പയ്യന്നൂർ: “ജീ ജാൻ ലഗൻസേ, ആഗേ ബഡോഗേ,
അസൈനിക് കർമി ഹമാരി ഷാൻ,
നൗസേന ഹീ ഹേ ഹമാരി ജാൻ….”
അങ്ങനെ ഇന്ത്യൻ നാവികസേനയിൽ ജോലിചെയ്യുന്ന സിവിലിയൻ ജീവനക്കാർക്കായി ആദ്യമായി ഒരു ഗാനമിറങ്ങി. ഈ ഹിന്ദി ഗാനമെഴുതിയത് മലയാളി. സംഗീതം നല്കിയതും മലയാളി. ഇരുവരും-ഏഴിമല നാവിക അക്കാദമിയിലെ ശാസ്ത്രവിഭാഗത്തിലെ സിവിലിയൻ ഉദ്യോഗസ്ഥർ. “നമ്മുടെ ആത്മാവും ഉയിരും നല്കി നാവികസേനയെ ഇനിയും മുന്നോട്ട് നയിക്കും. നാവികസേനയിലെ സിവിലിയന്മാർ അഭിമാനമാണ്”- എന്നാണ് ആദ്യഭാഗത്തിന്റെ അർഥം.
തിരുവനന്തപുരം കരുമം സ്വദേശിയും നാവിക അക്കാദമിയിലെ സീനിയർ സയന്റിഫിക് ഉദ്യോഗസ്ഥനുമായ ടി.ആർ.ശ്രീകാന്താണ് ഗാനം എഴുതിയത്. എറണാകുളം മൂത്തകുന്നം സ്വദേശിയും അക്കാദമിയിലെ സയന്റിഫിക് ഉദ്യോഗസ്ഥനുമായ ടി.ആർ.ഋതുൽ മോഹൻ സംഗീതം പകർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് ഗാനം പ്രകാശനം ചെയ്തത്. പ്രതിരോധ മന്ത്രി ഇരുവരെയും അഭിനന്ദിച്ചു.
2024 ഇന്ത്യൻ നാവികസേന സിവിലിയൻ വർഷമായി ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഹിന്ദിയിലുള്ള ഗാനം തയ്യാറാക്കിയത്. ഇതിനായി നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർ ഇരുവരോടും നിർദേശിക്കുകയായിരുന്നു. നാവികസേനയോട് സിവിലിയൻ ജീവനക്കാർക്കുള്ള കൂറും കടപ്പാടും ഉത്തരവാദിത്വവും ധ്വനിപ്പിക്കുന്നതാണ് ഗാനം. മുംബൈയിലെ നേവൽ ഡോക് യാർഡിലെ സിവിലിയന്മാരായ ഗായകരാണ് പാടിയത്.
ശ്രീകാന്ത് 15 വർഷമായി നാവികസേനയിൽ ജോലിചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ കവിതകളും ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഋതുൽ മോഹൻ സംഗീതസംവിധായകൻ ജെറി അമൽദേവിന്റെയും ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രിയദർശിനി കുൽക്കർണിയുടെയും ശിഷ്യനാണ്. ഒട്ടനവധി ഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്. ഏഴുവർഷമായി നാവികസേനയിൽ ജോലിചെയ്യുന്നു. ഇരുവരും ഇപ്പോൾ പയ്യന്നൂരിലാണ് താമസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]