ഫരീദാബാദ്: ലക്ഷങ്ങൾ വിലമതിക്കുന്ന മുടിശേഖരം മോഷണം പോയി. ദൗലത്താബാദിലെ വിഗ്ഗ് വ്യവസായിയായ രഞ്ജിത് മണ്ഡലിന്റെ വീട്ടിൽ നിന്നാണ് ഏഴ് ലക്ഷം വിലമതിപ്പുളള 150 കിലോഗ്രാം മുടിശേഖരവും 2.13 ലക്ഷം രൂപയും കവർന്ന് പ്രതികൾ മുങ്ങിയത്. ജനുവരി 14ന് പുലർച്ചെ രണ്ടരയോടെയായിരുന്നു മോഷണം. വ്യവസായിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികൾ ഗോവണി മാർഗമാണ് വീട്ടിനുളളിലേക്ക് പ്രവേശിച്ചതെന്നും തുടർന്ന് ബലം പ്രയോഗിച്ച് വാതിലിന്റെ പൂട്ട് തകർക്കുകയായിരുന്നുവെന്നും രഞ്ജിത്തിന്റെ പരാതിയിൽ പറയുന്നു. വിഗ്ഗും ഹെയർ എക്സറ്റൻഷനുകളും തയ്യാറാക്കുന്നതിനാവശ്യമായ മുടി വീട്ടിലായിരുന്നു സൂക്ഷിച്ചത്. പല സ്ഥലങ്ങളിൽ ഉളള സ്ത്രീകളിൽ നിന്ന് ശേഖരിച്ച മുടിയിഴകളാണ് ഉൽപ്പന്നങ്ങൾ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ഉൽപ്പന്നങ്ങൾക്ക് ആഭ്യന്തര- അന്താരാഷ്ട്ര വിപണികളിൽ വലിയ ഡിമാൻഡ് ഉണ്ടായിരുന്നു. ഇതോടെ തന്റെ വ്യവസായം നഷ്ടത്തിലായിരിക്കുകയാണെന്നാണ് പരാതിക്കാരൻ പറയുന്നത്.
രഞ്ജിത്തിന്റെ വീടിന് ചുറ്റുമുളള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. നാലംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എത്രയും വേഗം പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ ശർമ മാദ്ധ്യമങ്ങളെ അറിയിച്ചു. മോഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ പലതരത്തിലുളള ചർച്ചകൾ ഉണ്ടായിരിക്കുകയാണ്. മോഷ്ടാക്കൾക്ക് സ്വർണവും വെളളിയൊന്നും വേണ്ട, പകരം മുടി മതിയെന്നാണ് ഒരാൾ പരിഹസിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]