കോഴിക്കോട്: പിഞ്ചുകുഞ്ഞിനെ കടലിൽ എറിഞ്ഞുകൊന്ന കേസിലെ പ്രതി കുഞ്ഞിന്റെ അമ്മയായ കണ്ണൂർ സിറ്റി തയ്യിൽ കടപ്പുറത്ത് കൊടുവള്ളി ഹൗസിൽ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിച്ച നിലയിൽ ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യാശ്രമം നടത്തിയത്. കൂടെ മറ്റാരുമില്ലായിരുന്നുവെന്നാണ് വിവരം. കേസിൽ തളിപ്പറമ്പ് കോടതിയിൽ ഇന്ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യാശ്രമം.
2020 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിന്റെ ജഡം കടൽ ഭിത്തിയിലെ കരിങ്കല്ലുകൾക്കിടയിൽ കണ്ടെത്തുകയായിരുന്നു. ശരണ്യയുടെ മകൻ വിയാനാണ് (ഒന്നര) കൊല്ലപ്പെട്ടത്. കുഞ്ഞിനെ കൊന്ന ശേഷം കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവച്ച് കാമുകനൊപ്പം സുരക്ഷിതമായി ജീവിക്കാനായിരുന്നു പദ്ധതിയെന്നാണ് ശരണ്യ പൊലീസിന് മൊഴി നൽകിയത്.
പ്രണവിനും ശരണ്യയ്ക്കും ഒപ്പം കിടന്ന കുഞ്ഞിനെ രാവിലെയാണ് തയ്യിൽ കടപ്പുറത്ത് മരിച്ചനിലയിൽ കാണപ്പെട്ടത്. വല്ലപ്പോഴും മാത്രം വീട്ടിൽ വരാറുള്ള ഭർത്താവിനെ കുറ്റക്കാരനാക്കി രക്ഷപ്പെടാനുള്ള നീക്കത്തിനിടെയാണ് ശരണ്യ പിടിയിലാകുന്നത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിനെ കടലിലെറിഞ്ഞ് കൊല്ലാനായിരുന്നു ശരണ്യ പദ്ധതിയിട്ടത്. ശരണ്യയുടെ വസ്ത്രങ്ങൾ പരിശോധിച്ച ഫോറൻസിക് സംഘം ഉപ്പിന്റെ അംശം കണ്ടെത്തിയിരുന്നു. എന്നാൽ ആദ്യത്തെ ചോദ്യം ചെയ്യലിൽ ശരണ്യ കുറ്റം സമ്മതിച്ചിരുന്നില്ല.
കുഞ്ഞിനെ കൊല്ലാനായി പല ദിവസങ്ങളിലായി അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു. ശരണ്യയുടെ പിതാവുമായി അകന്ന പ്രണവ് ഭാര്യാപിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലാണ് വീട്ടിൽ വരാറുള്ളത്. ഈ സമയം തന്നെ കൊലപാതകത്തിനു ശരണ്യ തിരഞ്ഞെടുക്കുകയായിരുന്നു.
ഭർത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോൾ വായ് കൈകൾ കൊണ്ട് പൊത്തിവച്ചു. കടലിൽ എറിയാൻ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടൽഭിത്തിയിൽ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നു വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ കാണാതായെന്നു കാണിച്ച് പ്രണവ് കണ്ണൂർ സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. തയ്യിൽ കടപ്പുറം റോഡിൽ പാറക്കൂട്ടത്തിനിടയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെറ്റിയിലും കൈയിലും മുറിവുകളുണ്ടായിരുന്നു. രക്ഷിതാക്കളുടെ കൂടെ കിടന്നുറങ്ങിയ കുഞ്ഞ് അവരറിയാതെ എവിടെയും പോകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആദ്യം മുതൽ അന്വേഷണ ഉദ്യോഗസ്ഥർ. കൊലയ്ക്കു പിന്നിൽ ഭർത്താവാണെന്ന് ശരണ്യയും ശരണ്യയാകാം കൊലപ്പെടുത്തിയതെന്ന് പ്രണവും പൊലീസിനോടു പറഞ്ഞത് പൊലീസിനെ കുഴപ്പിച്ചു. ശരണ്യയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിനെ പ്രതിയിലേയ്ക്ക് എത്തിച്ചത്. കേസിൽ ശരണ്യയുടെ കാമുകനായ കണ്ണൂർ വാരം പുന്നക്കൽ ഹൗസിൽ നിധിനും (28) അറസ്റ്റിലായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും പ്രേരിപ്പിക്കുകയും ചെയ്തത് നിധിനാണെന്നു പൊലീസ് പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]