയില്‍ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും പോലീസ് സ്വീകരിക്കുന്നുണ്ട്. തെളിവെടുപ്പിനും സംഭവം പുനരാവിഷ്ക്കരിക്കാനും പ്രതിയെയുംകൊണ്ട് കഴിഞ്ഞദിവസം പോലീസ് നടന്റെ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് എ.സിയുടെ ഭാഗംവഴിയും കോണിപ്പടിവഴിയും താന്‍ അകത്തേക്ക് കടന്നതും രക്ഷപ്പെട്ടതും എങ്ങനെയെന്ന് ഇയാൾ പോലീസിന് വിവരിച്ചുകൊടുത്തു.
മുറിയിലേക്ക് കടക്കുമ്പോഴുള്ള കാലടിശബ്ദം കേള്‍ക്കാതിരിക്കാന്‍ ഷൂസഴിച്ച് ബാഗിലിട്ടതായും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതായും ഷരീഫുള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. മുഖാവരണവും ധരിച്ചിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഷരീഫുള്‍ ഉപേക്ഷിച്ച മുഖാവരണം പോലീസ് മുറിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയക്ക് അയക്കുമെന്നും പോലീസ് വ്യക്തമാക്കി.
പ്രതി സെയ്ഫിന്റെ താമസസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് ഒരാള്‍ ബൈക്കില്‍നിന്ന് ഇറങ്ങുന്ന സി.സി.ടി.വി ദൃശ്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഇതിന്റെ നമ്പര്‍ പിന്തുടര്ന്നുള്ള അന്വേഷണത്തിനൊടുവില്‍ പ്രതി വാടകയ്ക്ക് താമസിക്കുന്ന വോര്‍ലി കോലിവാഡയിലെ സ്ഥലത്ത് പോലീസ് എത്തുകയും ചെയ്തു. ഇവിടെ മറ്റ് മൂന്നുപേര്‍ക്കൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് പ്രതിയുടെ പേരും മറ്റ് വിവരവുമെല്ലാം പോലീസിന് ലഭിച്ചത്.
ഫോണ്‍നമ്പര്‍ പിന്തുടര്ന്നുള്ള അന്വേഷണവും പോലീസ് നടത്തി. പ്രദേശത്തെ കുറ്റിക്കാട്ടില്‍ മണിക്കൂറുകളോളം ഒളിച്ച പ്രതിയെ പോലീസ് പിന്നീട് വളയുകയായിരുന്നു. പ്രതി അനധികൃതമായി അതിര്‍ത്തികടന്ന് വന്നതാണെന്നും ബംഗ്ലാദേശ് പൗരനാണെന്നും പോലീസിന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]