തിരുവനന്തപുരം: തൃത്താലയിൽ അദ്ധ്യാപകനെ വിദ്യാർത്ഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പാലക്കാട് ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ബന്ധപ്പെട്ട വീഡിയോ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയെന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
സംഭവത്തിൽ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ സ്കൂൾ അദ്ധ്യാപകറോട് വിശദീകരണം തേടിയിരുന്നു. വീഡിയോ പുറത്തുവന്നതിൽ ഉൾപ്പടെയാണ് വിശദീകരണം തേടിയത്. വീഡിയോ പുറത്ത് വന്നത് എങ്ങനെയെന്ന് ബാലാവകാശ കമ്മിഷനും പരിശോധിക്കും. വിദ്യാർത്ഥിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് തെറ്റാണെന്ന രീതിയിൽ വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് റിപ്പോർട്ട് തേടിയത്. എന്തിനാണ് വീഡിയോ ചിത്രീകരിച്ചത്, ആരാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് എന്ന ചോദ്യങ്ങൾക്ക് സ്കൂൾ അദ്ധ്യാപകർ മറുപടി നൽകേണ്ടിവരും. ഫ്രെബുവരി ആറിന് സ്കൂളിൽ ബാലാവകാശ കമ്മിഷൻ സന്ദർശനം നടത്തും.
മൊബൈൽ ഫോൺ പിടിച്ചുവച്ചതിനാണ് അദ്ധ്യാപകർക്കുനേരെ പ്ളസ് വൺകാരൻ കൊലവിളി നടത്തിയത്. പാലക്കാട് ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പ്രധാന അദ്ധ്യാപകന്റെ മുറിയിലിരുന്നായിരുന്നു ഭീഷണി. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ല. അത് ലംഘിച്ച് സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവന്നതിനെ തുടർന്ന് അദ്ധ്യാപകർ ഫോൺ പിടിച്ചുവയ്ക്കുകയായിരുന്നു. ഫോൺ വാങ്ങിയതിൽ വിദ്യാർത്ഥി അദ്ധ്യാപകനുമായി പ്രശ്നമുണ്ടാക്കി. തുടർന്നാണ് പ്രധാന അദ്ധ്യാപകന്റെ മുറിയിലേക്കു വിളിപ്പിച്ചത്. അവിടെ വച്ചാണ് വിദ്യാർത്ഥി അദ്ധ്യാപകനെ തീർക്കുമെന്നും കൊല്ലുമെന്നുള്ള തരത്തിൽ ഭീഷണിയുയർത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]