സംവിധായകനായി ഷങ്കർ, നായകനായി രാംചരൺ തേജ. ഗെയിം ചേഞ്ചർ എന്ന ബിഗ് ബജറ്റ് ചിത്രം ബോക്സോഫീസ് പിടിക്കാനെത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു. ആദ്യദിവസംതന്നെ ഇന്ത്യയിൽ നേടിയത് 51 കോടി രൂപ. എന്നാൽ തൊട്ടടുത്ത ദിവസംമുതൽ കാര്യങ്ങൾ തകിടം മറിഞ്ഞു. തട്ടിയും മുട്ടിയും 100 കോടി കടന്ന ചിത്രം നിർമാതാവിനുണ്ടാക്കിയത് കനത്ത നഷ്ടമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
450 കോടി മുതൽമുടക്കിലാണ് ഗെയിം ചേഞ്ചർ ഒരുക്കിയതെന്നാണ് ഓഡിയോ ലോഞ്ചിനിടെ നിർമാതാവായ ദിൽ രാജു പറഞ്ഞത്. ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക്ക് പുറത്തുവിട്ട കണക്കനുസരിച്ച് റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ ഗെയിം ചേഞ്ചർ നേടിയത് 127 കോടിയാണ്. ചിത്രം അടുത്തയാഴ്ചയോടെ തിയേറ്ററുകൾ വിടുമെന്നും ഇതിലൂടെ നിർമാതാവിനുണ്ടാവുന്ന നഷ്ടം 200 കോടിയോളമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷങ്കർ സംവിധാനം ചെയ്ത് കഴിഞ്ഞവർഷം റിലീസായ ഇന്ത്യൻ 2 തിയേറ്ററുകളിൽ പരാജയമേറ്റുവാങ്ങിയിരുന്നു.
അതേസമയം ഗെയിം ചേഞ്ചർ ഉണ്ടാക്കിയ നഷ്ടം നികത്താൻ ദിൽ രാജുവിനുവേണ്ടി രാം ചരൺ ഒരു ചിത്രം ഉടൻ ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. ഈ ചിത്രത്തിനായി താരം പ്രതിഫലം കുറയ്ക്കുമെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ബുച്ചി ബാബു സന സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് രാംചരൺ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്പോർട്സ് ഡ്രാമയായൊരുങ്ങുന്ന ചിത്രത്തിൽ ജാൻവി കപൂറാണ് നായിക.
കമൽ ഹാസൻ നായകനാവുന്ന ഇന്ത്യൻ-3 ആണ് ഷങ്കറിന്റേതായി വരുന്ന പുതിയ ചിത്രം. ഇതിനുശേഷം മൂന്നു ഭാഗങ്ങളിലായൊരുങ്ങുന്ന വേൾപ്പാരി എന്ന ചിത്രത്തിന്റെ ജോലികളിലേക്ക് അദ്ദേഹം കടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]