തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടിൽ കഴുത്തിൽ കുത്തേറ്റ് യുവതി മരിച്ച സംഭവത്തിൽ പ്രതി ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്തി. ചിറയിൻകീഴ് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് യുവതിയുടെ സ്കൂട്ടർ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം പ്രതി യുവതിയുടെ സ്കൂട്ടറുമായി ഇവിടെയെത്തി ട്രെയിനിൽ രക്ഷപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. റെയിൽവെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് സ്കൂട്ടർ വച്ചിരുന്നത്. വാഹനം ഇന്ന് പൊലീസ് പരിശോധിക്കും.
പെരുമാതുറയിൽ ഇയാൾ താമസിച്ച വീട് പൊലീസ് കണ്ടെത്തി.തിങ്കളാഴ്ച വൈകിട്ട് ഇവിടെനിന്നും മടങ്ങിയ ഇയാൾ പിന്നെ വന്നില്ല. ദിവസങ്ങൾക്ക് മുൻപാണ് ഇവിടെ ഇയാൾ വാടകയ്ക്കെടുത്തത്. വീട്ടിലും ഇന്ന് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. നാല് സംഘമായാണ് കേസിൽ അന്വേഷണം. തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലും , ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സംഘവും, ഡാൻസാഫ്, കഠിനംകുളം-ചിറയിൻകീഴ് പൊലീസ് എന്നിങ്ങനെയാണ് കേസ് അന്വേഷിക്കുന്നത്.
കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയായ വെഞ്ഞാറമൂട് ആലിയാട് പ്ളാവിള വീട്ടിൽ ആതിര (30)യാണ് ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ കൊല്ലപ്പെട്ടത് .ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ എറണാകുളം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
ഇന്നലെ രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിലേക്ക് പോയ രാജീവ് രാവിലെ 11.30ന് മടങ്ങി എത്തിയപ്പോഴാണ് ആതിര മരിച്ച് കിടക്കുന്നത് കണ്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ് രക്തംവാർന്ന നിലയിലായിരുന്നു . യുവതിയുടെ സ്കൂട്ടറും കാണാതായിരുന്നു. രാവിലെ എട്ടരയ്ക്ക് ആതിര കുട്ടിയെ സ്കൂളിലേക്ക് വിടുന്നത് കണ്ടതായി സമീപവാസികൾ പൊലീസിന് മൊഴി നൽകി. അതിനാൽ 8.30നും 11.30നും ഇടയിലാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. എന്നാൽ വീട്ടിൽ ആരെങ്കിലും വരുന്നതായി കണ്ടവരില്ല. പ്രതി മതിൽചാടിയാണ് വീട്ടിലേക്ക് എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇൻസ്റ്റഗ്രാം സുഹൃത്ത് ആതിരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രാജീവ് പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. യുവാവ് രണ്ടുദിവസം മുമ്പ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകവീടെടുത്തെന്ന് പൊലീസ് കണ്ടെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]