കൊല്ലം: ഭയമാണ് ഭൂമിയിലെ ഏറ്റവും മാരകമായ അവസ്ഥയെന്ന് വാവാ സുരേഷ്. കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ അഞ്ചാലുംമൂട് എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ‘കാവൽ’ സുരക്ഷാ സെമിനാറിൽ ‘പാമ്പുകളിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം’ എന്ന വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
പാമ്പ് കടിയേറ്റാൽ ഭയമാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. പേടിക്കാതിരിക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. പാമ്പിന് കണ്ണുകൾ ഉണ്ടെങ്കിലും കാഴ്ചയില്ല. ചെരുപ്പിട്ട് തറയിൽ ശക്തിയായി ചവിട്ടി നടന്നാൽ ഒരു പരിധിവരെ പാമ്പിന്റെ കടിയിൽ നിന്ന് രക്ഷനേടാം. പക കൊണ്ടുനടന്ന് ഉപദ്രവിക്കുന്ന ജീവിയല്ല പാമ്പ്.
ഇത്തരത്തിൽ നിരവധി മിഥ്യാധാരണകളാണ് പമ്പുകളെ ചുറ്രിപ്പറ്റിയുള്ളത്. വെളുത്തുള്ളി ചതച്ചിട്ടാൽ പാമ്പിനെ തുരത്താം എന്ന് പറയുന്നതും തെറ്റാണ്. പാമ്പുകടിയേറ്റാൽ കടിയേറ്റയാളെ ഭയപ്പെടുത്താതെ സുരക്ഷിതമായ ഒരിടത്തേക്ക് ഇരുത്തുക. കടിയേറ്റവർ ഒരിക്കലും ഓടാൻ പാടില്ല. ഓടിയാൽ വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാൻ കാരണമാകും. രോഗിയെ കിടത്താനും പാടില്ല. കിടത്തണം എന്നാണെങ്കിൽ ചരിച്ച് മാത്രം കിടത്തുക. കടിയേറ്റ ഭാഗത്തെ വിഷം കലർന്ന രക്തം ഞെക്കിക്കളയുകയോ കീറി എടുക്കാനോ ശ്രമിക്കരുത്. കയറോ റോപ്പോ ഉപയോഗിച്ച് വലിഞ്ഞ് മുറുക്കി ഒരിക്കലും കെട്ടരുത്. രക്തയോട്ടം കുറയ്ക്കുന്ന രീതിയിൽ കെട്ടാം. വിഷം വായിലൂടെ വലിച്ചെടുക്കാൻ ശ്രമിക്കരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക. വൈദ്യന്മാരുടെ അടുത്തേക്ക് എത്തിച്ച് പരീക്ഷണത്തിന് നിൽക്കാതെ എത്രയും വേഗം ആന്റി സ്നേക് വെനം ഉള്ള ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ബിജു ആർ.നായർ അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പൽ ടി.എസ്. ഷൈജു, എസ്.എം.സി ചെയർമാൻ ബിനു പ്രകാശ്, ഹെഡ്മിസ്ട്രസ് വി.സജിത, പി.ടി.എ വൈസ് പ്രസിഡന്റ് ഷംനാർ, എം.പി.ടി.എ പ്രസിഡന്റ് ബിന്ദു, സ്റ്റാഫ് സെക്രട്ടറി അൻസർ, അദ്ധ്യാപകനായ സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]