വാഷിംഗ്ടൺ: ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കുന്ന സൂചന നൽകി ട്രംപ് ഭരണകൂടം. ട്രംപ് പുതിയ പ്രസിഡന്റായി അധികാരമേറ്റശേഷം അമേരിക്ക നടത്തിയ ആദ്യ ഉഭയകക്ഷി ചർച്ച ഇന്ത്യയുമായിട്ടായിരുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സുമാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ജയ്ശങ്കർ അമേരിക്കയിലെത്തിയത്. അമേരിക്കയിലെ ഇന്ത്യൻ അംബാസഡറും ചർച്ചയിൽ പങ്കാളിയായി.
അധികാരത്തിൽ എത്തുന്ന പുതിയ അമേരിക്കൻ ഭരണകൂടം അയൽ രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ പ്രതിനിധികളുമായോ,അല്ലെങ്കിൽ ഏതെങ്കിലും നാറ്റോ സഖ്യരാജ്യത്തിൽ നിന്നുള്ള പ്രതിനിധികളുമായോ ആണ് സാധാരണ ആദ്യത്തെ ഉഭയകക്ഷി ചർച്ചകൾ നടത്തുന്നത്. ഇത്തവണ ആ പതിവ് തെറ്റിച്ചാണ് ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തിയത്. ഇത് ഇന്ത്യയുമായുള്ള ബന്ധം ഏറ്റവും വിലപ്പെട്ടതായി അമേരിക്ക കണക്കാക്കുന്നു എന്നതിനുള്ള തെളിവായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണവും പങ്കാളിത്തവുമായിരുന്നു ചർച്ചയിലെ പ്രധാനവിഷയം എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചർച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ ജയ്ശങ്കർ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. പ്രാദേശിക, ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ ഇരുരാജ്യങ്ങളും ചർച്ചയിൽ പങ്കുവച്ചുവെന്നാണ് അദ്ദേഹം കുറിച്ചത്. ട്രംപിന്റെ സ്ഥാനാരോഹരച്ചടങ്ങിനെത്തിയ ക്വാഡ് രാജ്യങ്ങളിലെ ( ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാൻ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തെക്കുറിച്ചും അദ്ദേഹം എക്സിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആദ്യവട്ടം പ്രസിഡന്റായപ്പോൾ ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ട്രംപ് ഏറെ അടുപ്പം സൂക്ഷിച്ചിരുന്നു. ആ പതിവ് ഇത്തവണയും ആവർത്തിക്കുമെന്നാണ് ഇപ്പോഴത്തെ നടപടിയിൽ നിന്ന് വ്യക്തമാക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.